കൊച്ചി: കെപിഎസി ലളിതയെ കാണാൻ കൊച്ചിയിലേക്ക് താരങ്ങളുടെ ഒഴുക്ക്. മലയാളത്തിന്റെ സൂപ്പർതാരങ്ങളും പഴയകാല താരങ്ങളുമെല്ലാം വിടപറഞ്ഞ താരത്തിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തി. പൃഥ്വിരാജിനൊപ്പമെത്തി മല്ലിക സുകുമാരനും ആദരാജ്ഞലി അർപ്പിച്ചു. വികാരഭിതയായാണ് മല്ലിക ലളിതയ്ക്ക് ആദാരാഞ്ജലി അർപ്പിച്ചത്. വികാരഭരിതയായ അമ്മയെ ചേർത്തുപിടിച്ച് നടന്നുനീങ്ങുകയായിരുന്നു പൃഥ്വിരാജ്. പ്രതികരണം ചോദിക്കാനായി മാധ്യമപ്രവർത്തകർ എത്തിയെങ്കിലും ഒന്നും പറയാനാവുന്ന മാനസികാവസ്ഥയിലല്ല താനെന്ന് വ്യക്തമാക്കുകയായിരുന്നു മല്ലിക സുകുമാരൻ.


കെപിഎസി ലളിതയുമായി അടുത്ത സൗഹൃദം നിലനിർത്തിയിരുന്ന താരമായിരുന്നു മല്ലിക സുകുമാരൻ. പ്രിയപ്പെട്ട ലളിതയെ അവസാനമായി കാണാനായി മല്ലികയും എത്തിയിരുന്നു. പൃഥ്വിരാജിനൊപ്പമായാണ് മല്ലിക തൃപ്പൂണിത്തുറയിലേക്കെത്തിയത്. വികാരഭരിതയായാണ് അവർ എത്തിയത്. അമ്മയെ ചേർത്തുപിടിച്ച് നടത്തുകയായിരുന്നു പൃഥ്വിരാജ്. ഇവരുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജിനൊപ്പം

നിറകണ്ണുകളോടെയാണ് മല്ലിക സുകുമാരൻ ലളിതയുടെ അരികിലേക്ക് എത്തിയത്. പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കവെ പൊട്ടിക്കരയുകയായിരുന്നു അവർ. അരികിലുണ്ടായിരുന്ന പൃഥ്വിരാജും മഞ്ജു പിള്ളയുമായിരുന്നു മല്ലികയെ ആശ്വസിപ്പിച്ചത്. ലളിതയെ അവസാനമായി തൊട്ടുതൊഴുതാണ് പൃഥ്വിയും മടങ്ങിയത്. ഇപ്പോൾ എനിക്കൊന്നും പറയാനാവില്ല. ഞാൻ പിന്നീട് പറയുന്നുണ്ട്, പൊട്ടിക്കരച്ചിലിനൊടുവിൽ അരികിലേക്കെത്തിയ മാധ്യമപ്രവർത്തകരോട് മല്ലിക സുകുമാരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. അമ്മയെ ചേർത്തുപിടിച്ച് ആരോടും സംസാരിക്കാതെ കാറിലേക്ക് കയറ്റുകയായിരുന്നു പൃഥ്വിരാജും. കെപിഎസി ലളിതയെ അവസാനമായി കാണാനെത്തിയവരുടെയെല്ലാം മാനസികാവസ്ഥ ഇതേപോലെയായിരുന്നു.

അസുഖബാധിതയായതിന് ശേഷം കെപിഎസി ലളിതയെ സിദ്ധാർത്ഥ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലേക്ക് കൂട്ടിയിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ലളിതയുടെ വിയോഗം. വിയോഗവാർത്ത അറിഞ്ഞ സമയം മുതൽ സിദ്ധാർത്ഥിന്റെ ഫ്ളാറ്റിലേക്ക് സിനിമാപ്രവർത്തകരുടെ പ്രവാഹമായിരുന്നു. നിറകണ്ണുകളോടെ, ഒരുവാക്ക് പോലും മിണ്ടാനാവാതെയുമാണ് പലരും എത്തിയത്. എന്താണ് പറയേണ്ടതെന്നറിയില്ലെന്നായിരുന്നു പ്രതികരണങ്ങൾ.

