- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശാന്ത് കിഷോർ പക പോക്കുന്നോ? മമതയെ മുന്നിൽ നിർത്തി യുപിഎ സഖ്യത്തെ തകർക്കാനുള്ള നീക്കം പാരയാകുന്നത് കോൺഗ്രസിന്; ശരത് പവാറിനെ കണ്ട ശേഷം മമത ബാനർജി പറഞ്ഞത് യുപിഎ സഖ്യം ഇല്ലാതായെന്ന്; മമതയുടെ ബദൽ നീക്കം കണ്ട് ചിരിക്കുന്നത് മോദിയും അമിത്ഷായും തന്നെ
മുംബൈ: കോൺഗ്രസ് പാർട്ടിയിൽ കയറി അധികാരകേന്ദ്രം ആകാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ പാളിയതിന് പിന്നാലെ അദ്ദേഹം കോൺഗ്രസിന് തിരിച്ചടിയാകുന്ന നീക്കങ്ങളാണ് നടത്തുന്നത്. മമത ബാനർജിയെ മുന്നിൽ നിർത്തി മോദി വിരുദ്ധസഖ്യം രൂപീകരിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസിനെ ഒഴിവാക്കുക എന്ന തന്ത്രമാണ് പ്രശാന്തിന്റേത്. ഈ തന്ത്രം എത്രകണ്ട് ഗുണം ചെയ്യുമെന്ന് കണ്ടു തന്നെ അറിയണം.
അതേസമയം ഇപ്പോൾ യുപിഎയിൽ ഉള്ള കക്ഷികളുമായി സഹകരിക്കാനും മമത ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശരത് പവാറിനെ കാണാൻ മമത ബാനർജി എത്തിയതും. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മഹാരാഷ്ട്ര സന്ദർശനത്തിനിടെ ബുധനാഴ്ച മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള മമതയുടെ പ്രതികരണം.
ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടു. തുടർന്ന് സംയുക്തമായാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.
മമതയുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പവാറും വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നും പവാർ പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരായ മമതയുടെ വിമർശനത്തിനുള്ള കൃത്യമായ മറുപടി പവാർ നൽകിയില്ല.
അതേസമയം, മമതയുടെ പ്രതികരണത്തെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോൽപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതുവെറും സ്വപ്നം മാത്രമായിരിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. യു പി എയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മമതയും കുറച്ചു നാളുകളായി സ്വരചേർച്ചയിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രസ്താവന വരുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലുള്ള മമത വിവിധ ദേശീയ നേതാക്കളുമായി ചർച്ച നടത്തി വരികയാണ്.
അടുത്ത ലോക്സഭാ ഇലക്ഷനിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിലാണ് മമതയെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായി വിവിധ പ്രതിപക്ഷ നേതാക്കന്മാരെ കാണാൻ വേണ്ടിയാണ് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ന്യൂഡൽഹി സന്ദർശനത്തിന് മമത തുനിഞ്ഞതെന്നും ബിജെപിയുടെ ബംഗാൾ അദ്ധ്യക്ഷൻ സുകന്ദാ മജുംദാർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