ന്യൂഡൽഹി: 'പെട്രോൾ വിലയിലെ കുത്തനെയുള്ള വർധന കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സർക്കാർ പരാജയമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. ഗുജറാത്തിനുമേൽ ശതകോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഇതുണ്ടാക്കുക. പാർലമെന്റ് സമ്മേളനം തീർന്ന് ഒരുദിവസത്തിനുശേഷമെടുത്ത തീരുമാനം പാർലമെന്റിന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതുമായി'

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ആറുവർഷം മുമ്പ് കുറിച്ച വരികളാണിത്. 2012 മെയ് 23-നായിരുന്നു ഈ പോസ്റ്റ്. അന്നദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഇന്ധന വില തീരുമാനിക്കുന്നതിന് സർക്കാരിന് കൃത്യമായ നിയന്ത്രണമുണ്ടായിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടാണ് വില വർധന യുപിഎ സർക്കാരിന്റെ പരാജയമാണെന്ന് പ്രഖ്യാപിക്കാൻ മോദിക്കായതും.

കാലം മുന്നോട്ടുപോവുകയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇന്ധന വില നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽനിന്നും എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുത്തത് മോദി സർക്കാരിന്റെ കാലത്താണ്. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ സർക്കാർ, പിന്നീട് ദിവസവും വില വ്യത്യാസപ്പെടുന്ന പുതിയ തീരുമാനത്തിലേക്കെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും വില കുതിച്ചുയരുകയാണ്. പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി നിൽക്കുകയാണ്.

ഇന്ധനവിലവർധനവിനോടുള്ള പ്രതിഷേധമറിയിക്കുന്നതിന് ജനങ്ങൾ ഇപ്പോൾ മോദിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ്. 25000-ലേറെ ലൈക്കുകളും 26000-ത്തോളം ഷെയറുകളുമായി ഈ പോസ്റ്റ് പ്രതികാരത്തിന്റെയും പരിഹാസത്തിന്റെയും പ്രതീകമായി ഫേസ്‌ബുക്കിൽ മുന്നേറുന്നു. വിലവർധനവിനെതിരേ പൊങ്കാലയിടാൻ മലയാളികൾ തിരഞ്ഞെടുത്തിരിക്കുന്നതും ഈ പോസ്റ്റുതന്നെ. പതിനായിരത്തോളം മലയാളികളാണ് പോസ്റ്റിൽ കമന്റിട്ടിരിക്കുന്നത്.

ഇന്ധന വില വർധന കക്കൂസ് പണിയാനാണെന്നതുമുതൽ 'ഒഎംകെവി' വരെയുള്ള കമന്റുകൾ പോസ്റ്റിന് ചുവട്ടിലുണ്ട്. ഇന്ത്യ മുഴുവൻ കക്കൂസ് ഉണ്ടാക്കിക്കഴിയുമ്പോൾ വിലകുറയ്ക്കുമായിരിക്കും അല്ലേ എന്നാണ് ഒരു രസികന്റെ കമന്റ്. പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും സങ്കടം വരുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

മുംബൈയിൽ വില 85 രൂപ കടന്നുവെന്നും നുണയൻ രാജാവ് നീണാൾ വാഴട്ടെയെന്നും മറ്റൊരാൾ പരിഹസിക്കുന്നു. പശുവിന്റെ മൂത്രത്തിൽനിന്നെടുക്കുന്ന 'ഗൗട്രോൾ' ഉദ്പാദിപ്പിച്ച് പെട്രോളിനും ഡീസലിനും പകരമുള്ള ഇന്ധനം മോദി സർ്ക്കാർ കൊണ്ടുവരുമെന്നാമ് മറ്റൊരു കമന്റ്. മോദി ഭക്തർക്ക് ഗൗട്രോളിന് വിലക്കിഴിവും കിട്ടും. സാധാരണ ആളുകൾക്ക് 23 രൂപയ്ക്കും മോദി ഭക്തർക്ക് 14 രൂപയ്ക്കും ഗൗട്രോൾ കിട്ടും എന്നിങ്ങനെ പോകുന്നു ആ കമന്റ്.

എല്ലാ ദിവസവുമുള്ള പെട്രോൾ വില വർധന മോദിയുടെ ചെകിട്ടത്തുകിട്ടുന്ന അടിയാണെന്ന് മറ്റൊരാൾ കമന്റ് ചെയ്യുന്നു. ഈ പോസ്റ്റ് ബൂമറാങ് പോലെ മോദിയുടെ നേർക്കുതന്നെ തിരിച്ചടിച്ചിരിക്കുകയാണെന്നും ചിലർ കമന്റ് ചെയ്യുന്നു. ഈ പോസ്റ്റിന് കീഴിൽ കമന്റ് ചെയ്യുന്നവരെല്ലാം എൻ.ഐ.എ.യുടെ നിരീക്ഷണത്തിലാണെന്ന രസികൻ മുന്നറിയിപ്പുമായി മറ്റൊരു വിരുതനും രംഗത്തുണ്ട്.