കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് നടൻ മാമുക്കോയയും. ചാനലുകളും പത്രങ്ങളുമെല്ലാം കുറച്ചു നാളായി ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയാണെന്ന് മാമുക്കോയ. 'മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാൻ. മലയാളികൾ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാർത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോൾ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികൾ എന്നു തെളിഞ്ഞു കഴിഞ്ഞു.' മാമുക്കോയ പറഞ്ഞു.

കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന 'അറേബ്യൻ ഫ്രെയിംസ്' ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലാണ് മാമുക്കോയയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ എതിർത്തും ദിലീപിനെ പിന്തുണച്ചും നേരത്തെ നിരവധി ചലച്ചിത്ര-ടിവി താരങ്ങൾ രംഗത്തു വന്നിരുന്നു. മാധ്യമങ്ങളുടെ നിലപാടിൽ പ്രതിഷേധിച്ച് ഏതാനും ചലച്ചിത്രതാരങ്ങൾ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു.ഇതിന് തിരിച്ചടിയെന്നോണം ചലച്ചിത്രതാരങ്ങളെ ഉൾപ്പെടുത്തിയുള്ള പരസ്യങ്ങളും പരിപാടികളും ഒഴിവാക്കാൻ ചാനലുകളും ആലോചിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.

വാർത്താചാനലുകൾക്കെതിരെയായിരുന്നു താരങ്ങളിലേറെയും വിമർശനമുന്നയിച്ചതെങ്കിലും പൊതുജനങ്ങൾ നിലവിൽ എതിരായതിനാൽ എന്റർടെയ്ന്മെന്റ് ചാനലുകളിലെ ജനപ്രിയ പരിപാടികളിൽ നിന്നുപോലും താരങ്ങളെ ഒഴിവാക്കാനാണ് ചാനലുകളുടെ ആലോചന.ഇതിൽ ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങി പങ്കെടുക്കുന്ന പ്രമുഖതാരങ്ങളും ഉൾപ്പെടും.