ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിലൊന്നായ മല്ലപ്പള്ളി സംഗമം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട്. സംഗമ അംഗങ്ങളുടെ കാരുണ്യത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്നു തെളിയിച്ചുകൊണ്ടു ഈ കോവിഡ് മഹാമാരിയുടെ സന്ദർഭത്തിലും വിവിധ ജീവകാരുണ്യ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

മല്ലപ്പള്ളി താലൂക്കിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നും രണ്ടു നഴ്‌സിങ് വിദ്യാത്ഥികളുടെ മുഴുവൻ പഠന ചെലവുകളും ഏറ്റെടുത്തു. രണ്ടു പേരുടെയും ആദ്യ വർഷ ഫീസിനുള്ള ധനസഹായം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തുവെന്നു ഭാരവാഹികൾ അറിയിച്ചു.

മല്ലപള്ളിയിലെ കാരുണ്യ നിലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ മഹാമാരിയുടെ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചപ്പോൾ മല്ലപ്പള്ളി സംഗമം ഒരു ലക്ഷം രൂപ ധനസഹായം നൽകി സഹായിച്ചു. അതോടൊപ്പം ഈ വർഷം മല്ലപ്പള്ളിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടിയ രണ്ടു ഹൃദയ വൃക്ക രോഗികൾക്ക് അമ്പതിനായിരം രൂപ വീതം നൽകി സഹായിക്കുവാൻ കഴിഞ്ഞുവെന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു.

സംഗമത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി സഹായിക്കുന്ന എല്ലാ അംഗങ്ങളോടും പ്രസിഡണ്ട് ചാക്കോ നൈനാൻ, സെക്രട്ടറി റെസ്ലി മാത്യു, ട്രഷറർ സെന്നി ഉമ്മൻ എന്നിവർ നന്ദി അറിയിച്ചു.

മല്ലപ്പളി സംഗമത്തിന്റെ അടുത്ത കുടുംബ സംഗമം താങ്ക്‌സ്ഗിവിങ് ആഴ്ചയിൽ പെയർലാൻഡിലെ പാർക്കിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപെടുമെന്നും കൂടുതൽ വിവരങ്ങൾ വാട്‌സ്ആപ് ഗ്രൂപ്പ് വഴി അറിയിക്കുമെന്നും സെക്രട്ടറി റെസ്ലി മാത്യു അറിയിച്ചു.