ചിന്താഗതിയിൽ ആധുനികരെന്ന് അവകാശപ്പെടുമ്പോഴും ഇടുങ്ങിയ ചിന്ത വച്ചുപുലർത്തുന്നവരാണ് മലയാളികൾ. അന്യന്റെ കാര്യത്തിൽ ഇടപെടാനും മടിക്കാറില്ല. സൗത്തിന്ത്യയിൽ അറിയപ്പെടുന്ന നടിയായ മംമ്ത മോഹൻദാസ് അടുത്തിടെ വിമർശനം കേൾക്കേണ്ടി വന്നത് അവാർഡ് ഷോയിൽ അൽപ്പം ഗ്ലാമറസ്സായ വസ്ത്രം ധരിച്ചതിന്റെ പേരിലാണ്. ഹോളിവുഡ് നടിമാർ അടക്കമുള്ളവർ ധരിക്കാറുള്ള ക്ലീവേജ് കാണിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് മം്മത ധരിച്ചിരുന്നത്. ഗ്ലാമറസ് വസ്ത്രം ധരിച്ചതിനെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മംമ്ത തന്നെ രംഗത്തെത്തി.

ഇത്തരം വാർത്തകൾ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല. ഇത്തരം കാര്യങ്ങൾ വാർത്തയായി വരുന്നതുതന്നെ കഷ്ടമാണെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. ലോസ് ഏഞ്ചൽസിൽ നിന്നും വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞതെന്നും മംമ്ത പറയുന്നു.

ഞാനിപ്പോൾ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങൾ എന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയിൽ രണ്ട് വിഭാഗത്തിലുള്ള ആളുകൾ ഉണ്ട്, ചിലർ പൊതുസമൂഹത്തിന് മുന്നിൽ നിശബ്ദരായിരിക്കും മറ്റുചിലർ സ്വകാര്യജീവിതത്തിൽ സ്മാർട്ട് ആയിരിക്കും. അവർ എന്തുതന്നെ ആയാലും എന്നെ ബാധിക്കില്ല. ഞാൻ ഇനിയും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കും: മംമ്ത പറഞ്ഞു.

യൂറോപിലെ ഒരു ടിവിചാനൽ മെയ് 28 ന് മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച അവാർഡ് നിശയിലായിരുന്നു മംമ്തയുടെ ഗ്ലാമർ എൻട്രി. ഏറെക്കാലമായി അമേരിക്കയിലാണ് മംമ്ത മോഹൻദാസ് താമസിക്കുന്നത്. കാൻസർ ചികിത്സയ്ക്ക് ശേഷം മം്മത തിരിച്ചുവന്നത് ടു കൺട്രീസ് എന്ന ചിത്രത്തിലൂടെയായിരുന്നു.