തിരുവനന്തപുരം: മലയാള സിനിമ ചരിത്രത്തിനോടൊപ്പം തന്നെ സഞ്ചരിച്ച അപൂർവ്വം സ്ത്രീ പ്രാധിനിത്യങ്ങളിൽ ഒരാളാണ് മല്ലിക സുകുമാരൻ.അഭിനേത്രിയായും നടന്റെ ഭാര്യയായും പിന്നിട് നടന്മാരുടെ അമ്മയായുമൊക്കെ സമ്പന്നമായ മലയാള സിനിമ ചരിത്രത്തിനൊപ്പം മല്ലിക സുകുമാരൻ എന്ന പേരും സഞ്ചരിച്ചു.ഇന്ന് ടെലിവിഷൻ ചാനലുകളിലെ നിറസാന്നിദ്ധ്യം കൂടിയായിമാറി ഇന്നത്തെ തലമുറയ്‌ക്കൊപ്പവും സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട മല്ലിക ചേച്ചി.സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിലുടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മല്ലിക സുകുമാരൻ സിനിമാദിക്കിനോട് മനസ് തുറക്കുന്നു.

എനിക്ക് സത്യമെന്നും ശരിയെന്നും തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്ന ഒരു പ്രകൃതമാണ് എന്റെത്.അങ്ങിനെ തുറന്ന് പറഞ്ഞാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഓർത്ത് പറയാതിരുന്നാൽ അത് ഞാൻ അല്ലാതാകും.എന്നിട്ടും എന്നെ ഈ അഭിമുഖത്തിനായി ക്ഷണിച്ചതിൽ സന്തോഷമെന്നും അറിയിച്ചാണ് അഭിമുഖത്തിനായി മല്ലിക സുകുമാരൻ തയ്യാറായത്.

തന്റെ രാഷ്ട്രീയത്തെക്കുറിച്ചും മക്കളുടെ നിലപാടുകളിൽ വിമർശിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ചുമാണ് ഒന്നാം ഭാഗത്തിൽ മല്ലിക സുകുമാരൻ സംസാരിക്കുന്നത്. തങ്ങളുടെ ഓർമ്മയിലൊന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ രിതികൾ ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.ചന്ദനക്കുറി തൊട്ടാൽ സംഘിയാവുന്നതൊന്നുമായിരുന്നില്ല നാട്ടിലെ സ്ഥിതി.മാത്രമല്ല ആർഎസ്എസ്‌കാർ മാത്രമാണ് നാട്ടിൽ എല്ലാവരെയും കൊല്ലുന്നതെന്ന് കേരളത്തിലുള്ളവരോട് ആരാ പറഞ്ഞതെന്നും അവർ ചോദിക്കുന്നു.മാത്രമല്ല കോൺഗ്രസ്സുകാരിയായ തനിക്ക് ഇന്നത്തെ കോൺഗ്രസ്സിന്റെ നിലയിൽ സങ്കടമുണ്ടെന്നും മല്ലി്ക പറയുന്നു.

ഒന്നാം ഭാഗം


സുകുമാരന്റെ ഭാര്യയായ മല്ലിക, അഭിനേത്രിയായ മല്ലിക, പ്രിഥ്വിയുടെയും ഇന്ദ്രന്റെയും അമ്മയായ മല്ലിക അതൊക്കെ കൂടാതെ ഇപ്പോൾ റിയാലിറ്റി ഷോകളിലെ ജഡ്ജായ മല്ലിക..ഇതിൽ ഏത് വേഷമാണ് കൂടുതൽ ആസ്വദിക്കുന്നത്?

ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ച് നടന്നത് സുകുമാരന്റെ ഭാര്യ മല്ലിക എന്ന പദവി തന്നെയാണ്.കാരണം ഷാജന് അറിയാം ഒരു ദുഃഖത്തിൽ നിന്ന് എന്നെ കരകയറ്റിക്കൊണ്ടുവന്നു. മല്ലിക ആഗ്രഹിക്കുന്നത് ഭർത്താവും കുട്ടികളും ഒക്കെയുള്ള ഒരു ജീവതമാണെന്ന് തിരിച്ചറിഞ്ഞ് അതെനിക്ക് സമ്മാനിച്ച ആളായിരുന്നു സുകുമാരൻ.അതിനപ്പുറം സന്തോഷമൊന്നും ഞാൻ ആഗ്രഹിച്ചിട്ടുമില്ല.. ആഗ്രഹിക്കുന്ന ആളുമല്ല.അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ആസ്വദിച്ച കാലം മിസിസ് സുകുമാരൻ തന്നെയായിരുന്നു.

ഒരു റഫ് ആൻഡ് ടഫ് ക്യാരക്ടറായിട്ടാണല്ലോ പൊതുവേ അറിയപ്പെടുന്നത്. അങ്ങിനെയാണോ യഥാർത്ഥത്തിൽ?

അയ്യോ ഒരിക്കലും അല്ല.. അത് കേരളത്തിലെ ജനങ്ങളോട് ചോദിച്ചാൽ മനസിലാകും.പക്ഷെ അത് എന്നോടുള്ള എതിൽപ്പല്ല.മറിച്ച് മക്കളോടുള്ള അസുയ എന്റെ പുറത്തിട്ടും ചിലർ കൊട്ടാൻ ശ്രമിക്കുന്നുണ്ട്.എനിക്ക് ഇട്ട് കൊട്ടുമ്പോൾ അത് മക്കൾ നന്നായി നോവുമെന്ന് എല്ലാവർക്കും അറിയാം.അപ്പൊ അവരെ ഒന്നു തളർത്താലോ എന്നു വച്ചാണ് എന്നെ ചിലപ്പോൾ കൊട്ടുന്നത്.പക്ഷെ ഇതിന്റെ സത്യാവസ്ഥ എന്തെന്നുവച്ചാൽ മക്കൾ രണ്ടുപേരും ഇതൊന്നും അറിയുന്നില്ല എന്നതാണ്.ഞാൻ പറയുമ്പോഴാണ് അവർ ഇതൊക്കെ അറിയുന്നത്.

എന്നാൽ എന്നെ സംബന്ധിച്ചാകട്ടെ ഈ വിഷയങ്ങളൊന്നും ബാധിക്കാറേയില്ല.കാരണം ഒരു വിഷയത്തെപ്പറ്റി എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ല.പറയുന്ന രിതിയും ഒരുപോലെ ആകണമെന്നില്ല.അവരുടെ ഭാഷയും രീതിയും ഒക്കെ അനുസരിച്ച് അവരുടെ സംസ്‌ക്കാരം നമുക്ക് മനസിലാക്കാം അത്രെ ഉള്ളു.പിന്നെ ഇന്നത്തെ കാലത്ത് വിമർശിക്കാനും തെറിപറയാനും പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ലല്ലോ.വെറുതെയെങ്കിലും വിമർശിക്കാം.മാത്രമല്ല ഇങ്ങനെ വിമർശിക്കുന്നതിലുടെ അവർക്ക് പബ്ലിസിറ്റി കിട്ടും എന്നൊരു തോന്നലും ഉണ്ട്.അതിലൊന്നും കാര്യമില്ല.

ഇപ്പോൾ പിന്നെ പഴയപോലല്ലോ ഒന്നും.നമ്മൾ ഇപ്പോ കോളേജിൽ ചടങ്ങിനൊക്കെ പോകുമ്പോൾ കുട്ടികളുടെ സംസാരം കേട്ടാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും.കാരണം ഇത്രയൊക്കെ അവർ ചിന്തിച്ചു കൂട്ടുന്നല്ലോ എന്നാണ്.ഈ വളർച്ച പക്ഷെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കാണുന്നുണ്ടോ എന്ന് സംശയമാണ്.കാണുന്നില്ലെങ്കിൽ അവർ കാണണം.കാരണം അല്ലെങ്കിൽ നാളെ അവർ പോലും ഉണ്ടാകില്ല.അവരോടുള്ള ബഹുമാനം പോയിട്ട് ആ പാർട്ടിയോടുള്ള ബഹുമാനം പോലും നഷ്ടപ്പെടും.എനിക്ക് തോന്നിയിട്ടുള്ളത് ഇന്നത്തെ രാഷ്ട്രീയക്കാർ ആദ്യം പഠിക്കേണ്ടത് ഒരോ വിഷയത്തെയും അതിന്റെ പ്രാധാന്യം അറിഞ്ഞ് മനസിലക്കി പ്രതികരിക്കാനാണ്.എന്തുകൊണ്ടോ അത് നടക്കുന്നില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചേച്ചി സോഷ്യൽ മീഡിയയിൽ സജീവമാണോ അതോ ആരെങ്കിലും പറയുമ്പോഴാണോ അറിയുന്നെ?

