- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
291 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്; മൂന്ന് സീറ്റുകൾ സഖ്യകക്ഷികൾക്കും; സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച മമത മത്സരിക്കുക നന്ദിഗ്രാമിൽ; ബംഗാൾ പിടിക്കാനെത്തിയ ബിജെപിയിൽ സീറ്റീനായി കടിപിടി തുടരുമ്പോൾ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. നന്ദിഗ്രാമടക്കം 291 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സഖ്യകക്ഷികൾക്കായി മൂന്ന് സീറ്റുകൾ വിട്ടുകൊടുത്തതായി മമത അറിയിച്ചു. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കും. മമത സ്ഥിരമായി മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലത്തിൽ ഇത്തവണ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയുമായ സോവൻദേബ് ചാറ്റർജിയാണ് സ്ഥാനാർത്ഥി.
സ്ഥാനാർത്ഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 മുസ്ലിം സ്ഥാനാർത്ഥികളുണ്ട്. 79 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. നന്ദിഗ്രാമിലെ തൃണമൂൽ എംഎൽഎ ആയിരുന്ന സുവേന്ദു അധികാരി അടുത്തിടെ അനുയായികൾക്കൊപ്പം ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് അദ്ദേഹം മമതയെ നന്ദിഗ്രാമിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് മമത ഏറ്റെടുത്തിരിക്കുന്നത്. മറ്റൊരു മണ്ഡലത്തിൽ കൂടി മമത മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 294 അംഗ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇക്കുറി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുക.
മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മമത പ്രചാരണ രംഗത്ത് സജീവമാകുമ്പോൾ, ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബിജെപി വമ്പൻ പ്രതിസന്ധയിലാണ്. സീറ്റ് മോഹികളുടെ എണ്ണമാണ് ഇതിന് കാരണം. ബിജെപിക്കൊപ്പം നിന്ന് പാർട്ടി വളർത്തിയവരും വിവിധ പാർട്ടികളിൽനിന്ന് ബിജെപിയിലേക്കു വന്നവരും തമ്മിലാണ് വിവിധ വിഷയങ്ങളിൽ ആശയഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതെല്ലാം നിയമസഭാ സീറ്റ് ലക്ഷ്യമിട്ടുള്ള തർക്കമാണ്.
ബംഗാളിൽ നാമമാത്രമായിരുന്നു ബിജെപി. തൃണമൂൽ കോൺഗ്രസിനെതിരെ അതിശക്തമായ പ്രചരണവുമായി ലോക്സഭയിൽ ബിജെപി മിന്നും പ്രകടനം നടത്തി. ഇത്തവണ അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. പക്ഷേ പാർട്ടിലെ പ്രശ്നങ്ങൾ രൂക്ഷമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാൾ ബിജെപിയിൽ പടലപിണക്കം. ഹാട്രിക് ഭരണം നേടാൻ തയ്യാറെടുത്തിരിക്കുന്ന മമത ബാനർജിയെ തകർത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.
വോട്ട് വിഹിതത്തിലും പാർട്ടിക്ക് അടിത്തറ മെച്ചപ്പെടുത്തിയും ബിജെപിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച വളർച്ചയാണ് ബംഗാളിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ബിജെപി വിവിധ പാർട്ടികളിൽനിന്നുള്ളവർക്ക് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി പല പാർട്ടികളിൽനിന്നുള്ളവരെയും മറുകണ്ടം ചാടിച്ചു കൊണ്ടുവരുന്നുണ്ട്. തൃണമൂൽ കോൺഗ്രസിൽ നിന്ന് പ്രമുഖർ പലരും ബിജെപിയിൽ എത്തി. അങ്ങനെ മമതയെ തകർക്കനായിരുന്നു പദ്ധതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായായിരുന്നു ഇതിന് പിന്നിൽ.
അങ്ങനെ കോൺഗ്രസിൽ നിന്നും തൃണമൂലിൽ നിന്നും നേതാക്കൾ ബിജെപിയിൽ എത്തി. സിപിഎം ആകെ തളർന്നു. ഈ നേതാക്കളും ബിജെപിയിലാണ് എത്തിയത്. പലർക്കും സീറ്റ് വാഗ്ദാനം നൽകിയാണ് ഇത്തരം 'ചാടിക്കൽ'. എന്നാൽ പാർട്ടിയെ വളർത്തി, ഇനി എങ്ങനെയും വിജയിക്കും എന്ന ഘട്ടം വന്നപ്പോൾ പുതുതായി വന്നവർക്ക് മുതിർന്ന നേതാക്കളേക്കാൾ കൂടുതൽ പരിഗണന നൽകുന്നതിലാണ് പ്രശ്നം.
അഴിമതിക്കെതിരെ പോരാടുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിച്ച് വളർന്ന ബിജെപിയിലേക്ക് എത്തിയവരിൽ പലരിലും അഴിമതിക്കറയുണ്ടെന്ന സ്ഥിതിയാണ് ഇപ്പോൾ. കൂട്ടമായി ആളുകളെ എടുക്കുന്ന തന്ത്രം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പക്ഷേ, അതുണ്ടാക്കിയ നാശം നടന്നുകഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. 294 മണ്ഡലങ്ങളിലേക്കായി സീറ്റുമോഹികളുടെ എണ്ണം 8000 ആണ്. ഇതിൽനിന്നും സ്ഥാനാർത്ഥികളെ കണ്ടെത്തുക പ്രതിസന്ധിയാണ്. അമിത് ഷാ നേരിട്ട് എല്ലാം നിശ്ചയിക്കാനാണ് സാധ്യത.
സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുന്നതിലൂടെ വിഭാഗീയ പ്രശ്നം വഷളാകാൻ സാധ്യതയുണ്ടെന്നു നേതൃത്വം വിലയിരുത്തുന്നുണ്ട്. ആർഎസ്എസിനും പാർട്ടിയുടെ തലമുതിർന്ന നേതാക്കൾക്കും മറ്റു പാർട്ടികളിൽനിന്ന് കൂടുതൽ നേതാക്കൾ എത്തുന്നതിൽ അതൃപ്തിയുണ്ട്. ആകെ 28 എംഎൽഎമാർ എത്തിയതിൽ ടിഎംസിയിൽനിന്നു മാത്രം 19 പേരുണ്ട്. ഒരു സിറ്റിങ് എംപിയും തൃണമൂൽ വിട്ട് ബിജെപിയിലെത്തി. ഇവർക്കെല്ലാം അർഹിക്കുന്ന പരിഗണന കൊടുക്കണം.
അതേസമയം, ബിജെപി ഒരു വലിയ കുടുംബമാണെന്നും അതു വലുതാകുന്തോറും ഇത്തരം പ്രശ്നങ്ങൾ വരുമെന്നും സംസ്ഥാന ബിജെപി മേധാവി ദിലീപ് ഘോഷ് വ്യക്തമാക്കി. 'മറ്റു പാർട്ടികളിൽനിന്ന് ആളുകൾ വന്നില്ലെങ്കിൽ ഞങ്ങൾ എങ്ങനെ വളരും. പാർട്ടിയുടെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. ആരും പാർട്ടിക്ക് അതീതരല്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ടു ഘട്ടമായാണ് ബംഗാളിലെ തിരഞ്ഞെടുപ്പ്. മാർച്ച് 27ന് 30 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. മെയ് 2നാണ് വോട്ടെണ്ണൽ.
മറുനാടന് മലയാളി ബ്യൂറോ