- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ബിജെപി പ്രവർത്തകരെത്തി ബൂത്തുപിടിക്കുന്നു'; ഇ വി എം മെഷീൻ പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്; സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമെന്ന് മമത ബാനർജി; ബംഗാളിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിൽ
നന്ദിഗ്രാം: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ. വോട്ടെടുപ്പിനിടെ ബൂത്ത് പിടിക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധന പ്രശ്നം നേരിടുന്നുവെന്നും ഏത് നിമിഷവും എന്തും സംഭവിച്ചേക്കാമെന്നും മമത ബാനർജി ഗവർണറെ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് നന്ദിഗ്രാമിലും വോട്ടെടുപ്പ് നടക്കുന്നത്. മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ എത്തുന്ന നന്ദിഗ്രാമിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
നന്ദിഗ്രാമിലെ തന്റെ വീട്ടിലിരുന്നുകൊണ്ടാണ് മമത സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഏകദേശം ഒരു മണിയോടെ ബൂത്തുപിടിത്തം നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഗുണ്ടകളെ ഇറക്കി അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തൃണമൂൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ 63നോളം പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയെന്നും എന്നാൽ ഇതേവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.
ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ളവരാണ് മുദ്രാവാക്യം മുഴക്കി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അവർ പ്രതിഷേധിക്കുന്നതെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ സുഗമമായി നടക്കുന്നതിനായി ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ നിന്നും സുരക്ഷ ഉദ്യോഗസ്ഥരെ ബംഗാളിൽ നിയോഗിക്കരുതെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുമെന്നായിരുന്നു ആരോപണം.
ബിജെപി പ്രവർത്തകരാണ് ബൂത്ത് പിടിക്കാനെത്തിയതെന്ന ആരോപണവുമായി മുതിർന്ന തൃണമൂൽ നേതാവ് ഡെറിക്ക് ഒബ്രിയൻ രംഗത്തെത്തി. ബൂത്ത് നമ്പർ 6, 7, 49, 27, 26, 13, 262, 256, 163, 20 എന്നിവിടങ്ങളിലേക്കെത്തിയ ബിജെപി പ്രവർത്തകർ ഇവി എം മെഷീൻ പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഘട്ട തെരഞ്ഞടുപ്പ് ആരംഭിച്ചത് മുതൽ 150 തോളം വോട്ടിങ് മെഷീനുകളിൽ അട്ടിമറി നടക്കുന്നെന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയിത്ര എംപിയും രംഗത്തെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്