കൊൽക്കത്ത: രാജ്യത്തെ രക്ഷിക്കാനായി സിപിഎമ്മുമായി സഹകരിക്കാനും തയ്യാറെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനം രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നുവെന്നും മമത പറഞ്ഞു.

പ്രത്യയശാസ്ത്രപരമായി നിരവധി വിയോജിപ്പുണ്ടെങ്കിലും രാജ്യത്തെ രക്ഷിക്കാൻ സിപിഎമ്മിനൊപ്പം നിൽക്കാൻ തയ്യാറാണ്. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബിഎസ്‌പി തുടങ്ങിയ പാർട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടു.

യാതൊരു മുൻ കരുതലും ഇല്ലാതെ എടുത്ത ഈ തീരുമാനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും മമത പറഞ്ഞു. മമത നേരത്തെ ബിജെപിക്കെതിരെ വർഗീയ വിരുദ്ധ മുന്നണി രൂപം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിമി പ്രവർത്തകർ കൊല്ലപ്പെട്ടത്, രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്, എൻഡിടിവിയെ നിരോധിച്ചതടക്കമുള്ള നീക്കങ്ങളുമായി അടിയന്തരാവസ്ഥക്ക് സമാനമായ ഇടപെടലുകളുമായിമോദി സർക്കാർ മുന്നോട്ട് പോകുമ്പോൾ ബിജെപി സർക്കാറിനെതിരെ യോജിച്ച നീക്കം ഇന്ത്യയിൽ ഉണ്ടാകണമെന്ന് മമത ആഹ്വാനം ചെയ്തിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കുമെന്നും മമത പറഞ്ഞിരുന്നു. അതിനോട് പ്രതിപക്ഷ കക്ഷികളുടെ പ്രതികരണം മികച്ചതായതിനെ തുടർന്നാണ് മമതയുടെ നീക്കം വേഗത്തിലായത്.