കൊൽക്കത്ത: കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാൾ. സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിരിക്കുന്ന കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിന് നികുതിയിൽ ഇളവ് തേടിയാണ് മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ചില സ്ഥാപനങ്ങൾ, വ്യക്തികൾ, ഏജൻസികൾ മുതലായവ ചികിത്സാ സഹായങ്ങൾ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ, സംഭരണ ടാങ്കുകൾ, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവ അതിലുൾപ്പെടുന്നു. ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയിൽ നിന്ന് ഇളവ് നൽകണമെന്നാണ് മമതയുടെ പ്രധാന ആവശ്യം.

നിരവധി പേർ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തിൽ വ്യക്തമാക്കി. കസ്റ്റംസ്, ജിഎസ്ടി, സിജിഎസ്ടി തുടങ്ങിയവ കേന്ദ്രസർക്കാരിന്റെ പരിധിയിൽ ഉൾപെടുന്നതിനാൽ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.

പുറത്തുനിന്ന് ലഭിക്കുന്ന ഇത്തരം സഹായങ്ങൾ കോവിഡിനെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിനെ വലിയ രീതിയിൽ പിന്തുണയ്ക്കുമെന്നും മമത പറയുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ശേഷം മമത കത്തയയ്ക്കുന്നത് മൂന്നാം തവണയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

ബംഗാളിലേയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേയും ആരോഗ്യമേഖലയിലെ അടിസ്ഥാന ആവശ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്സിജൻ തുടങ്ങിയവയുടെ വിതരണം വർധിപ്പിക്കണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടു.