തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന് മല്ലു സൈബർ സോൾജേഴ്‌സിന്റെ ചുട്ട മറുപടി. നൂറോളം പാക് വെബ്‌സൈറ്റുകളാണ് മല്ലു സൈബർ സോൾജ്യേഴ്‌സ് ഹാക്ക് ചെയ്തത്.

'മല്ലു സൈബർ സോൾജ്യേഴ്‌സ്' എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിലാണ് പാക്കിസ്ഥാൻ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തതായി മലയാളി ഹാക്കർ മാർ അവകാശപ്പെട്ടത്. ഹാക്ക് ചെയ്ത സൈറ്റുകളുടെ ലിസ്റ്റും പേജിൽ നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഹാക്കർമാരുടെ തിരിച്ചടി 'ഓപറേഷൻ പാക് സൈബർ സ്‌പേസ്' എന്ന പേരിട്ടാണ്. ഇന്ത്യയുടെ സൈബർ ഇടങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലതെന്നും ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ മുന്നറിയിപ്പു നൽകുന്നുണ്ട്.

ഇന്നലെ രാത്രിയാണു കേരള സർക്കാരിന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നത്. പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. 'ഞങ്ങൾ പാക് സൈബർ ആക്രമണ സംഘം. സുരക്ഷ എന്നത് മിഥ്യാബോധം മാത്രമാണ്' എന്നും വെബ്‌സൈറ്റിൽ കുറിച്ചിട്ടുണ്ട്.

നിലവിൽ കേരള സർക്കാരുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നതും, പുതുക്കി കൊണ്ടിരുന്നതുമായ സൈറ്റായിരുന്നു ഇത്. അതേ സമയം ഹാക്ക് ചെയ്യപ്പെട്ടത് സൈറ്റ് മാത്രമാണെന്നും സെർവറിന് കുഴപ്പമൊന്നും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. തകരാറുകൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനിടെയാണ് മല്ലു സോൾജേഴ്‌സ് പാക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് പ്രതികാരം തീർത്തത്.

http://jobz4pakistan.com/
http://pakimandi.com/
http://www.upr.edu.pk/
http://helpinghand.pk/
http://www.tradevision.com.pk/
http://www.ftpl.com.pk/
http://pwtd.org.pk/
http://www.solp.pk/
എന്നിവ ഇതിൽ ചിലതാണ്.

ഹാക്ക് ചെയ്ത പാക്ക് വെബ്‌സൈറ്റുകളിൽ പാക്കിസ്ഥാൻ പതാക കത്തിക്കുന്ന ചിത്രവും ഇന്ത്യൻ സൈബർ ഇടങ്ങളിൽ നിന്നും അകന്നു നിൽക്കുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ഹാക്കർമാരുടെ ശക്തി തിരിച്ചറിയൂ എന്നും എഴുതിയിരിക്കുന്നു.

ഇതിനു മുൻപും ഈ സംഘം പാക്കിസ്ഥാൻ സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. മുൻപ് നടൻ മോഹൻലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബർ സോൾജ്യറിന്റെ മറുപടി.