പൃഥ്വിരാജിനും  ഇന്ദ്രജിത്തിനും ചെറിപ്പത്തിലെ തന്നെ അച്ഛനെ നഷ്ടമായതാണ്. പിന്നീട് അമ്മ മല്ലികാ സുകുമാരനാണ് രണ്ട് പേരെയും കണ്ണിലെ കൃഷ്ണമണിയെ പോലെ നോക്കി വളർത്തിയത്. ഭർത്താവ് സുകുമാരൻ ആഗ്രഹിച്ചതു പോലെ ഇരുവരെയും പഠിപ്പിച്ച്് നല്ല വിദ്യാഭ്യാസമുള്ളവരാക്കി. ശേഷം ഇരുവരും സിനിമയിലേക്കും വന്നു. അവിടെയും പ്രശസ്തി നേടി.

അച്ഛനില്ലാത്ത മക്കളെ ഒത്തിരി സ്‌നേഹം കൊടുത്തു വളർത്തിയ ഈ അമ്മയ്ക്കും മക്കൾ വിവാഹിതരായപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. മക്കൾ തന്നിൽ നിന്നും അകന്നു പോകുമോ എന്ന ആശങ്ക. അതേ ആശങ്ക വിവാഹ ശേഷം പെൺകുട്ടികൾക്ക് അമ്മായിയമ്മയെക്കുറിച്ചും ഉണ്ടാകും. എന്നാൽ ആ ആശങ്കകൾക്കൊന്നും തന്റെ മരുമക്കൾ ഇടവരുത്തിയിട്ടില്ലെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.

പൃഥ്വിരാജും ഇന്ദ്രജിത്തും സ്‌നേഹിച്ചാണ് വിവാഹം കഴിച്ചത്. അവരുടെ ആഗ്രഹത്തിന് താൻ എതിരു നിന്നില്ല. പൂർണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രൻ പറഞ്ഞപ്പോൾ പഠിത്തം കഴിഞ്ഞു ജോലി നേടിയിട്ടു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. ഇന്ദ്രൻ ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് കല്യാണം നടത്തിയത്. പൂർണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനെക്കാൾ എന്നെയും പൃഥ്വിരാജിനെയും ശ്രദ്ധിക്കാനും അവൾ മിടുക്കു കാണിച്ചു.

സിനിമയിൽ എത്തിയതോടെ പൃഥ്വിയെ കുറിച്ച് പല നടിമാരെയും ചേർത്ത് ഗോസിപ്പുകൾ വന്നു. എന്നാൽ അങ്ങിനെ ഒരു ബന്ധമുണ്ടെങ്കിൽ അത് അഴൻ എന്നോട് തുറന്നു പറയുമെന്ന് അറിയാവുന്നതിനാൽ ടെൻഷൻ ഉണ്ടായിരുന്നില്ല. സുപ്രിയയെ ഇഷ്ടമാണെന്ന് അവൻ അറിയിച്ചു. ഞങ്ങൾ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ 56 മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാൻ മനസിലാക്കി ബുദ്ധിപൂർവം പെരുമാറി.

കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകണമെങ്കിൽ മക്കൾക്കും മരുമക്കൾക്കും അവർ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നൽകണമെന്നും മല്ലിക പറയുന്നു. നമ്മൾ കൂടെ താമസിച്ചാൽ അവർക്ക് പലതും ത്യജിക്കേണ്ടി വരും. അതിനാൽ കൊച്ചിയിൽ ഇന്ദ്രന്റെയും പ്രിഥ്വിരാജിന്റെയും ഫ്‌ളാറ്റുകൾക്ക് അടുത്ത് മറ്റൊരു ഫ്‌ളാറ്റിലാണ് എന്റെ താമസം. ഇന്ദ്രനും പ്രിഥ്വിരാജിനും അഞ്ചു മിനിറ്റു യാത്ര ചെയ്താൽ എന്റെ ഫ്‌ളാറ്റിലെത്താം. മക്കൾ കൊച്ചിയിലുണ്ടെങ്കിൽ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം. അവർ സ്ഥലത്തില്ലെങ്കിൽ മരുമക്കൾ വരും.