- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃണമൂൽ കോൺഗ്രസിനെ വിജയിപ്പിക്കാൻ മമത ബാനർജി സഹായം തേടിയെന്ന് ബിജെപി നേതാവ്; പ്രാലൈ പാലിന്റെ വെളിപ്പെടുത്തൽ ഓഡിയോ ക്ലിപ്പ് സഹിതം
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്. നന്ദിഗ്രാമിലെ ബിജെപി നേതാവ് പ്രാലൈ പാൽ ആണ് തെരഞ്ഞെടുപ്പിൽ മമത ബാനർജി തന്റെ സഹായം തേടിയെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മമത ബാനർജിയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് സഹിതമാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മമത തന്നെ നേരിട്ട് വിളിച്ച് നന്ദിഗ്രാമിലെ സീറ്റുകളിൽ വിജയിപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് പാലിന്റെ ആരോപണം. പ്രാലൈ പാൽ പുറത്തുവിട്ട വീഡിയോയിലാണ് മമത തന്നെ വിളിച്ചെന്ന് ഇയാൾ അവകാശപ്പെടുന്നത്. ഒരു ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിട്ടുണ്ട്. തൃണമൂലിനെ വിജയിപ്പിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ സുവേന്തു അധികാരിക്കൊപ്പവും ബിജെപിക്കൊപ്പവുമാണ് നിലകൊള്ളുന്നതെന്നും പാൽ പറഞ്ഞു.
അതേസമയം, ബിജെപി സ്ഥാനാർത്ഥി സുവേന്തു അധികാരിയുടെ സഹോദരന് നേരെ ബംഗാളിൽ ആക്രമണം നടന്നതായി ബിജെപി ആരോപിച്ചിരുന്നു. ഈസ്റ്റ് മിഡ്നാപൂരിൽ നിന്ന് സോമേന്തു അധികാരിയുടെ കാറിന് നേരെ ആക്രമണം നടന്നെന്നും ഡ്രൈവറെ മർദ്ദിച്ചെന്നുമാണ് ആരോപണം. തൃണമൂൽ കോൺഗ്രസ് ആണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
ഇതിനിടെ, സിപിഎം സ്ഥാനാർത്ഥിക്ക് നേരെയും ആക്രമണമുണ്ടായി. സാൽബോണി നിയോജകമണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ സുശാന്ത ഘോഷാണ് ആക്രമണത്തിന് ഇരയായത്. സുശാന്ത ഘോഷിനെ അജ്ഞാതരായ അക്രമികൾ മർദ്ദിക്കുകയായിരുന്നു. ഘോഷിനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ആക്രമികൾ രക്ഷപ്പെടുകയും ചെയ്തു.
ഇന്ന് രാവിലെയാണ് പശ്ചിമബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 30 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ 7 ന് ആരംഭിച്ച പോളിങ് വൈകുന്നേരം 6: 30 ന് സമാപിക്കും. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയിൽ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയരീതിയിലുള്ള വാക്പ്പോരാണ് നടന്നത്.
മറുനാടന് മലയാളി ബ്യൂറോ