വിവാഹത്തോടെയാണ് കെപിഎസി ലളിത വടക്കാഞ്ചേരിയുടെ മരുമകളായത്. തിരക്കുകൾക്കിടയിലും വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് താരം ഓടിയെത്താറുണ്ടായിരുന്നു. ഭരതന്റെ തറവാട് വീടിനോട് ചേർന്നായിരുന്നു സ്വന്തമായി വീട് പണിതത്. ഓർമ്മയില്ലാതെ ഈ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും തിരിച്ചുവരവ് ആഗ്രഹിച്ചിരിക്കാം ചേച്ചിയെന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. ആഗ്രഹിച്ചത് പോലെ തന്നെ വടക്കാഞ്ചേരിയിലെ വീട്ടിലാണ് ലളിതയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നതും. വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. തുടർന്ന് സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ' ഓർമ' വീട്ടുവളപ്പിൽ.

ഇന്ന് രാവിലെ 8 മണിയോടെയാണ് കെ പി എ സി ലളിതയുടെ ഭൗതിക ശരീരം തൃപ്പൂണിത്തുറയിലുള്ള മകന്റെ വസതിയിൽ നിന്നും അടുത്തുള്ള ലയം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. നാട്ടുകാർക്കും സഹപ്രവർത്തകർക്കും പ്രിയ നടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നത് അവിടെയായിരുന്നു. രാവിലെ മുതൽക്കെ വൻ ജനാവലിയാണ് പ്രിയപ്പെട്ട നായികയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ലയം ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയത്. മലയാളസിനിമാ മേഖലയിലെ പല മുൻനിര താരങ്ങളും കഴിഞ്ഞ ദിവസം മുതൽക്കേ സ്ഥലത്ത് തന്നെയുണ്ടാരുന്നു. ജനങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റും ചലച്ചിത്ര താരങ്ങളായ ടിനി ടോം,ഇടവേള ബാബു എന്നിവരാണ് മുൻപിലുണ്ടായിരുന്നത്.

വൈകാരികമായ രീതിയിലായിരുന്നു പല താരങ്ങളും പ്രിയ നായികയെ ഓർത്തെടുത്തത്. മകൻ പൃഥ്വിരാജിനൊപ്പം വിങ്ങിപൊട്ടിയാണ് മല്ലികാ സുകുമാരൻ ലയത്തിലെത്തിയെത്. പൃഥ്വിരാജിന് പുറമെ പല മുൻ നിരതാരങ്ങളും സിനിമാ മേഖലയിലെ പിന്നണി പ്രവർത്തകരും പ്രിയ നായികയ്ക്ക് അന്ത്യമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഭൗതിക ശരീരം മകൻ സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്നും മാറ്റും മുൻപായി രാവിലെയൊടെയാണ് മമ്മൂട്ടി എത്തിയത്.

കെ പി എ സി ലളിതയ്ക്കൊപ്പമള്ള പഴയകാലാ ഓർമ്മകൾ വിഷമത്തോടെയാണ് പലരും മാധ്യമങ്ങളോട് പറഞ്ഞത്. വൈകാരിക നിമിഷത്തിൽ പലരും മധ്യമങ്ങളോട് സംസാരിക്കാൻ പോലും തയ്യാറായില്ല. ആദ്യകാലത്തെ അഭിനയ അനുഭവങ്ങളായിരുന്നു മുതിർന്ന ചലച്ചിത്രതാരം ജനാർദ്ധനൻ ഓർത്തെടുത്തത്. കെ പി എ സി ലളിതയ്ക്കൊപ്പം ഉള്ള സ്റ്റേജ് ഷോകളിലെ അനുഭവങ്ങളെ കുറിച്ചായിരുന്നു പിന്നണി ഗായകൻ എം ജി ശ്രീകുമാർ മാധ്യമങ്ങളോട് സംസാരിച്ചത്. ഓഡിറ്റോറിയത്തിൽ എത്തിയ പ്രമുഖരുൾപ്പടെ എല്ലാവരും തന്നെ മകൻ സിദ്ധാർത്ഥ് ഭരതനെ ആശ്വസിപ്പിക്കാനും മറന്നില്ല. പ്രിയ നായികയക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിദ്ധാർത്ഥ് ഭരതനോടും സംസാരിച്ച ശേഷമാണ് പല താരങ്ങളും പോയത്.

ചലച്ചിത്ര താരങ്ങൾക്ക് പുറമെ പല രാഷ്ട്രീയ നേതാക്കാളും ലയത്തിൽ എത്തിയിരുന്നു. 11 മണിയൊടെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഒഡിറ്റോറിയത്തിലാക്ക് എത്തിയത്. മന്ത്രി അന്തിമോപചാരം അർപ്പിച്ച് തൊട്ട് പിന്നാലെ ഭൗതികശരീരം വടക്കാഞ്ചേരിയിലേക്ക് കൊണ്ട് പോയി. പൊതുജനങ്ങളും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി ആളുകൾ പ്രിയ നായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.