മോസ്‌കോ: റഷ്യയിലെ സൈബീരിയയിൽ ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാർക്കിലുണ്ടായ തീപ്പിടിത്തത്തിൽ നൂറിലേറെപ്പേർ വെന്തുമരിച്ചു. കുട്ടികളടക്കം ഒട്ടേറെപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. 35 പേരുടെ മരണമാണ് അധികൃതർ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും മരണസംഖ്യ നൂറിലേറെയാണെന്നാമ് സൂചന. തീയിൽനിന്ന് രക്ഷപ്പടുന്നതിനായി മാളിൽനിന്ന് താഴേക്ക് ചാടിയവരും മരിച്ചവരിൽപ്പെടുന്നു.

സൈബീരിയയിലെ കെമെറോവോയിലുള്ള ഷോപ്പിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. കുട്ടികളുടെ കളിസ്ഥലത്താണ് തീപിടിച്ചത്. സ്‌പോഞ്ച് പോലെ എളുപ്പം തീപിടിക്കുന്ന വസ്തു ദുരന്തത്തിന്റെ വ്യാപ്തികൂട്ടി. ഇനിയും കണ്ടുകിട്ടാനുള്ള 69 പേരിൽ 40-ഓളം കുട്ടികളുണ്ടെന്നാമ് സൂചന. മാളിലെ സിനിമാഹാളിൽനിന്ന് മാത്രം 13 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.

അഞ്ചുമണിക്കൂറോളം നേരം ഷോപ്പിങ് സെന്റർ നിന്നുകത്തി. രക്ഷാപ്രവർത്തകർക്കുപോലും ആദ്യം ഉള്ളിലേക്ക് കടക്കാനാകാതിരുന്നത് മരണസംഖ്യ കൂട്ടാനിടയാക്കി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. തിരക്കേറിയ സമയത്തുണ്ടായ അപകടത്തിൽ മരണസംഖ്യ ഇപ്പോഴത്തേതിലും ഉയരാനിടയുണ്ടെന്നും കരുതുന്നു. റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇത്.

സ്‌പോഞ്ചുപോലുള്ള വസ്തു ഏറെയുള്ള ഭാഗത്ത് ഒരു കുട്ടി സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് കളിച്ചതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ട്രാംപൊലീൻ മുറിയിൽനിന്നാണ് തീ പിടിച്ചതെന്ന് ഡപ്യൂട്ടി ഗവർണർ വ്‌ളാദിമിർ ചെർനോവ് പറഞ്ഞു. അധികൃതർക്ക് ദുരന്തത്തിന്റെ വ്യാപ്തി ആദ്യം മനസ്സിലായില്ലെന്ന ആരോപണവുമുണ്ട്. രക്ഷാപ്രവർത്തനം വൈകിയതും സ്ഥിതി വഷളാക്കുകയായിരുന്നു.

കുട്ടികളുടെ കളിസ്ഥലം നിന്നിരുന്ന നാലാമത്തെ നിലയിലേക്ക് രക്ഷാപ്രവർത്തകർക്ക് വൈകിയാണ് എത്താനായത്. അഗ്നിബാധയിൽപ്പെട്ട് എത്രപേരാണ് യഥാർഥത്തിൽ മരിച്ചതെന്ന് തിട്ടപ്പെടുത്തുകപോലും പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്.. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ അനുശോചനം അറിയിച്ചു.

വൈകിട്ട് നാലുമണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് കരുതുന്നത്. ദുരന്തത്തിൽപ്പെട്ട വൈക എന്ന 12-കാരി വീട്ടിലേക്ക് വിളിച്ച് തനിക്കുചുറ്റും പുകനിറഞ്ഞിരിക്കുകയാണെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്. വാതിലടിച്ചിരിക്കുകയാണെന്നും തനിക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്നുമാണ് കുട്ടി വിളിച്ചുപറഞ്ഞതെന്ന് ബന്ധു എവ്‌ഗെനിയ പറഞ്ഞു. പിന്നീട് കുട്ടിക്ക് എന്തുസംഭവിച്ചുവെന്നും വ്യക്തമല്ല.