- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുർഗാ സ്തുതി ചൊല്ലി പ്രതികാര ദുർഗയായി മമത ബാനർജി; തന്നെ കൊലപ്പെടുത്തി അധികാരം പിടിക്കാമെന്ന് ബിജെപി കരുതുന്നുണ്ടോ എന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി; ബംഗാളിലെ ജനങ്ങൾ ബിജെപിയോട് പകരം വീട്ടാൻ കാത്തിരിക്കുകയാണെന്നും മുന്നറിയിപ്പ്
കൊൽക്കത്ത: തന്നെ കൊലപ്പെടുത്തി അധികാരം പിടിക്കാമെന്ന് ബിജെപി കരുതുന്നുണ്ടോ എന്ന ചോദ്യമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബങ്കുരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ബംഗാളിലെ ജനങ്ങൾ ബിജെപിയോട് പകരം വീട്ടാൻ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു. വേദിയിൽ ദുർഗാ സ്തുതി ചൊല്ലിയായിരുന്നു മമതയുടെ പ്രസംഗം.
‘ആരെയൊക്കെ തുറുങ്കിലടയ്ക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും തീരുമാനിക്കുന്ന ആളാണോ രാജ്യത്തെ ആഭ്യന്തരമന്ത്രി? തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രിക്കുന്നത് ആരാണ്? അമിത് ഷാ അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾക്ക് സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടത്തുകയാണ് അമിത് ഷായുടെ ജോലി', മമത പറഞ്ഞു. രാജ്യത്തിന്റെ കാര്യം നോക്കുന്നതിന് പകരം അമിത് ഷാ കൊൽക്കത്തയിൽ ഇരുന്നു ടി.എം.സി നേതാക്കളെ ഉപദ്രവിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും മമത പറഞ്ഞു. ‘അവർക്ക് എന്താണ് വേണ്ടത്? എന്നെ കൊല്ലാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? എന്നെ കൊന്നുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് അവർ കരുതുന്നുണ്ടോ?', മമത പറഞ്ഞു.
തനിക്ക് നേരെ ആക്രമണം നടന്നെന്ന മമതയുടെ വാദം തെറ്റാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമർശിച്ചു.‘അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്? അദ്ദേഹം ഇ.സിക്ക് നിർദ്ദേശങ്ങൾ നൽകുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,' മമത ചോദിച്ചു. മാർച്ച് പത്തിന് നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക നൽകാൻ പോകവെയാണ് മമതാ ബാനർജിക്ക് നേരെ ആക്രമണം നടന്നത്. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, നന്ദിഗ്രാമിൽവെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനർജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തുകയും മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന ആരോപണം ഉയർന്നുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് മമത ബാനർജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇക്കുറി നന്ദിഗ്രാം മണ്ഡലത്തിൽ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിർ സ്ഥാനാർത്ഥി. ശിവക്ഷേത്രത്തിൽ എത്തി പ്രാർത്ഥനകൾക്ക് ശേഷമാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാൻ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താൻ തെരുവിൽ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമർപ്പണത്തിന് ശേഷം മമത പറഞ്ഞു.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാർട്ടിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്നാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. താൻ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാൽ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തിൽ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടർ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ അരലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു നേരത്തെ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