കൊൽക്കത്ത: പെഗസ്സസ് വിവാദം ശക്തമാകുമ്പോൾ കേന്ദ്രസർക്കാറിനെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോൺ ചോർത്തൽ തടയാനായി തന്റെ ഫോൺ പൊതിഞ്ഞുവെച്ചിരിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു. പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടാണ് മമതയുടെ പ്രസ്താവന. ഇസ്രയേൽ ചാരസോഫ്റ്റുവെയർ ഇന്ത്യൻ നേതാക്കളുടെ ഫോൺ ചോർത്തിയതിൽ സുപ്രീംകോടതി സ്വമേധയ കേസെടുക്കണമെന്നും മമത ആവശ്യപ്പെട്ടു.

'ഞാനെന്റെ ഫോൺ പൊതിഞ്ഞുവെച്ചിരിക്കുകയാണ്. ഓഡിയോ ആയാലും വീഡിയോ ആയാലും അവർ ചോർത്തും.'- പൊതിഞ്ഞുവെച്ച ഫോൺ ഉയർത്തിപ്പിടിച്ച് മമത പറഞ്ഞു. ഡൽഹിയിലും ഒഡീഷയിലുമൊക്കെയുള്ള തന്റെ സഹപ്രവർത്തകരോട് സംസാരിക്കാൻ സാധിക്കുന്നില്ലെന്നും പെഗസ്സസ് വളരെ അപകടകാരിയാണെന്നും മമത പറഞ്ഞു. 'അവർ ജനങ്ങളെ അപഹസിക്കുകയാണ്. എനിക്ക് ചില നേരം ആരോടും സംസാരിക്കാൻ സാധിക്കില്ല. എനിക്ക് ഡൽഹി മുഖ്യമന്ത്രിയെയോ ഒഡീഷ മുഖ്യമന്ത്രിയേയോ വിളിക്കാൻ സാധിക്കില്ല'-മമത പറഞ്ഞു.

മന്ത്രിമാരുടെയും ജഡ്ജിമാരുടെയും വരെ ഫോൺ ചോർത്തി. ജനാധിപത്യത്തെ അവർ നശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ, ജുഡീഷ്യറി, മന്ത്രിമാർ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടത്തും പെഗസ്സസ് നുഴഞ്ഞുകയറി. ജനാധിപത്യത്തിൽ നിന്ന് മാറ്റി രാജ്യത്തെ നിരീക്ഷണത്തിന് അകത്താക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.