തിരുവനന്തപുരം: സർക്കാർ ജീവനക്കാർ കൃത്യസമയത്ത് ജോലിക്ക് എത്താത്തതും ഓരോ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരെ ഒഴിവുകഴിവ് പറഞ്ഞ് തേരാപ്പാരാ നടത്തിക്കുന്നതും ഏറെക്കാലമായുള്ള പരാതിയാണ്. അടുത്തിടെ ഇടുക്കിയിലെ ആശുപത്രിയിൽ മോശമായി പ്രതികരിച്ച് ജീവനക്കാരിയെ തുറന്നുകാട്ടി സോഷ്യൽ മീഡിയയിൽ വന്ന വീഡിയോ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയ സജീവമായതോടെ ഇത്തരത്തിൽ ജോലിയിൽ അലംഭാവം കാട്ടുന്ന സർക്കാർ ജീവനക്കാരെ തുറന്നുകാട്ടി നിരവധി പ്രതികരണങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇടതു സർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റം എങ്ങനെയാവണമെന്നും കൃത്യനിഷ്ഠ ഉണ്ടാവണമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗത്തിലാണ് സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എത്തിയത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് കൂടി ഓർമ്മിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ജനങ്ങളുടെ കാര്യത്തിൽ ശുഷ്‌കാന്തി കാണിക്കാത്ത ജീവനക്കാർക്ക് എതിരെ നടപടിയുണ്ടാവുമെന്നും പല സന്ദർഭങ്ങളിലും സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പോലും ഒരുവിലയും കൽപിക്കാതെയാണ് വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുടേയും പ്രവർത്തനമെന്ന ആക്ഷേപം ശക്തമാണ്. ഇതിന് ഉദാഹരണമായി മല്ലു സൈബർ സോൾജിയേഴ്‌സ് ഇന്ന് നൽകിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി.

പാലക്കാട് വണ്ടിത്താവളത്തെ വില്ലേജ് ഓഫീസിൽ രാവിലെ പതിനൊന്നുമണിയായിട്ടും ജീവനക്കാർ ഇല്ലെന്ന ആക്ഷേപം ഉയർത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നേരമായി കാത്തിരിക്കുകയാണെന്നും ആരും വന്നില്ലെന്നും ഓരോ ആവശ്യങ്ങൾക്ക് എത്തിയവർ പ്രതികരിക്കുന്നുമുണ്ട് ദൃശ്യങ്ങളിൽ.

കേരള മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഇതുപോലുള്ള ചെറ്റകളെ ജോലിയിൽ നിന്ന് പിരിച്ചു വിടുക. ഇങ്ങാനാണോ ജനങ്ങളെ സേവിക്കുന്ന വണ്ടിത്തവളം വില്ലേജ് ഓഫീസ് ഇതുപോലെ ആണെങ്കിൽ മറ്റുള്ളടവും ഇതുപോലൊക്കെ ആയിരിക്കും. ഇവരുടെ ജോലിയോടുള്ളു പ്രതിബദ്ധത കണ്ട് നോക്കു. സർക്കാർ സ്ഥാപനം എന്നു വച്ചു എന്തും ചെയ്യാം എന്ന വിചാരമുള്ള ഇമ്മാതിരി ഓഫീസർമാർക്ക ഒരു പണി കൊടുക്കുക തന്നെ ചെയണം - വീഡിയോ നൽകിക്കൊണ്ട് സൈബർ സോൾജിയേഴ്‌സ് അഭ്യർത്ഥിക്കുന്നു.

രാവിലെ പതിനൊന്നുമണി കഴിഞ്ഞിട്ടും ആരും ഓഫീസിൽ ഇല്ലെന്ന് വ്യക്തമാക്കി ഒഴിഞ്ഞ കസേരകൾ ഉൾപ്പെടെ ചിത്രീകരിച്ചാണ് വീഡിയോ നൽകിയിരിക്കുന്നത്. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

സൈബർലോകത്തെ അനാവശ്യപ്രവണതകളെ എതിർത്ത് സജീവമായി പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് മല്ലു സൈബർ സോൾജിയേഴ്‌സ്. ഇപ്പോൾ സർക്കാർ ഓഫീസുകളിലെ മോശം പ്രവണതകൾക്ക് എതിരെയുള്ള ആഹ്വാനമെന്നോണം ആണ് പുതിയ പോസ്റ്റ് നൽകിയിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും അവരുടെ ജനങ്ങളോടുള്ള മോശം പെരുമാറ്റവും ജനങ്ങളിൽ എത്തിക്കാൻ എല്ലാവരും മുന്നോ്ട്ടുവരണമെന്ന ആഹ്വാനവും ഇതോടൊപ്പം ഉയരുന്നു.

വീഡിയോ പോസ്റ്റ്