അങ്ങിനെ എപ്പോഴും ഫോളോ ചെയ്യുന്ന ആളല്ല ഞാൻ.. നോക്കാറുണ്ട്.പക്ഷെ ഭൂരിഭാഗവും മറ്റുള്ളവർ പറഞ്ഞാണ്് ശ്രദ്ധിക്കുന്നത്.പിന്നെ മാധ്യമങ്ങളെ ഞാൻ അങ്ങിനെ അടച്ച് കുറ്റം പറയില്ല.കാരണം അവർ ഉള്ളതുകൊണ്ട ഇത്രയെങ്കിലും ജനങ്ങൾ അറിയുന്നത്.അല്ലെങ്കിൽ ആര് അറിയാന..എങ്ങിനെ അറിയാന.എന്നുവച്ച് എല്ലാ മാധ്യമങ്ങളു സത്യം പറയുന്നു എന്ന് അർത്ഥമില്ല.മറിച്ച് പ്രതികരിക്കാൻ എങ്കിലും കാര്യങ്ങൾ നമ്മൾ അറിയുന്നത് മാധ്യമങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ്.

എനിക്ക് മാധ്യമങ്ങളോടുള്ള അപേക്ഷ നമ്മൾ ഒരു വാർത്ത കൊടുക്കുമ്പോ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ എപ്പോഴെങ്കിലും സത്യം പുറത്ത് വരുമ്പോൾ അത് ആമ മാധ്യമത്തിന് കൂടി ഗുണമല്ലേ എന്നാണ്.പക്ഷെ ഈ മത്സരലോകത്ത് നിങ്ങളുടെ പരിമിതിയും ഞാൻ തിരിച്ചറിയുന്നുണ്ട്.അങ്ങിനെയാണല്ലോ നിങ്ങൾ പ്രിഥ്വിക്കെതിരെ വാർത്ത നൽകിയത്( ചിരിക്കുന്നു)

പ്രിഥ്വി അതൊന്നും ശ്രദ്ധിക്കുന്ന ഒരാളല്ല.ഈ കാര്യത്തിലൊക്കെ അവൻ അച്ഛന്റെ പ്രകൃതമാണ്.എല്ലാവരോടും ഒരു സൗഹൃദം കാത്ത് സുക്ഷിക്കുന്ന രീതി.സുകുമാരനെക്കുറിച്ചും പണ്ട് പറഞ്ഞത് ഇത് പോലെയാണ് അഹങ്കാരിയാണ്...ആനയാണ് ചേനയാണ് എന്നൊക്കെ. പക്ഷെ മരിക്കുന്നത് വരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ.

സുകുമാരൻ ഒട്ടും റഫ് ക്യാരക്ടർ അല്ലായിരുന്നോ?

