തിരുവനന്തപുരം: മലയാള സിനിമ അടിമുടി മാറിയ വർഷമാണ് 2015. സൂപ്പർതാര സിംഹാസത്തിൽ പുതിയൊരു താരം പതിഷ്ടിക്കപ്പെടുകയും മോഹൻലാലിനും മമ്മൂട്ടിക്കും അടിതെറ്റുകയും ചെയ്ത വർഷമാണ് 2015. പണം മുടക്കി പണം വാരുക എന്ന സിനിമാശൈലിക്ക് മലയാള സിനിമയ്ക്ക് തുടക്കമിട്ടു. ഓൺലൈൻ സിനിമാ മാർക്കറ്റിംഗിന്റെ ഹൈപ്പിൽ തീയ്യറ്ററിലേക്ക് ആളുകൾ ഒഴുകിയെത്തിയ വർഷം കൂടിയായി ഇത്. മലയാളം സിനിമ വ്യവസായത്തിന്റെ അർദ്ധവാർഷിക കണക്കെടുക്കുമ്പോൾ കാര്യമായ വിജയങ്ങൾ ഉണ്ടായില്ലെങ്കിൽ രണ്ടാം പകുതിയോടെ വമ്പൻ കുതിപ്പിന്റെ സമയമാണ് ഉണ്ടായത്.

മൊത്തത്തിൽ കണക്കെടുക്കുമ്പോൾ മലയാള സിനിമയ്ക്ക് പറയാനുള്ളത് നഷ്ടക്കണക്കാണ്. പ്രദർശനത്തിന് എത്തിയ 151 ചിത്രങ്ങളിൽ വിജയം കാണാതെ മൂക്കുംകുത്തി വീണും ബഹുഭൂരിപക്ഷവും. പ്രദർശനത്തിനെത്തിയ 151 ചിത്രങ്ങൾക്കായി 520 കോടി രൂപയോളം ചെലവഴിച്ച ചലച്ചിത്ര വ്യവസായത്തിന് തീയേറ്ററുകളിൽ നിന്നും സാറ്റലൈറ്റ് അവകാശത്തുകയായി തിരിച്ചു പിടിക്കാൻ കഴിഞ്ഞത് 350 കോടി രൂപ മാത്രം. നഷ്ടം 170 കോടി രൂപ. മൊത്തം 151 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ മെഗാഹിറ്റായത് 5 ചിത്രങ്ങൾ. ലാഭം നേടിയത് 10 എണ്ണത്തോളം മാത്രം നിർമ്മാതാവിന്റെ കൈപൊള്ളിക്കാതെ ബോക്‌സോഫീസിൽ തടിയൂരിയത് 15ഓളം ചിത്രങ്ങളുമാണ്.

ബാക്കി നൂറ്റി പതിനഞ്ചോളം ചിത്രങ്ങൾ തീയേറ്ററുകളിൽ ദയനീയമായി കൂപ്പുകുത്തി. ഈ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റാകട്ടെ പുതിയ നയങ്ങൾ മൂലം പിന്നോട്ടുപോകുകയും ചെയ്തു. വിജയിക്കുന്ന ചിത്രങ്ങൾ മാസങ്ങളോളം തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുകയും പരാജയപ്പെടുന്ന ചിത്രങ്ങൾ രണ്ടാമതൊരു ഷോ പോലും കളിക്കാതെ പ്രദർശനശാലകൾ വിടുകയും ചെയ്യുന്ന കാഴ്ചയാണ് പോയവർഷം സമ്മാനിച്ച വലിയ കൗതുകം.

