ന്യൂഡൽഹി: രാജ്യത്ത് മുതിർന്ന പൗരന്മാർക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് തുടങ്ങിയതിന് പിന്നാലെ വിമർശനവുമായി രാജ്യസഭാ പ്രതിപക്ഷ നേതവ് മില്ലകാർജ്ജുന ഖാർഗെ. യുവാക്കൾക്കാണ് ആദ്യം കോവിഡ് വാക്‌സിൻ നൽകേണ്ടതെന്ന് അദ്ദേഹം പ്രതകരിച്ചു. രാജ്യത്ത് മുതിർന്ന പൗരന്മാരുടെയും മറ്റസുഖങ്ങളുള്ള 45 വയസ്സിന് മുകളിലുള്ള പൗരന്മാരുടെയും കോവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

'എനിക്ക് 70 വയസിൽ കൂടുതലുണ്ട്. എനിക്ക് പകരം ജീവിതം ബാക്കിയുള്ള യുവാക്കൾക്ക് നിങ്ങൾ വാക്സിൻ നൽകണം. എനിക്ക് ഏറിയാൽ 10-15 വർഷം കൂടിയേ ജിവിതമുള്ള.'- വാക്സിൻ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.എയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അടക്കമുള്ളവർ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചത്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതൽ വാക്‌സിൻ കുത്തിവെയ്‌പ്പ് ആരംഭിച്ചത്.