കണ്ണൂർ: ഫുട്പാത്തിലെ കച്ചവടം പലപ്പോഴും സാധാരണക്കാർക്ക് ആശ്വാസമാണ്. വില കുറച്ച് സാധനം കിട്ടുന്ന വിപണിയാണ് ഇത്. എന്നാൽ വൻകിടക്കാർക്ക് ഇതിനോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ഇത്തരം കച്ചവടക്കാരെ ഭരണകൂടങ്ങൾ കുടിയൊഴുപ്പിക്കാറുമുണ്ട്. എന്നാൽ കുടിയൊഴുപ്പിക്കലിന്റെ പേരിൽ പാവങ്ങളുടെ സമ്പാദ്യം തട്ടിയെടുക്കുന്നത് ശരിയോ? ഇതാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ഉയർത്തുന്ന ചോദ്യം. കണ്ണൂരിൽ നിന്നുള്ള വ്യത്യസ്ത വീഡിയോവുമായാണ് സൈബർ സോൾജിയേഴ്‌സിന്റെ ഇടപെടൽ.

കണ്ണൂരിലെ പാതയോര കച്ചവടം കോർപ്പറേഷനുകാർ ഒഴുപ്പിക്കുകയാണ്. അതായത് പാവങ്ങളുടെ സാധനം ഉൾപ്പെടെ എടുത്തു കൊണ്ടു പോകുന്നു. അങ്ങനെ അവർക്ക് ഒന്നും ഇല്ലാതാകുന്നു. ഇത് ശരിയോ എന്ന ചോദ്യമാണ് കണ്ണൂരിൽ സൈബർ സോൾജിയേഴ്‌സ് ഉയർത്തുന്നത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വാങ്ങിയ പച്ചക്കറിയാണ് ഉദ്യോഗസ്ഥർ ഒഴുപ്പിക്കലിന്റെ പേരിൽ തട്ടിയെടുക്കുന്നത്. ഇതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ മനസ്സ് പാവപ്പെട്ടവരുടെ കണ്ണീരു കണ്ടു പോലും അലിയുന്നില്ല. വമ്പൻ മുതലാളിമാരുടെ കടയിൽ കയറി മാത്രം സാധനം വാങ്ങിയാൽ മതിയെന്ന തീരുമാനമാണ് നടപ്പാക്കപ്പെടുന്നത്.

ഇതു സംബന്ധിച്ച വീഡിയോയ്ക്ക് ഒപ്പം സൈബർ സോൾജിയേഴ്‌സ് ഇട്ട കുറിപ്പ് ഇങ്ങനെ: പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈ ഇട്ടു വാരാൻ എന്തു ഉത്സാഹം എന്തൊരു ആവേശം. കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ കാട്ടിയ നന്മയുടെ പ്രവർത്തി. ഇതു വല്ല കാശുകാരന്റെ അടുത്തു എങ്ങാനും കാട്ടാനുള്ള ധൈര്യം ഈ വഴപിണ്ടികൾക്കു ഉണ്ടോ ആവോ. അവിടിരിക്കാൻ അവകാശം ഇല്ലങ്കിൽ ആ വില്പനകരനോട് അവിടുന്നു എടുത്തുമാറ്റാൻ പറയണം അതാണ് മാന്യത, അല്ലാതെ അതു വാരി ഇട്ടുകൊണ്ട്‌പോയി വീട്ടുകാർക്ക് തിന്നാൻകൊടുക്കാൻ നിനക്കൊക്കെ നാണവും മാനവും വേണമെടോ.

കൃഷിവകുപ്പ് മുതലാളി ഇതൊക്കെകാണുമെന്നു വിചാരിക്കുന്നു. പാവപ്പെട്ടവരുടെ വിലാപം കേൾക്കുക ഇല്ലങ്കിൽ ഒരുകാലത്ത് ഈ ജനങ്ങൾ ഇതുപോലുള്ളവരെ വിലാപയാത്രയായക്കും.കേരളാ മുഖ്യമന്ത്രിയുടെ അടുത്തു എത്തുംവര ഷെയർ ചൈയ്യുക. നേരിനും നെറിക്കുമൊപ്പം മല്ലു സൈബർ സോൾജിർസ്..-ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. വീഡിയോയിൽ പിണറായി സർക്കാരിനെ പേരെടുത്ത് വിമർശിക്കുന്നുമുണ്ട്. നമ്മുടെ പിണറായി സർക്കാരാണ് ഭരിക്കുന്നത്. എന്നിട്ടാണ് ഇങ്ങനെ-വീഡിയോ റിക്കോർഡ് ചെയ്തയാൾ ഇടയ്ക്ക് ഇത് പറയുന്നുമുണ്ട്. പാവപ്പെട്ടവർക്കെതിരായ ദ്രോഹം ഏത് തലത്തിലും പോകുമെന്നതിന് തെളിവാണ് പാതയോരത്തെ ഒഴിപ്പിക്കൽ നടപടി.

പൊതുമരാമത്ത് റോഡുകളിലെ അനധികൃത കച്ചവടം അനുവദിക്കില്ലെന്നാണ് പിണറായി സർക്കാർ നിലപാട്. ഓടകൾ കൈയേറി കച്ചവടം നടത്തിയാൽ കർശന നടപടിയെടുക്കും. കൈയേറ്റക്കാർക്ക് നിയമാനുസൃതമായി നോട്ടീസ് നൽകാൻ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർക്കും അസിസ്റ്റന്റ് എൻജിനീയർമാർക്കും നിർദ്ദേശം നൽകിയിരുന്നു. അനധികൃതമായി സൂക്ഷിക്കുന്ന സാധനങ്ങൾ മാറ്റിയില്ലെങ്കിൽ സർക്കാർ കണ്ടുകെട്ടുമെന്നാണ് പക്ഷം. എന്നാൽ വമ്പന്മാർ നിയമം ലംഘിച്ച് കച്ചവടം ചെയ്യുമ്പോൾ പാവപ്പെട്ടവരുടെ ചട്ടിയിൽ കൈയിടുന്നത് ശരിയോ എന്ന ചോദ്യമാണ് ഉയരുന്നത്. സാമൂഹിക ഇടപെടലെന്ന ലക്ഷ്യത്തോടെയാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ഈ വിഷയം ചർച്ചയാക്കുന്നത്.

മല്ലു സൈബർ സോൾജിയേഴ്സ് സാന്നിധ്യം അറിയിക്കുന്നത് 2014 മുതലാണ് . ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചത്. തുടർന്ന് ലോക ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്‌സ് ഹാക്ക് ചെയ്തപ്പോളാണ്. പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ്ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.

2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്. പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തു. തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്സൈറ്റ് മുഴുവൻ. ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായി പ്രതികരിച്ചു.