അതേസമയം വിജയചിത്രങ്ങളുടെ പട്ടികയിൽ ഉള്ളത് വമ്പൻവിജയം കരസ്ഥമാക്കിയ പ്രേമവും എന്ന് നിന്റെ മൊയ്തീനും അടക്കമുള്ളവയാണ്. മലയാളി സിനിമലെ തലമുറമാറ്റം കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു ഈ വർഷത്തിൽ. യുവതാരങ്ങൾ അരങ്ങുവാണപ്പോൾ മമ്മൂട്ടിയും മോഹൻലാലും കൈവശം വച്ച താരസിംഹാസനത്തിലേക്ക് പൃഥ്വിരാജ് ഒറ്റയ്ക്ക് കുതിക്കുന്ന കാഴ്‌ച്ചയും ഈ വർഷം ദൃശ്യമായി. നിവിൻ പോളി എന്ന നടന്റെ ജനപ്രീതി കുതിച്ചുയർന്നതും മാറ്റുതെളിഞ്ഞതും ഈ വർഷമായിരുന്നു. വടക്കൻ സെൽഫിയിലൂടെയും പ്രേമത്തിലൂടെയും നിവിൻ പോളി മലയാള സിനിമയുടെ യുവത്വത്തിന്റെ മുഖമായി മാറി. ജനപ്രിയ നായകൻ ദിലീപിനും ദുൽഖർസൽമാനും ഓരോ വിജയം മാത്രമാണ് അവകാശപ്പെടുനുള്ളത്.

60 കോടി നേടി പ്രേമം, 40 കോടി നേടി എന്ന് നിന്റെ മൊയ്തീൻ

സൂപ്പർതാരങ്ങളിൽ മമ്മൂട്ടി ഭേദപ്പെട്ട നിലയിൽ വിജയം കൊയ്തപ്പോൾ മോഹൻലാലിനെ സംബന്ധിച്ചടത്തോളം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കാതെ പോയ വർഷമാണ് കടന്നുപോകുന്നത്. മോഹൻലാൽ ചിത്രങ്ങളിൽ ലോഹം മാത്രമാണ് പണം വാരിയ ചിത്രമായി മാറിയത്. മമ്മൂട്ടിയുടെ ഭാസ്‌കർ ദ റാസ്‌ക്കലും വൻവിജയചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.പത്തേമാരി വിജയിച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതിനൊപ്പം മമ്മൂട്ടിയുടെ അഭിനയ മികവ് ഒരിക്കൽ കൂടി ദൃശ്യമായ ചിത്രവുമായി.

ബോക്‌സോഫീസിലെ കണക്കെടുത്താൽ നിവിൻ പൊലീയുടെ പ്രേമം നേടിയത് 60 കോടി രൂപയാണ്. പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനും അമർ അക്‌ബർ അന്തോണിയും കരസ്ഥമാക്കിയത് 40 കോടി വീതമാണ്. ഒരു വടക്കൻ സെൽഫിക്കും ഭാസ്‌ക്കർ ദി റാസ്‌ക്കലിനും കിട്ടിയത് 30 കോടി. തെലുങ്കിൽ നിന്നെത്തിയ ബാഹുബലി നേടിയത് 20 കോടിയമ്. പണംവാരി ചിത്രങ്ങൾ പണം വാരിക്കൊണ്ടേയിരിക്കുകയായിരുന്നു 2015 മുഴുവനും.

ചിത്രങ്ങളുടെ നിലവാരത്തിലും ഗുണത്തിലും ഏറെ പുരോഗതിയുണ്ടായ വർഷം കൂടിയായി 2015. മുൻ വർഷത്തേക്കാൾ രണ്ടു സിനിമ കുറച്ചാണ് റിലീസ് ചെയ്തത്. 2014 ൽ 153 മലയാള സിനിമകൾ റിലീസ് ചെയ്തപ്പോൾ 2015 ൽ അത് 151 ആയി. അവസാന നിമിഷം സ്‌റ്റൈൽ എന്ന ചിത്രം മാറിയതിനാലാണ് ഒരു സിനിമ കുറഞ്ഞത്. ഇതേ സമയം തമിഴ് തെലുങ്ക് ചിത്രങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. തമിഴിൽ 192 ഉം തെലുങ്കിൽ 85 ഉം സിനിമകളുമാണ് 2015 ൽ റിലീസായത്. മൂന്ന് ഭാഷകളിലും ഇത്രയേറെ സിനിമകൾ റിലീസ് ചെയ്‌തെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് വൻവിജയമായത്. കലാപരമായി വിജയിച്ച ചിത്രങ്ങളും വളരെ കുറച്ചുമാത്രം.