അല്ലേ അല്ല..ഒരു ഉദാഹരണം പറയാം.. ഉച്ചയുറക്കത്തിന്റെ സമയത്ത് ആരെങ്കിലും കാണാൻ വന്നാൽ ഞാൻ അവരോട് പറയും ഇന്നലെ രാത്രി ഷൂട്ട് ഒക്കെ കഴിഞ്ഞ് വെളുപ്പിനാ വന്നേ..കുറച്ച് നേരം ഉറങ്ങി പുറത്ത് പോയേക്കുവ.വൈകുന്നേരം വരും അപ്പോൾ ഞാൻ വിളിക്കാം എന്നു പറയും.അവർ അങ്ങിനെ പോവുകയും ചെയ്യും.പിന്നെ സുകുവേട്ടൻ ഉണർന്ന് കഴിഞ്ഞ് ഞാൻ ഇക്കാര്യം പറയുമ്പോൾ അദ്ദേഹം ചോദിക്കും അതെന്തിനാ അങ്ങിനെ പറഞ്ഞെ.. ഉറങ്ങുവാണ്.. ഇപ്പോൾ വിളിക്കണോ..അതൊ പിന്നെ മതിയോ എന്ന് ചോദിച്ചാൽ പോരെ എന്ന്.ഇതാണ് അദ്ദേഹത്തിന്റെ രീതി.നമ്മൾ മറ്റുള്ളവർക്ക് മുഷിവ് തോന്നാതിരിക്കാൻ ആരേയും വേദനിപ്പിക്കാത്ത നുണ പറയുമ്പോൾ അത് പോലും പറയുരതെന്നാണ് അദ്ദേഹത്തിന്റെ രീതി.

ഉള്ളത് ഉള്ളതുപോലെ പറയുന്ന ആ രിതി കുറച്ചൊക്കെ പ്രിഥ്വിന് കിട്ടിയിട്ടുണ്ട്.അവനും ചോദിക്കും എന്തിനാ അമ്മേ അങ്ങിനെ പറയുന്നത്.ഞാൻ പറയേണ്ടത് എന്റെ അഭിപ്രായമല്ലെ അല്ലാതെ പൊതുജനത്തിന്റെയോ മൈനോറിട്ടിയുടെയോ അല്ലലോ ഇതാണ് അവന്റെയും രീതി

മകന്റെ അഭിപ്രായം അമ്മയോട് ചോദിച്ചിട്ട് കാര്യമില്ല.എന്നാലും..ഒരു പ്രോ ലെഫ്റ്റ് ഇസ്ലാമിക് രീതിയിൽ നിന്നാണ് മകൻ സംസാരിക്കുന്നത്.എങ്ങിനെ അങ്ങിനെ ഒരു പശ്ചാത്തലം വന്നു?

അത് ചുമ്മാ തോന്നുന്നതാ എന്നാണ് എന്റെ അഭിപ്രായം.കാരണം രാജു സിനിമ സെലക്ട് ചെയ്യുന്നതിലാണ് ഈ ഒരു തർക്കം ഞാൻ അടുത്തകാലത്ത് കേൾക്കുന്നത്.പക്ഷെ അവൻ അങ്ങിനെയല്ല.ഇടക്കൊക്കെ വീട്ടിൽ വന്ന് നിൽക്കുമ്പോൾ നമുക്കറിയാലോ രാജു എങ്ങിനെയാ എന്ന്.പിന്നെ സിനിമയുടെ കാര്യത്തിലാണെങ്കിൽ അവൻ ചെയ്യാത്ത ഒരു റോൾ വരുമ്പോൾ അവൻ അത് തെരഞ്ഞെടുക്കും.അതാണ് രിതി.പലരും ഇതേ വിഷയം പറഞ്ഞ് എന്നെ വിളിക്കാറുണ്ട്.പ്രിഥ്വി എന്തിനാ അ റോൾ ചെയ്തു.. സംഭാഷണം പറഞ്ഞു എന്നൊക്ക .പക്ഷെ ഞാൻ പറയട്ടെ സിനിമയെ സിനിമയായി കണ്ടാൽ ആ പ്രശ്‌നം ഇല്ല.

സിനിമയിൽ മാത്രമല്ല പ്രിഥ്വിയുടെ അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളിലും ഒരു ഹിന്ദുവിരുദ്ധ രിതി എന്നൊരു അഭിപ്രായം ഉണ്ടല്ലോ?

