തിരുവനന്തപുരം: അനുജന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി ശ്രീജിത്ത് എന്ന യുവാവിന്റെ 765 ദിവസം പിന്നിട്ട അസാധാരണ സാഹചര്യത്തിൽ സൈബർ ലോകം തലസ്ഥാനത്തേക്ക് ഒഴുകി. പ്രമുഖനല്ലാത്ത ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം തെരുവിലേക്ക് ഇറങ്ങിയപ്പോൾ അത് മലയാളത്തിലെ വലിയൊരു കൂട്ടായ്മയായി മാറിയികരിക്കുകയാണ്. നിഷേധിക്കപ്പെട്ട നീതി ലഭിക്കാൻ പ്രമുഖനല്ലാത്ത ഒരു സാധാരണക്കാരന് വേണ്ടിയാണ് സൈബർ ലോകം ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്.മില്ല്യൻ മാസ്‌ക്ക് മാർച്ചുമായി മല്ലു സൈബർ സോൾജിയേഴ്സ് രംഗത്തെത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 10 മണിക്കാണ് മാർച്ച് ആരംഭിച്ചത്.

24 മണിക്കൂറും മൊബൈലും ലാപ്പ്ടോപ്പും നോക്കിയിരിക്കുന്ന നിങ്ങളൊക്കെ നാട്ടിൽ എന്തുമാറ്റം കൊണ്ട് വരാനാണെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയായാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ആൾക്കൂട്ടം നൽകുക. ആയിരക്കണക്കിന് പേർ ശ്രീജിത്തിന് പിന്തുണുമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തി. സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ജാഥയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയത്. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും സജീവമായ കൂട്ടായ്മകൾ അതിശക്തമായ പ്രചരണമാണ് ശ്രീജിത്തിന് വേണ്ടി നടത്തുന്നത്. ജസ്റ്റിസ് ഫോർ ശ്രീജിത്ത് ഹാഷ് ടാഗ് മലയാളം സൈബർ ഇടങ്ങളെ കീഴടക്കി കഴിഞ്ഞു. ഓൺലൈൻ പെറ്റീഷൻ അടക്കം തുടങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകളിലെ ട്രോളന്മാരും ഹാക്കിങ് ഗ്രൂപ്പിലെ പ്രമുഖരും അടക്കമുള്ളവർ മാർച്ചിന് പിന്തുണ നൽകുന്നു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആളുകൾ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ മറുനാടൻ മലയാളിയോട് പറഞ്ഞു. മഴയും വെയിലുമൊന്നും വകവയ്ക്കാതെയുള്ള ശ്രീജിത്തിന്റെ സമരത്തിന് ആദ്യം മുതൽ പിന്തുണ നൽകിയത് മറുനാടൻ മലയാളിയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യ നില മോശമായതോടെയാണ് ശ്രീജിത്തിനെ സോഷ്യൽ മീഡിയ വീണ്ടും രംഗതെത്തിയത്.

ഒരു രാഷ്ട്രീയ പാർട്ടിയുടേയും ലേബലില്ലാതെ ആ യുവാവിനെ സഹായിക്കാൻ മനസ്സുള്ളവരാണ സെക്രട്ടേറിയറ്റ് പടിക്കലേക്ക് എത്തിയത്. ഫേസ്‌ബുക്കിൽ പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന ഫ്രെയ്മിൽ നിരവധിയാളുകൾ തങ്ങളുടെ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റി ഐകദ്യാർഡ്യം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് എത്താൻ ആഹ്വാനം ചെയ്യുന്ന ഗ്രാഫിക് കാർഡുകളും വാട്സാപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പാറിനടക്കുന്നുണ്ട്. കണ്ണുകളില്ലാത്ത അധികാരി വർഗങ്ങളേ നീതി തേടി ഞങ്ങൾ വരുന്നുവെന്നുൾപ്പടെയുള്ള ബാനറുകളാണ് പ്രത്യക്ഷപ്പെട്ടത്.

ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന പേരിൽ നിരവധി ഫേസ്‌ബുക്ക് പേജുകളും രൂപം കൊണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയ വെറും സൈബർ കീബോർഡ് വിപ്ലവം മാത്രമല്ല എന്ന് തെളിയിച്ചു കൊടുക്കാൻ.... അണിചേരാം.... ഒരുമിച്ചു ചേരാം എന്നാണ് ഫേസ്‌ബുക്ക് പേജുകളുടെ ആഹ്വാനം. പത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളും പരമാവധി ആളുകളെ തെരുവിലിറക്കാനും തീരുമാനവുമായി രംഗത്തുണ്ട്.