മലയാളത്തിൽ ഏറ്റവും സാമ്പത്തികനേട്ടം ഉണ്ടാക്കിയ ചിത്രം അൽഫോൻസ് പുത്രന്റെ പ്രേമമാണ്. തിയേറ്ററുകളിൽ ചിത്രം തകർത്തോടുന്ന സമയത്ത് വ്യാജപകർപ്പ് ഓൺലൈനിൽ റിലീസ് ചെയ്തിട്ടുപോലും ചിത്രം 60 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്. എന്നാൽ കലാപരമായ നേട്ടമുണ്ടാക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത പോയ വർഷത്തെ ചിത്രം ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുപോലെ വിജയം നേടിയ ബാഹുബലി കേരളത്തിലും അത്ഭുതവും വിസ്മയവും സൃഷ്ടിച്ചു. എന്ന് നിന്റെ മൊയ്തീൻ, അമർ അക്‌ബർ അന്തോണി, ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്നിവയാണ് മലയാളം ബോക്‌സോഫീസിൽ വൻചലനം സൃഷ്ടിച്ച മറ്റു ചിത്രങ്ങൾ. നിർമ്മാണ ച്ചെലവിൽ വന്ന വർദ്ധനവാണ് മലയാള സിനിമ 2015 ൽ നേരിട്ട വലിയ പ്രശ്‌നം. മുൻവർഷം ഒരു ദിവസത്തെ നിർമ്മാണച്ചെലവ് ശരാശരി ഒന്നരലക്ഷം രൂപയായിരുന്നുവെങ്കിൽ ഇപ്പോൾ അത് രണ്ടരലക്ഷമാണ്.

റിലീസായ 151 ചിത്രങ്ങളിൽ 49 സിനിമകൾക്ക് ഒരു കോടിയിൽ താഴെയാണ് ശരാശരി നിർമ്മാണച്ചെലവ്. രണ്ടു കോടിക്കും മൂന്നു കോടിക്കുമിടയിൽ 49 ചിത്രങ്ങൾ നിർമ്മിച്ചു. മൂന്നിനും അഞ്ചിനുമിടയിൽ 35 ചിത്രങ്ങളും അഞ്ചിനും ഏഴിനുമിടയിൽ 10 ചിത്രങ്ങളും ഏഴിനും പത്തിനുമിടയിൽ അഞ്ചു ചിത്രങ്ങളും പത്തിനും പതിമൂന്നിനുമിടയിൽ രണ്ട് ചിത്രങ്ങളും പൂർത്തിയായി. 151 ചിത്രങ്ങൾക്കായി മൊത്തം 520 കോടി രൂപ ചെലവായി. തീയേറ്റർ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായി തിരിച്ചു പിടിച്ചത് 320 കോടി രൂപയാണ്. 92 ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് ഇതുവരെ വിൽപ്പനയായിട്ടില്ല. ഇതിൽ പത്തോളം ചിത്രങ്ങളുടെ സാറ്റലൈറ്റ് തുകയുടെ ചർച്ച നടന്നുവരുന്നു. തീയേറ്റർ കളക്ഷനും സാറ്റലൈറ്റ്, വീഡിയോ ഓഡിയോ ഇനത്തിൽ ലഭിച്ച തുകയും കൂട്ടി ലാഭമായത് 25 സിനിമകളാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീൻ, അമർ അക്‌ബർ അന്തോണി, ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്നീ ചിത്രങ്ങൾ നേടിയത് 170 കോടി രൂപ.

