വാടകനല്കാത്തതിനിൽ ഫ്‌ളാറ്റിൽ നിന്ന് ഇറക്കിവിട്ടെന്ന വാർത്തകൾ നിഷേധിച്ച് മല്ലികാ ഷെരാവത്ത്. വാടകക്കുടിശികയുടെ പേരിൽ മല്ലികയെയും ഭർത്താവ് സിറിൽ ഓക്‌സൻഫാൻസിനെയും പാരിസിലെ ഫ്‌ളാറ്റിൽ നിന്ന് കുടിയൊഴിപ്പിച്ചുവെന്നാണ് കുറച്ച് ദിവസങ്ങളായി പ്രചരിച്ച വാർത്ത. എന്നാൽ ഈ വാർത്ത തീർത്തും വ്യാജമെന്നാണ് നടിയുടെ പക്ഷം.

.എനിക്ക് പാരീസിൽ സ്വന്തമായോ വാടകയ്‌ക്കോ അങ്ങനെയൊരു ഫ്‌ളാറ്റില്ല. ഞാൻ പാരീസിലല്ല താമസവും. മുംബയിലാണ് ഇപ്പോൾ താമസിക്കുന്നത്. അതിന് മുൻപ് ലോസാഞ്ചല സിലായിരുന്നു. ഇക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വേണമെങ്കിൽ എന്റെ ഇൻസ്റ്റഗ്രാമോ ട്വിറ്റർ അക്കൗണ്ടോ പരിശോധിക്കാം.എനിക്ക് ഒരു ഫ്‌ളാറ്റ് സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിൽ ദയവു ചെയ്ത് അതിന്റെ വിലാസം ഒന്ന് അയച്ചുതരണമെന്നും മല്ലിക പറഞ്ഞു. മാധ്യമങ്ങൾ പറയുന്നത് പോലെ ഫ്രഞ്ചുകാരനായ സിറിൽ തന്റെ ഭർത്താവല്ല, സുഹൃത്ത് മാത്രമാണെന്നും മല്ലിക വിശദീകരിച്ചു.

പാരിസിലെ സിക്സ്റ്റീൻത് അറോഡിസെസ്സമെന്റ് ഏരിയയിലെ ഫ്‌ളാറ്റിൽ താമസിച്ച വകയിൽ എൺപതിനായിരം യൂറോ (64 ലക്ഷം രൂപ) കുടിശിക വരുത്തിയതിനെ തുടർന്നാണ് ഇവരെ ഇറക്കിവിട്ടതെന്നായിരുന്നു വാർത്ത. കഴിഞ്ഞ വർഷം ഇതേ ഫ്‌ളാറ്റിൽ വച്ച് മല്ലിക ആക്രമിക്കപ്പെട്ടതായി വാർത്ത ഉണ്ടായിരുന്നു. ഈ ആക്രമണത്തിനുശേഷം ഇവർ ഫ്‌ളാറ്റ് ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഫ്‌ളാറ്റ് ഉടമസ്ഥൻ പറയുന്നു. കുറച്ചു കാലങ്ങളായി ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുംപ്രശ്‌നങ്ങൾ പരിഹരിച്ചശേഷം വാടക നൽകാമെന്നാണ് അവർ പറയുന്നതെന്നുമാണ് ഉടമസ്ഥൻ പറയുന്നത്.