കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്ന് റിപ്പോർട്ട്. തൃണമൂൽ എംഎൽഎ സൊവാൻ ദേബ് രാജിവയ്ക്കുമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ചിരുന്നെങ്കിലും ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 1700 വോട്ടിനായിരുന്നു പരാജയം. വോട്ടിങ് മെഷിനീൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് പരാജയത്തിന് പിന്നാലെ മമത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

2011ലും 2016ലും ഭവാനിപൂരിൽ നിന്നാണ് മമത ബാനർജി മത്സരിച്ച് വിജയിച്ചത്. 2016ൽ 25,000ത്തിലധികം വോട്ടുകൾക്കായിരുന്നു മമതയുടെ വിജയം. ഇത്തവണ തെരഞ്ഞടുപ്പിന് തൊട്ടുമുൻപ് വിശ്വസ്തൻ സുവേന്ദു അധികാരി ബിജെപിയിൽ ചേരുകയും സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കാൻ തീരുമാനിക്കുയും ചെയ്തു.

ഇതിന് പിന്നാലെ നന്ദിഗ്രാമിൽ തന്നോട് ഏറ്റുമുട്ടാൻ മമതയെ സുവേന്ദു വെല്ലുവിളിക്കുകയും ചെയ്തു. തുടർന്ന് മമത നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടുകയായിരുന്നു.