തിരുവനന്തപുരം: മലയാളത്തിൽ അശ്‌ളീല കഥകളും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഞരമ്പുരോഗികൾക്ക് എതിരെ മല്ലു സൈബർ സോൾജിയേഴ്‌സ്. പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളും അശ്‌ളീല കഥകൾ നൽകുന്ന ഫേസ്‌ബുക്ക് പേജുകളുമെല്ലാം തകർത്തുകൊണ്ടാണ് മലയാളി സൈബർ ഹാക്കർമാരുടെ മുന്നേറ്റം.

സെക്ഷ്വൽ ക്രൈമുകൾക്ക് എതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ ബിഗ് ഡാഡിക്ക് പിന്തുണ നൽകിക്കൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഫെയിസ്ബുക്ക് അക്കൗണ്ടുകൾക്ക് നേരെ ആക്രമണം നടന്നത്.

ഏകദേശം 55 ഫേസ്‌ബുക്ക് ഗ്രൂപ്പുകളും അക്കൗണ്ടുകളും ഹാക്കുചെയ്തതായി മല്ലു സൈബർ സോൾജിയേഴ്‌സ് വെളിപ്പെടുത്തുന്നു. ഇവർ നടത്തിയിട്ടുള്ള ചാറ്റിങ് വിവരങ്ങളും ഗ്രൂപ്പുകളിൽ അംഗമായിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കർമാർ ചോർത്തിയെടുത്തിട്ടുണ്ട്. ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിലാണ് ഇവർ സൈബർ ആക്രമണം നടത്തിയത്.

ഓൺലൈൻ പെൺവാണിഭത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ഇവർ ഹാക്കു ചെയ്തതിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം ഇവർ ചോർത്തിയ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.മുന്നറിയിപ്പെന്ന നിലയിലാണ് ഇപ്പോൾ സൈബർ ആക്രമണം നടത്തിയത്. വീണ്ടും തുടർന്നാൽ വിവരങ്ങൾ പുറത്തുവിടുമെന്ന മുന്നറിയിപ്പ് ഗ്രൂപ്പുകൾക്ക് നൽകിയിട്ടുണ്ട്.

അതേസമയം ഹാക്ക് ചെയ്ത അക്കൗണ്ടുകളും ഗ്രൂപ്പുകളും പുറത്തുവിട്ടുകൊണ്ടാണ് മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ആഞ്ഞടിക്കൽ. കുറേ കാലമായി മലയാളത്തിൽ ഫേസ്‌ബുക്കിലൂടെ അശ്‌ളീല ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചുകൊണ്ടിരുന്നവർക്കും പെൺവാണിഭത്തിനായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നവർക്കുമാണ് പിടി വീണത്.

സമാനമായ ഓപ്പറേഷൻ തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഗ്രൂപ്പുകളും അക്കൗണ്ടുകളും ഹാക്ക് ചെയ്യുമെന്നും ഇവർ വ്യക്തമാക്കി.

അശ്‌ളീലത പ്രചരിപ്പിച്ചവരുടെ ഫേസ്‌ബുക്കിൽ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി അശ്‌ളീല വീഡിയോകൾ നീക്കിയാണ് ഹാക്കർമാർ ആഞ്ഞടിച്ചത്. ഇതേ രീതിയിൽ പ്രവർത്തിക്കുന്ന കേരള സൈബർ വാരിയേഴ്‌സിനും അനുമോദനങ്ങൾ അറിയിച്ചാണ് മല്ലു സൈബർ വാരിയേഴ്‌സിന്റെ പോസ്റ്റ്.