ഹിന്ദുവിരുദ്ധാനാണെങ്കിൽ അവൻ ആദ്യം വെറുക്കേണ്ടത് എന്നെയല്ലെ..24 മണിക്കൂറും അമ്പലവും വഴിപാടുമൊക്കെയായി നടക്കുന്ന ആളല്ലേ ഞാൻ. അപ്പോ അതൊരിക്കലും ഇല്ല.ഞാൻ പറഞ്ഞതൊക്കെ എന്റെ കുഞ്ഞുങ്ങൾ ചെയ്യും.എന്റെ കൂടെ ക്ഷേത്രങ്ങളിൽ വരാറുണ്ട്.ചടങ്ങിൽ പങ്കെടുക്കാറുണ്ട്.അങ്ങിനെ എല്ലാം ഉണ്ട്.മാത്രമല്ല കടുത്ത വിശ്വാസി കൂടിയാണ് പ്രിഥ്വി.ഇപ്പോഴും നാട്ടിലെത്തിയാൽ മുടങ്ങാതെ ക്ഷേത്രദർശനം നടത്താറുണ്ട്.അച്ഛനെ പോലെ കാണുമ്പോ ഒരു പരുഷഭാവം തോന്നുന്നേ ഉള്ളു അങ്ങിനെ ഒന്നും അല്ല.ഷൂട്ടിന് പോകുമ്പോൾ സ്വന്തമായി വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാണ് ഇറങ്ങാറ്.അവൻ നിരീശ്വര വാദി എന്നൊക്കെയുള്ളത് തെറ്റായ ധാരണയാണ്.

എന്നാൽ മതത്തെക്കുറിച്ച് പറയുന്നത് അവന് ഇഷ്ടമല്ല.നമ്മൂടെ രാജ്യത്ത് മാത്രം എന്തിനാ ഇങ്ങനെ മതത്തെക്കുറിച്ച് പറയുന്നതെന്ന് അവൻ ചോദിക്കാറുണ്ട്.

സംഘപരിവാറിനെ ഇഷ്ടമല്ലെന്നുണ്ടോ?

സംഘപരിവാറിനെ അല്ല.അടുത്തിടെ ഞാനത് പറഞ്ഞിരുന്നു.. സുകുവേട്ടൻ ജിവിച്ചിരുന്ന സമയത്ത് നമ്മുടെ മാരാർ സർ, മുകുന്ദേട്ടൻ ഇവരൊക്കെയായി നല്ല ബന്ധമായിരുന്നു.അങ്ങിനെ പൂജപ്പുരയിലെ നമ്മുടെ വീടിന്റെ അടുത്ത് ഒരു ക്ഷേത്രമുണ്ട്.അതിനോട് ചേർന്ന് ഒരു ശഖ തുടങ്ങി.അന്ന് പക്ഷെ ഈ ശാഖ എന്താണെന്നൊന്നും നമുക്ക് വല്യ പിടുത്തമില്ല.അവിടെ രാവിലെ ഈ സുര്യനമസ്‌കാരം പോലെ ഉള്ളവ പഠിപ്പിക്കുമായിരുന്നു.അപ്പൊ ഇവർ സൈനീക സ്‌കുളിൽ ചേരാൻ നിൽക്കുവായിരുന്നു.അങ്ങിനെ അച്ഛനോട് അനുവാദം വാങ്ങി അവിടെപ്പോയിത്തുടങ്ങി.ആ വ്യായാമ മുറകൾ ഒക്കെ അവർക്ക് ഗുണവുമായിരുന്നു.

പക്ഷെ അന്നൊന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരു പറഞ്ഞ് നിരുത്സാഹപ്പെടുത്താൻ ആരും ഈ വീട്ടിൽ വന്നിട്ടില്ല.ഇത് ആർ എസ് എസിന്റെ സംഭവമാണെന്നൊന്നും അന്നാരും പറഞ്ഞിട്ടില്ല.ഞാൻ ചോദിക്കട്ടെ.. ഈ ആർ എസ് എസുകാർ മാത്രം കൊല്ലാൻ നടക്കുന്നവരാണെന്ന് കേരളത്തിൽ ഉള്ളവരോട് ആരാ പറഞ്ഞെ.എല്ലാ പാർട്ടിയിലും ഇത്തരത്തിലുള്ള സംഭവം ഇല്ലെ.എത്ര മരണങ്ങൾ കേരളത്തിൽ നടക്കുന്നു.നമുക്ക് താങ്ങാൻ പറ്റാത്ത കാഴ്‌ച്ചകൾ നാം കാണുന്നില്ലെ..അവർ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല ഞാൻ പറഞ്ഞത്.

