- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവമന്ത്രിയിൽ ഇടതുമുന്നണിക്ക് അഭിമാനിക്കാം; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് മല്ലിക സുകുമാരൻ; ഇങ്ങനെയുള്ള ഭരണാധികാരികളോട് സ്നേഹവും ആദരവും തോന്നുന്നതെന്നും കുറിപ്പ്
തിരുവനന്തപുരം: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് നടി മല്ലികാ സുകുമാരൻ. ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാമെന്നായിരുന്നു മല്ലികാ സുകുമാരന്റെ പ്രതികരണം. ഇങ്ങനെയുള്ള ഭരണാധികാരികളോട് അഭിമാനം തോന്നുന്നതെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മല്ലികാ സുകുമാരന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം
ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല..നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.. ജനഹിതം അനുസരിച്ച് നിർഭയം അവ നടപ്പിലാക്കുക.... അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും ... ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങൾ ശ്രീ.മൊഹമ്മദ് റിയാസ്...
കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന നിപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കി മുഹമ്മദ് റിയാസ് ഇന്നും രംഗത്തെത്തിയിരുന്നു. 'എംഎൽഎമാർക്ക് ഏതൊരു വിഷയത്തിലും മന്ത്രിയെ കാണാം. ആ നിലപാട് എടുക്കുന്നൊരാളാണ് ഞാൻ. ഇടതുപക്ഷത്തിന്റെ സമീപനം അതാണ്. സ്വന്തം മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവർത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ എംഎൽഎമാർക്ക് മന്ത്രിയെ കാണാം. എന്നാൽ മറ്റൊരു മണ്ഡലത്തിലെ പ്രവർത്തിയുമായി ബന്ധപ്പെട്ട് ആ മണ്ഡലത്തിന്റെ പ്രതിനിധിയല്ലാത്ത എംഎൽഎ വരേണ്ടതില്ല.', എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
പരാമർശത്തിൽ തനിക്കെതിരെ എഎൻ ഷംസീർ ഉൾപ്പെടെയുള്ള എംഎൽഎമാർ വിമർശനം ഉയർത്തിയെന്ന തരത്തിലുള്ള വാർത്തകളും റിയാസ് തള്ളിയിരുന്നു. 'ഖേദം പ്രകടിപ്പിച്ചു എന്നൊക്കെ വ്യാപകമായി ഒരുപോലെ മാധ്യമങ്ങളിൽ വാർത്ത വന്നു. എംഎൽഎമാരുടെ യോഗത്തിൽ അത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. ഞാൻ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞിട്ടുള്ള കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ്. അത് എല്ലാ കരാറുകാർക്കുമെതിരെയല്ല, കരാറുകാരുടെ പ്രശ്നത്തിൽ ഉറച്ചുനിൽക്കുകയാണ്. കരാറുകാർ അവരുടെ പ്രശ്നങ്ങൾ നേരിട്ട് വന്നു പറയാം. അല്ലാത്ത പ്രവണതയാണ് ചൂണ്ടികാട്ടിയത്. പറഞ്ഞതിൽ നിന്നും ഒരടി പിന്നോട്ട് പോകില്ല. ഉറച്ച് നിൽക്കും.' എന്നായിരുന്നു റിയാസിന്റെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