- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവക്ഷേത്രത്തിലെ പ്രാർത്ഥനക്ക് പിന്നാലെ രണ്ട് കിലോമീറ്റർ റോഡ് ഷോയും; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് പാർട്ടി ജനറൽ സെക്രട്ടറി സുബ്രതാ ബക്ഷിക്കൊപ്പം; താൻ തെരുവിൽ പോരാടി വന്നവളാണെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സുബ്രതാ ബക്ഷിക്കൊപ്പം രണ്ട് കിലോമീറ്റർ റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാണ് മമത ഹാൽദിയ സബ് ഡിവിഷണൽ ഓഫീസിൽ എത്തി നോമിനേഷൻ നൽകിയത്.
നന്ദിഗ്രാം മണ്ഡലത്തിൽ നിന്നാണ് മമത ജനവിധി തേടുന്നത്. ശിവക്ഷേത്രത്തിൽ എത്തി പ്രാർത്ഥനകൾക്ക് ശേഷമാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാൻ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താൻ തെരുവിൽ പോരാടി വന്നവളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമർപ്പണത്തിന് ശേഷം മമത പറഞ്ഞു.
എതിർ സ്ഥാനാർത്ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമർപ്പിക്കും. മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാർട്ടിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്നാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. താൻ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാൽ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തിൽ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടർ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ അരലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു നേരത്തെ പറഞ്ഞിരുന്നു.
എട്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്. മാർച്ച് 27 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളിലെ പതിനാറാമത് നിയമസഭയുടെ കാലാവധി ഈ വർഷം മെയ് 30 ന് അവസാനിക്കും.
മറുനാടന് മലയാളി ബ്യൂറോ