മുൻപ് കാലത്ത് ആർഎസ്എസ് ബിജെപി ഇങ്ങനെ ഒന്നും ഇല്ല.അന്ന് ആകെയുള്ളത് ഹിന്ദു മുന്നണി..അതിന്റെ സ്ഥാനാർത്ഥിയായി കുമ്മന സർ.സത്യം പറഞ്ഞാൽ ഹിന്ദുമുന്നണിയെന്തണെന്ന് നമുക്കറിയില്ല.ആകെ അറിയാവുന്നത് ചിഹ്നം തെങ്ങാണ് എന്നുമാത്രമാണ്.അങ്ങിനെ ഞാൻ ഞാൻ ഇക്കാര്യം എന്റെ അമ്മയോട് ചോദിച്ചു എന്താണ് ഹിന്ദു മുന്നണിയെന്നും അവർ വോട്ട് ചോദിക്കാൻ വന്നിരുന്നുവെന്നും.പക്ഷെ എന്റെ അമ്മയ്ക്കാകട്ടെ ആകെ അറിയാമായിരുന്നത് ഇന്ദിരാഗാന്ധിയുടെ കൈ മാത്രമായിരുന്നു. മരിക്കുന്നത് വരെ അമ്മ വിശ്വസിച്ചതും അതിൽ തന്നെ.

ഇത്തവണ ഹിന്ദുമുന്നണിക്ക് വോട്ട് ചെയ്യാമെന്ന ധാരണയിൽ അമ്മ തെരഞ്ഞെടിപ്പ് പോയി. വന്നിട്ട് അമ്മയോട് കാര്യം ചോദിച്ചപ്പോൾ അമ്മ പറയുന്നു എന്റെ മോളേ വോട്ട് ചെയ്യാനുള്ള പേപ്പർ അങ്ങ് തുറന്നപ്പോൾ എനിക്കതിൽ ഇന്ദിരാഗാന്ധിയുടെ കൈപോലെ തോന്നി.പിന്നെന്ത് ചെയ്യാന പറഞ്ഞ് അമ്മ കരയുവ.കോൺഗ്രസ്സിനെക്കുറിച്ച് അമ്മയ്ക്ക് വല്യധാരണയില്ല പക്ഷെ ഇന്ദിരാഗാന്ധി മരിച്ച ദിവസം കരഞ്ഞതുപോലെ അമ്മ ജീവിതത്തിൽ കരഞ്ഞിട്ടില്ല.

അപ്പൊ ഇങ്ങനെയുള്ള കാര്യങ്ങൾ അല്ലാതെ ഇതിലൊന്നും ഞങ്ങൾ രാഷ്ട്രീയം കണ്ടിട്ടില്ല. പക്ഷെ ഇന്ന് അങ്ങിനെ അല്ലലോ..അമ്പലത്തിൽ പോയി കുറി തൊട്ടാൽ വരെ സംഘിയല്ലെ.

മക്കൾക്ക് രണ്ടുപേർക്കും രാഷ്ട്രീയമുണ്ടായിരുന്നില്ലെ? ചേച്ചിക്കോ?

എന്റെ കാര്യം പറഞ്ഞാൻ എന്റെ അച്ഛനും വല്യച്ഛന്മാരുമൊക്കെ അക്കാലത്ത് സജീവമായി ഉണ്ടായിരുന്നു.എൻ എസ് എസിലുടെയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ പ്രവർത്തനം.അത് കഴിഞ്ഞ് അവരൊക്കെ ഗാന്ധിയന്മാർഗത്തിലേക്ക് തിരിഞ്ഞു.അച്ഛൻ മലയാളവും സംസ്‌കൃതവും പഠിച്ചിട്ടുണ്ട്.അങ്ങിനെയാണ് അച്ഛന് തിരുവനന്തപുരത്ത് ജോലി ലഭിക്കുന്നത്.അങ്ങിനെ അച്ഛന്റെ ജോലിയും ഞങ്ങളുടെ പഠിത്തവും കണക്കിലെടുത്താണ് കൈനിക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നത്.

