കണ്ണുർ: ബീമാപള്ളി വെടിവയ്‌പ്പ് ഇതിവൃത്തമാക്കി ചിത്രീകരിച്ച മാലിക്ക് സിനിമയെ ചൊല്ലി ബിജെപിയിൽ അഭിപ്രായ ഭിന്നത. മാലിക്കിനെതിരെ അതിരൂക്ഷമായ വിമർശനം ഒരു വിഭാഗം ബിജെപി നേതാക്കളുയർത്തുമ്പോൾ വാനോളം പുകഴ്‌ത്തുകയാണ് പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷരിലൊരാജയ എ.പി.അബ്ദുള്ളക്കുട്ടി.

ഫഹദ് ഫാസിൽ നായകനായ മാലിക് സിനിമയെ പുകഴ്‌ത്തി അബ്ദുള്ളക്കുട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ രംഗത്തുവന്നത് ബി.ജെപിയിൽ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സമീപകാലത്ത് കണ്ട ഉഗ്രൻ സിനിമയാണ് മാലികെന്നും സംവിധായകൻ മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്നും അബ്ദുല്ലക്കുട്ടി രേഖപ്പെടുത്തുന്നു.

ഫഹദ് ഫാസിലിനെ വാനോളം പുകഴ്‌ത്തിയാണ് അബ്ദുല്ലക്കുട്ടി ഫേസ്‌ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫഹദ് ഉണ്ടെങ്കിൽ ആ സിനിമ സംവിധായന്റെയും, ഫഹദിന്റെയും സംയുക്ത കലയാണ്. ഫഹദ് തന്റെ സിനിമകളിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാ നടൻ മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

ചന്ദനംചാരിയാൽ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ചിത്രത്തിൽ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും നിമിഷ മുതൽ തന്റെ നാട്ടുകാരനായ അമൽ വരെ മാലികിലൂടെ മലയാള സിനിമക്ക് ഒരു മുതൽ കൂട്ട് തന്നെയാണെന്നും അബ്ദുല്ലക്കുട്ടി എഴുതുന്നു.എന്നാൽ മാലിക്കിനെ അതിനിശിതമായി വിമർശിക്കുന്നത് തുടരുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ.

വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്‌നാം കോളനി എന്ന ചിത്രമൊക്കെ വെച്ചു നോക്കുമ്പോൾ മാലിക്കിന്റെ ആർട്ട് വർക്ക് പരമ ദയനീയമാണ് എന്നാണ് സന്ദീപ് പറയുന്നത്. നിമിഷ സജയന്റെ അഭിനയത്തെയും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

'ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നുവെന്നായിരുന്നു സന്ദീപിന്റെ പരിഹാസം' മാലിക്ക് സിനിമ ചരിത്രത്തെ വക്രീകരിച്ചതാണെന്ന ആരോപണവുമായി ചില മുസ്ലിം സാമുദായിക സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.