തിരുവനന്തപുരം:താൻ തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് നടി മല്ലിക സുകുമാരൻ. ഉടനൊന്നും രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ മല്ലിക സുകുമാരൻ, താൻ സ്ഥാനാർത്ഥിയാകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. ന്യൂസ് 18 നോടാണ് മല്ലിക സുകുമാരൻ ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ വലിയവിള വാർഡിൽ മത്സരിക്കും എന്നായിരുന്നു പ്രചരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മല്ലിക സുകുമാരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് മല്ലിക സുകുമാരൻ തന്നെ സ്ഥിരീകരിച്ചു. സ്ഥാനാർത്ഥി ആകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം തന്നെ സമീപിച്ചിട്ടില്ലെന്നും ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് പ്രചരണത്തോട് മല്ലിക സുകുമാരൻ പ്രതികരിച്ചത്.

അതേസമയം അടുത്തിടെ ഒരു അഭിമുഖത്തിൽ താനൊരു കോൺഗ്രസുകാരിയാണെന്നും ഭർത്താവ് സുകുമാരൻ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകാം വ്യാജപ്രചരണങ്ങൾ എന്നും സൂചനയുണ്ട്.