നഷ്ടക്കച്ചവടമാകാത്ത 21 ചിത്രങ്ങളും നഷ്ടക്കച്ചവടമായ ചിത്രങ്ങളും കൂടി ബോക്‌സോഫീസിൽ നേടിയത് 180 കോടി രൂപ. ബാക്കി 21 ചിത്രങ്ങൾ നേടിയ ലാഭം 150 കോടി രൂപ. 4 ചിത്രങ്ങൾ നേടിയത് 170 കോടി രൂപ. മൊത്തം ചെലവായ 520 കോടി രൂപയിൽ 350 കോടി രൂപ കഴിഞ്ഞാൽ നഷ്ടം 170 കോടി രൂപയാണ്. മലയാള സിനിമയിൽ കണ്ട പുതിയ മാറ്റം വിജയിച്ചാൽ പടം പണപ്പെട്ടി അതിർത്തികളില്ലാതെ നിറയ്ക്കും. മോശം സിനിമയാണെങ്കിൽ അതുപോലെ പരാജയപ്പെടും എന്നതാണ്. ഇതിനു തെളിവാണ് നവാഗത സംവിധായകർ ഒരുക്കിയ എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, വടക്കൻ സെൽഫി, അമർ അക്‌ബർ അന്തോണി, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളുടെ മഹാവിജയം. പുതുമുഖ സംവിധായകരായിട്ടും പുതിയ താരങ്ങളായിട്ടും ചെറിയ ചിത്രങ്ങളായിട്ടും ഇവ അത്ഭുതവിജയമാണ് കരസ്ഥമാക്കിയത്.

മുമ്പൊക്കെ സിനിമ വിജയിക്കുമ്പോഴും ആ വിജയത്തിന് ഒരു പരിധിയുണ്ട്. പക്ഷേ, ഇന്ന് നല്ല ചിത്രങ്ങളാണെങ്കിൽ പരിധിയില്ലാത്ത പ്രേക്ഷക പിന്തുണയും സാമ്പത്തിക നേട്ടവും നൽകും. അതിന് ഏറ്റവും വല്ല ഉദാഹരണമാണ് പ്രേമം, എന്ന് നിന്റെ മൊയ്തീൻ, അമർ അക്‌ബർ അന്തോണി, ബാഹുബലി, ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്നീ ചിത്രങ്ങളുടെ റെക്കാർഡ് തകർത്ത കളക്ഷൻ.

ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം പ്രേമമാണ്. 4 കോടി 30 ലക്ഷം രൂപയ്ക്ക് പൂർത്തിയായ പ്രേമം 200 ദിവസമാണ് തീയേറ്ററിൽ ഉണ്ടായിരുന്നത്. ഗോഡ്ഫാദർ, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളുടെ കൂടുതൽ ദിവസം കളിച്ച റെക്കോർഡിനൊപ്പം എത്താനായില്ലെങ്കിലും അടുത്ത കാലത്ത് ഏറ്റവുമധികം ദിവസം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് പ്രേമം. ഓൺലൈനിൽ വ്യാജപ്പതിപ്പ് പ്രചരിച്ചിട്ടുപോലും പ്രേമത്തിന്റെ ജൈത്രയാത്ര തടയാനായില്ല എന്നത് മറ്റൊരു വസ്തുത. ചിത്രത്തിന് 60 കോടി രൂപയാണ് കേരളത്തിൽ നിന്നു ലഭിച്ച ഗ്രോസ് കളക്ഷൻ. 5.75 കോടി രൂപയ്ക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിൽക്കുകയും ചെയ്തു. 28 ലക്ഷം രൂപയാണ് പ്രേമത്തിന്റെ വീഡിയോ വിറ്റ ഇനത്തിൽ കിട്ടിയത്. ചിത്രത്തിന്റെ പാട്ടുകളും റെക്കോർഡ് വേഗതയിലാണ് വിറ്റഴിഞ്ഞത്. ആറോളം ഗാനങ്ങളുണ്ടായിരുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ചിത്രം മൂന്നു പുതിയ നായികമാരേയും സംഗീതസംവിധായകരേയും ഗാനരചയിതാവിനേയും നായകന്മാരേയും മലയാള സിനിമയ്ക്ക് സമ്മാനിച്ചു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രം അൻവർ റഷീദാണ് നിർമ്മിച്ചത്.