വിമൻസ് കോളേജിലായിരുന്നു എന്റെ വിദ്യാഭ്യാസം.അച്ഛന്റെ ഒക്കെ രാഷ്ട്രീ പാരമ്പര്യം കണ്ട് കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും കോളേജിലെ തന്നെ സ്റ്റാറായിരുന്ന മൂന്നാം വർഷ വിദ്യാർത്ഥിയെ തോൽപ്പിക്കുകയും ചെയ്തു.അതും ആർടസ് ക്ലബ് സെക്രട്ടറിയായിട്ട്.പക്ഷെ തൊട്ടടുത്ത ദിവസത്തെ പത്രത്തിൽ വന്നത് വിമൻസ് കോളേജിൽ കെഎസ് യു സ്ഥാനാർത്ഥി ജയിച്ചുവെന്ന്.ഇത് കണ്ടതോടെ വീട്ടിൽ പോകാൻ തന്നെ പേടിയായി.ഭയന്നാണ് അച്ഛനോട് കാര്യം പറഞ്ഞത്.പക്ഷെ അച്ഛന് അത് വലിയ വിഷയമായിരുന്നില്ല.ആ സംഭവത്തോടെ ഞാൻ കോളേജിൽ താരമായി.അങ്ങിനെ കോൺഗ്രസ്സുകാരിയുമായി.പിന്നെ വോട്ടവകാശം കിട്ടിയിട്ട് അമ്പത് അമ്പത്തഞ്ച് കൊല്ലത്തോളം കോൺഗ്രസ്സിനല്ലാതെ ഞാൻ വോട്ട് ചെയ്തിട്ടില്ല.

പക്ഷെ ഇപ്പോഴത്തെ കോൺഗ്രസ്സിന്റെ അവസ്ഥയിൽ എനിക്ക് നല്ല വിഷമവുമുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലം കഴിയും വരെ ഞാൻ ആത്മാർത്ഥമായൊരു കോൺഗ്രസ്സ് സഹയാത്രികയായിരുന്നു.എന്തിനധികം പറയുന്നു ഞാൻ മഹിളാ കോൺഗ്രസ്സിന്റെ തിരുവനന്തപുരം ജില്ലാ ട്രഷറർ ആയിരുന്നിട്ടുണ്ട്.ഇതുവരെ കോൺഗ്രസ്സ് പോലും അത് പറഞ്ഞിട്ടില്ല.വിവാഹത്തിന് മുൻപെയായിരുന്നു ഇതൊക്കെ.ഇന്നും ഡിസിസിയുടെ പുസ്തകങ്ങൾ പരിശോധിച്ചാൽ കാണാം എന്റെ പേര്.

എന്തുകൊണ്ടാ പിന്നെ രാഷ്ട്രീയം തുടരാതിരുന്നത്?

ഞാൻ പറഞ്ഞല്ലോ ട്രഷറർ പദവിയിൽ വരെ ഇരുന്ന എന്നോട് ഒരു നേതക്കൾ പോലും എന്താ ചേച്ചി രാഷ്ട്രീയത്തിൽ തുടരാത്തെ എന്നുചോദിച്ചിട്ടുണ്ടോ.ഇല്ല..മാത്രമല്ല സജീവമായ രാഷ്ട്രീയം താൽപ്പര്യമുണ്ടായിരുന്നില്ല.പിന്നെ സുകുവേട്ടനെ വിവാഹം ചെയ്തപ്പോൾ കുറെപ്പേർ ചോദിച്ചു അതെങ്ങിനെ ശരിയാവും സുകുമാരൻ എസ് എഫ് ഐ അല്ലേന്ന്.. വീട്ടിനകത്താണോ രാഷ്ട്രീയമെന്ന് ഞാൻ അവരോട് തിരിച്ചും ചോദിച്ചു.