- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആഭ്യന്തരവും ആരോഗ്യവും മമത ബാനർജി തന്നെ കൈകാര്യം ചെയ്യും; മത്സരിക്കാതിരുന്ന മുൻ ധനമന്ത്രി അമൻ മിത്ര വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു; മുൻ ക്രിക്കറ്റർ മനോജ് തിവാരി കായിക വകുപ്പ് സഹമന്ത്രിയായി; ബംഗാളിൽ 43 മന്ത്രിമാർ; കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും ഇത്തവണ 17 മന്ത്രിമാർ തുടരും
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാറിലെ മന്ത്രിമാരും അധികാരമേറ്റും. മുഖ്യമന്ത്രി മമത ബാനർജി ആഭ്യന്തരവും ആരോഗ്യവും അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ കഴിഞ്ഞ മന്ത്രിസഭയിലെ അമൻ മിത്ര ത്ന്നെ ധനമന്ത്രിയായി തുടരും. മന്ത്രിസഭയിലെ 43 അംഗങ്ങളാണ് കഴിഞ്ഞ ദിവസം അധികാരമേറ്റത്. ഗവർണർ ജഗ്ദീപ് ധൻകർ മന്ത്രിമാർക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ മന്ത്രിസഭയിലെ 17 പേർ ഇത്തവണയുമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 9 സഹമന്ത്രിമാരുമുണ്ട്.
ശ്വാസകോശ രോഗം മൂലം മത്സരിക്കാതിരുന്ന മുൻ ധനമന്ത്രി അമൻ മിത്ര വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹത്തിനു പകരം ഖർദയിൽ സ്ഥാനാർത്ഥിയായിരുന്ന കാജൽ സിൻഹ തിരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിതനായി മരിച്ചിരുന്നു. അമൻ മിത്ര, കോവിഡ് ബാധിതരായ ബ്രത്യ ബസു, രതിൻ ഘോഷ് എന്നിവർ വെർച്വലായാണ് സത്യപ്രതിജ്ഞ ചെയ്തത്. മമത കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് ആഭ്യന്തരവും ആരോഗ്യവും കൈകാര്യം ചെയ്യുന്നത്. മറ്റു ചില വകുപ്പുകൾ കൂടി മമത ഭരിക്കും. മുൻ ക്രിക്കറ്റർ മനോജ് തിവാരി സ്പോർട്സ് സഹമന്ത്രിയാണ്. മമതയെ നന്ദിഗ്രാമിൽ തോൽപിച്ച സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവായി ബിജെപി തിരഞ്ഞെടുത്തു.
മന്ത്രിസഭയിൽ 18 പേർ പുതുമുഖങ്ങളാണ്. എട്ടു വനിതകളും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഏഴുപേരും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലുണ്ട്. ആദ്യമായി നിയമസഭയിലെത്തിയ സിനിമാനടി ബിർബാഹ ഹൻസ്ദയും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഹുമയൂൺ കബീറും മന്ത്രിമാരായി. മമതയ്ക്കെതിരേ മത്സരിച്ച സുവേന്ദു അധികാരി, വിമതൻ രാജിവ് ബാനർജി എന്നിവരുടെ ജില്ലയിൽ നിന്നുള്ള അഖിൽ ഗിരി, അരൂപ് റോയ് എന്നിവരും മന്ത്രിസഭയിലുണ്ട്.
അതിനിടെ മമത ബാനർജി സർക്കാറിലെ മന്ത്രിമാർ അധികാരമേറ്റതിന് പിന്നാലെ നാരദ ഒളിക്യാമറാ കേസിൽ പ്രോസിക്യൂട്ടു ചെയ്യാൻ ഗവർണർ അനുമതി നൽകിയത് വിവാദമായി. പുതുതായി സത്യപ്രതിജ്ഞചെയ്ത രണ്ടു മന്ത്രിമാരടക്കം നാലു മുതിർന്നനേതാക്കളെ നാരദ ഒളിക്യാമറക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ജഗദീപ് ധൻകർ അനുമതി നൽകി. മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കീം, എംഎൽഎ. മദൻ മിത്ര, തൃണമൂൽവിട്ട് ബിജെപി.യിലെത്തിയ സോവൻ ചാറ്റർജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി.
മമതാ സർക്കാരിലെ മന്ത്രിമാരായിരുന്ന ഇവർ കോഴവാങ്ങുന്ന ദൃശ്യങ്ങൾ 2016-ൽ മാത്യു സാമുവലിന്റെ നാരദാ ചാനൽ ഒളിക്യാമറയിൽ ചിത്രീകരിച്ചിരുന്നു. തുടർന്ന് കൽക്കത്ത ഹൈക്കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടു. ഇവർക്കെതിരേ തെളിവുണ്ടെന്നും പ്രോസിക്യൂഷന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ജനവരിയിലാണ് സിബിഐ. ഗവർണർക്ക് കത്തയച്ചത്. വെള്ളിയാഴ്ചയാണ് അനുമതി നൽകിയുള്ള ഉത്തരവിൽ ഗവർണർ ഒപ്പിട്ടത്. ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് സിബിഐ. അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