നിത്യപ്രണയത്തിന്റെ നഷ്ടസുഗന്ധം പരത്തി വന്ന എന്ന് നിന്റെ മൊയ്തീൻ ഇന്നത്തെ തലമുറയുടെ പ്രണയ സങ്കൽപ്പങ്ങൾ മുഴുവൻ തകർത്തുകളഞ്ഞ ചിത്രമാണ്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെ പതിമൂന്ന് കോടി രൂപയ്ക്കാണ് ചിത്രം പൂർത്തിയായത്. പൈസയല്ല നല്ല സിനിമയാണ് പ്രധാനം എന്ന ചിന്തയിൽ മൂന്ന് അമേരിക്കൻ മലയാളികൾ ചേർന്നൊരുക്കിയ ഈ ചിത്രത്തിന് 40 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം ലഭിച്ച ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശത്തുക സംബന്ധിച്ച ചർച്ച അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ അമേരിക്കയിലായതുകൊണ്ട് കരാറൊപ്പിടാൻ വൈകുകയാണെന്നും ഏകദേശം ധാരണയായിട്ടുണ്ട്.

താരസിംഹാസനത്തിൽ പൃഥ്വിരാജ്

മോഹൻലാലും മമ്മൂട്ടിക്കും പകരം അഭിനയ മികവുകൊണ്ടും പ്രേക്ഷകപ്രീതി കൊണ്ടും പൃഥ്വിരാജ് തന്നെ എന്ന് മലയാളം പ്രേക്ഷകർ ഉറപ്പിച്ചത് ഈ വർഷത്തിലാണ്. ബോക്‌സോഫീൽ പൃഥ്വിരാജിന്റെ പട്ടികയിൽ ഉള്ളത് രണ്ട് മെഗാഹിറ്റുകളാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അനാർക്കലിയും വിജയപട്ടികയിൽ ഇടംപിടിച്ചു. എന്ന് നിന്റെ മൊയ്തീൻ,അമർ അക്‌ബർ അന്തോണി എന്നീ വമ്പൻ ഹിറ്റുകൾ. അനാർക്കലി, പിക്കറ്റ് 43 എന്നീ വിജയചിത്രങ്ങൾ. ബോക്‌സ് ഓഫീസിൽ നേട്ടം കൊയ്തില്ലെങ്കിലും അഭിനയം കൊണ്ട് പൃഥ്വിരാജ് ഇവിടെയിൽ ശ്രദ്ധ നേടി.

യുവതാര അരങ്ങുവാണ വർഷം, ലേഡി സൂപ്പർസ്റ്റാർ പദവി പാർവതിയിലേക്ക്

നിരവധി നവാഗത താരങ്ങൾ മലയാള സിനിമയിലേക്ക് ചുവടുവച്ച വർഷം കൂടിയാണ് 2015. എന്ന് നിന്റെ മൊയ്തീനിലുടെ ആർ എസ് വിമൽ തന്നെ ഈ നിരയിലെ ഒന്നാമനായി. വടക്കൽ സെൽഫിലിയൂടെ ജി പ്രതിത്തും, അമർ അക്‌ബർ ആന്റണിയിലൂടെ നാദിർഷായും സംവിധായരായി. അനാർക്കലിയിലൂടെ സച്ചിയും കുഞ്ഞിരാമായണത്തിലൂടെ ബേസിൽ ജോസഫും ഭാവിയുതെ താരങ്ങളാണ്. ഇവരെ ൂടാതെ ബാഷ് മുഹമ്മദ് -ലുക്കാചുപ്പി, വിനീത് കുമാർ-അയാൾ ഞാനല്ല, ശ്രീബാല കെ മേനോൻ-ലവ് 24 7, മിഥുൻ മാനുവൽ തോമസ്-ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയവരും നിറഞ്ഞു നിന്നു.

അഭിനയ രംഗത്ത് ധ്യാൻ ശ്രീനിവാസൻ മികവു കാണിച്ച യുവതാരം ആയപ്പോൾ പ്രേമം സിനിമയിലൂടെ സായി പല്ലവി മലയാളത്തിൽ തരംഗം തന്നെ തീർത്തു. എന്ന് നിന്റെ മൊയ്തീനിലൂടെയും ചാർലിയിലൂടെയും പാർവതി ലേഡി സൂപ്പർസ്റ്റാർപദവിയിലേക്ക് നീങ്ങുന്നതും ഈ വർഷം കണ്ടു.