- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമത ബാനർജി വരച്ച ചിത്രത്തിന് എങ്ങനെ 1.8 കോടി പ്രതിഫലം കിട്ടി? ചിട്ടി തട്ടിപ്പിന്റെ പുറന്തോട് മാറ്റുമ്പോൾ ബംഗാൾ മുഖ്യമന്ത്രിയുടെ മുഖവും പൊള്ളുന്നു
പ്രമാദമായ ശ്രദ്ധ ചിട്ടിതട്ടിപ്പും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ...?. അതിന് സാധ്യതയേറ്റുന്ന തെളിവുകളാണ് സിബിഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതായത് മമതാബാനർജി വരച്ച ഒരു പെയിന്റിങ് 1.8 കോടിരൂപക്ക് വാങ്ങിയിരിക്കുന്നത് ശ്രദ്ധാ ചിട്ടിക്കമ്പനിയുടെ പ്രമോട്ടറായ സുദീപ്ത സെന്നാണെന്നാണ് സിബിഐ ഇപ്പോൾ കണ്ടെത

പ്രമാദമായ ശ്രദ്ധ ചിട്ടിതട്ടിപ്പും പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ...?. അതിന് സാധ്യതയേറ്റുന്ന തെളിവുകളാണ് സിബിഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതായത് മമതാബാനർജി വരച്ച ഒരു പെയിന്റിങ് 1.8 കോടിരൂപക്ക് വാങ്ങിയിരിക്കുന്നത് ശ്രദ്ധാ ചിട്ടിക്കമ്പനിയുടെ പ്രമോട്ടറായ സുദീപ്ത സെന്നാണെന്നാണ് സിബിഐ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇൻകം ടാക്‌സ് ഡിപ്പാർട്ട് മെന്റിൽ നിന്നാണ് സിബിഐ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചിരിക്കുന്നത്.
മമതയുടെ വിശ്വസ്തനും മുൻ മന്ത്രിയുമായ മുകുൾ റോയിയെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ദീപാവലിക്ക് ശേഷം വിളിപ്പിക്കുമെന്നാണ് സൂചന. ശ്രദ്ധ ഗ്രൂപ്പിനും തൃണമൂൽ നേതാക്കൾക്കും തമ്മിലുള്ള ബന്ധങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സുദീപ്ത സെന്നും മമതയും തമ്മിലുള്ള ഇടപാടുകളും സിബിഐ അന്വേഷിക്കാനൊരുങ്ങുന്നത്.
മമതയുടെ പെയിന്റിങ് 1.8 കോടിക്ക് വിറ്റതായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നരേന്ദ്ര മോദി ആരോപണമുന്നയിച്ചിരുന്നു. എന്നാൽ താൻ മമതയുടെ പെയിന്റിങ് വാങ്ങിയത് സെൻ നിഷേധിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഫയൽ ചെയ്ത ഇൻകം ടാക്‌സ് റിട്ടേൺ പ്രകാരം സെന്നിന്റെ ഗ്രൂപ്പ് ഇത്തരമൊരു പെയിന്റിങ് വാങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് സിബിഐ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
കഴിഞ്ഞയാഴ്ച മുകുൾ റോയിയുടെ ഉത്തരവാദിത്വങ്ങൾ മറ്റുള്ളവർക്കായി വിഭജിച്ച് നൽകുന്നത് വരെ തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായിരുന്നു അദ്ദേഹം. ചിട്ടിതട്ടിപ്പിൽ ആറ് തൃണമൂൽ നേതാക്കളെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ദീപാവലിക്ക് ശേഷം മുകുൾ റോയിയെയും ചോദ്യം ചെയ്യുമെന്നാണ് സിബിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്. കുനൽ ഘോഷ് തൃണമൂലിന്റെ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിയാണ്. ശ്രദ്ധചിട്ടി തട്ടിപ്പിൽ ഉൾപ്പെട്ടതിന്റെ പേരിൽ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുകുൾ റോയ്, സബേന്ദു അധികാരി, മദൻ മിത്ര എന്നീ നേതാക്കൾക്കും പ്രസ്തുത തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഘോഷ് ആരോപിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ട തൃണമൂലിന്റെ രണ്ട് രാജ്യസഭാ എംപിമാർ, ഒരു ലോക്‌സഭ എംപി, ഒരു സംസ്ഥാന മന്ത്രി എന്നിവരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. മുകുൾ റോയിയും സുദീപ്ത സെന്നും തമ്മിലുള്ള സംഭാഷണങ്ങൾ എടുത്ത് കാട്ടി ഘോഷ് സിബിഐക്ക് കത്തയച്ചിട്ടുണ്ട്. ഇതുപ്രകാരം റോയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഘോഷിന്റെ ആവശ്യം.
കേസിൽ അറസ്റ്റിലായ മററ് പലരും മുകുൾ റോയിയുടെ പേര് പരാമർശിച്ചിട്ടുണ്ട്. സുദീപ്ത സെന്നിന്റെ ഡ്രൈവറായ അരവിന്ദ് ചൗഹാനും മുകുൾ റോയിക്ക് കേസിൽ പങ്കുണ്ടെന്ന് പറയുന്നു. ജയിലിൽ നിന്ന് പുറത്തെത്തിയതിന് ശേഷമാണിയാൾ ഇത് വെളിപ്പെടുത്തിയിരുന്നത്. സെൻ മുകുൾ റോയിയെ കണ്ടത് നിസാം പാലസിൽ നിന്നായിരുന്നുവെന്നും സെൻ കൊൽക്കത്തിയിൽ നിന്നും കാശ്മീരിലേക്ക് മുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിക്കാഴ്ചയെന്നും അരവിന്ദ് വെളിപ്പെടുത്തിയിരുന്നു.
മുകുൾ റോയ് ശ്രദ്ധ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പണം കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് ടിഎംസിയുടെ മുൻ ഉത്തർപ്രദേശ് കൺവീനറും കൊൽക്കത്തയിലെ ബിസിനസ്സുകാരനുമായ ആസിഫ് ഖാൻ ആരോപിക്കുന്നത്. തട്ടിപ്പിൽ നിന്ന് കിട്ടിയ പണമുപയോഗിച്ച് മുകുൾ ഒരു ഉറുദു പത്രം കൈക്കലാക്കിയെന്നും ഖാൻ വെളിപ്പെടുത്തുന്നു. താനോ തന്റെ സഹപ്രവർത്തകരോ ശ്രദ്ധ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ ആ നിമിഷം പാർട്ടി വിടുമെന്ന് മുകുൾ റോയ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
മിഡ്‌നാപൂരിലെ കെഷ്പൂരിൽ ഒരു റാലിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കേസുമായി ബന്ധപ്പെട്ട ആദ്യ ചാർജ് ഷീറ്റിന് അന്തിമരൂപം നൽകാനുള്ള നീക്കത്തിലാണ് സിബിഐ. അവസാനം കേസ് കറങ്ങിത്തിരിഞ്ഞ് മമതയുടെ നേരെയെത്തുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രക്കച്ചവടം തെളിഞ്ഞത് അതിലേക്കുള്ള ഒരു വഴിത്തിരിവാകാൻ സാധ്യതയേറെയാണ്.

