മുംബൈ: ബോളിവുഡിലെ താരജോഡികളായ മലൈകയും അർജ്ജുൻ കപുറും വേർപിരിയുന്നുവെന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡിലെ ചർച്ച വിഷയം.എന്നാൽ ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരങ്ങൾ.മലൈകയ്ക്ക് ഒപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നും ഫോട്ടോ പങ്കുവച്ച് അർജുൻ കുറിച്ചു.

മുൻ ഭർത്താവ് അർബാസ് ഖാനുമായി 2017ൽ ബന്ധം വേർപെടുത്തിയ ശേഷം തന്നെക്കാൾ പ്രായവ്യത്യാസമുള്ള നടൻ അർജുൻ കപൂറുമായുള്ള ബന്ധം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തയാളാണ് മലൈക. 48കാരിയാണ് മലൈക, 36 വയസാണ് അർജുന്. നാല് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലി പല തരത്തിലുള്ള വിമർശനങ്ങളാണ് താരങ്ങൾ നേരിട്ടത്.

'നാൽപ്പതുകളിലും പ്രണയം കണ്ടെത്തുന്നത് സാധാരണമാണെന്ന് മലൈക പ്രതികരിച്ചു.നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്. നടി എന്നതിന് പുറമെ നർത്തകി , അവതാരക, മോഡൽ എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക.