കണ്ണുർ: ലതികാ സുഭാഷിന് ശേഷം മറ്റൊരു കോൺഗ്രസ് നേതാവ് കൂടി എൻ.സി.പി യിൽ ചേരുമെന്ന അഭ്യു ഹം പരക്കുന്നു. കണ്ണുരിലെ പ്രമുഖ നേതാവായ മമ്പറം ദിവാകരൻ കെ സുധാകരൻ എംപിയുമായുള്ള അഭിപ്രായ ഭിന്നത കാരണം പാർട്ടി വിടുമെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

എന്നാൽ താൻ എൻ.സി.പിയിലേക്കില്ലെന്ന് കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ മമ്പറം ദിവാകരൻ അറിയിച്ചു. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും താനെന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.സുധാകരന്റെ കടുത്ത വിമർശകനായ മമ്പറം ദിവാകരൻ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാൻ കൂടിയാണ്.

ധർമ്മടം മണ്ഡലത്തിൽ രണ്ടു തവണ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു.സുധാകരൻ കെപിസിസി പ്രസിഡന്റാവുന്ന തിനെതിരെ അതിശക്തമായി വിമർശിക്കുന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ് മമ്പറം ദിവാകരൻ 'തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മമ്പറം ദിവാകരൻ അറിയിച്ചു.