- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ കോൺഗ്രസിൽ സുധാകരന്റെ ബദൽ; കെപിസിസി അധ്യക്ഷനായി ശത്രു എത്തിയത് സഹിക്കാൻ കഴിയാത്ത നേതാവ്; തലശ്ശേരി സഹകരണ ആശുപത്രിയിൽ ബദൽ പാനലുമായി എത്തിയത് പാർട്ടിയെ വെല്ലുവിളിക്കാൻ; മമ്പറം ദിവാകരന്റെ അച്ചടക്ക ലംഘനത്തിന് മാപ്പില്ല; മുതിർന്ന നേതാവിനെ പുറത്താക്കി തീരുമാനം
കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ കടുത്ത വിമർശകനാണ് എന്നും മമ്പറം ദിവാകരൻ. അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സുധാകരനെ വിമർശിക്കുന്ന നേതാവാണ് മമ്പറം,.
ഹോസ്പിറ്റൽ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ വിശദീകരിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത നേതാവായിരുന്നു മമ്പറം ദിവാകരൻ.
സുധാകരനെ ഒഴിവാക്കാൻ അവസാന വട്ട ശ്രമങ്ങൾ നടത്തുകയും മമ്പറം ദിവാകരൻ ചെയ്തിരുന്നു. കണ്ണൂർ കോൺഗ്രസിലെ തമ്മിൽ അടിയിൽ ഇരുപക്ഷത്ത് നിൽക്കുന്ന നേതാക്കളാണ് സുധാകരനും ദിവാകരനും. ഈ സാഹചര്യത്തിലാണ് കെ.സുധാകരന് പകരം പി.സി വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകുന്നതാണ് പാർട്ടിക്ക് ഗുണകരമെന്ന് മമ്പറം ദിവാകരൻ പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. എംപിയെന്ന നിലയിൽ കോൺഗ്രസ് സംഘടനയെ നയിക്കുന്നതിലും വൻ പരാജയമാണ് കെ.സുധാകരൻ. സ്വന്തം ഗ്രൂപ്പുണ്ടാക്കി വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ലാതെ സുധാകരന് മറ്റൊന്നുമറിയില്ല. കണ്ണൂരിലെ പാർട്ടിയെ നശിപ്പിച്ചത് കെ.സുധാകരനാണെന്നും മമ്പറം ആരോപിച്ചിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി മണ്ഡലത്തിൽ കാണാത്ത എംപിയാണ് സുധാകരൻ. എവിടെയും അദ്ദേഹമില്ല. മട്ടന്നൂരോ, ഇരിക്കൂറോ, ധർമടത്തോ എവിടെയെങ്കിലും ഏതെങ്കിലും പൊതുപരിപാടികളിൽ അദ്ദേഹത്തെ കാണാറുണ്ടോയെന്ന് ഞാൻ വെല്ലുവിളിക്കുന്നു. എംപിയെന്ന നിലയിൽ ഏതെങ്കിലും ഉദ്ഘാടനങ്ങൾക്ക് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുന്നതായും അറിയില്ല. പാർലമെന്റിലും സുധാകരന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന് രേഖകൾ പരിശോധിച്ചാൽ കാണാം. പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിൽ പോകാതെ ചെന്നൈയിൽ സ്വന്തം ബിസിനസു കാര്യങ്ങൾക്കായി പോവുകയാണ് സുധാകരനെന്നും ദിവാകരൻ കുറ്റപ്പെടുത്തിയിരുന്നു.
കെ.കരുണാകരൻ ട്രസ്റ്റിനായി ചിറക്കൽ സ്‌കൂൾ ഏറ്റെടുക്കാൻ പിരിച്ച 15 കോടി എവിടെയാണെന്ന് സുധാകരൻ വ്യക്തമാക്കണം. പിരിച്ച പണം ഡയറക്ടർമാരായി ചേർത്തവർക്ക് തിരിച്ചു നൽകിയിട്ടില്ലെന്നാണ് അവർ തന്നെ പറയുന്നത്്. എഡ്യൂ ഹബ് സ്ഥാപിക്കാനായി രൂപീകരിച്ച സൊസൈറ്റി ഇന്നു നിലവിലില്ല. ചിറക്കൽ സ്‌കൂൾ കിട്ടിയില്ലെന്നു മാത്രമല്ല കോൺഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമാണത്്. സി.പി. എം നിയന്ത്രിത സഹകരണബാങ്കാണ് ഒടുവിൽ സ്‌കൂൾ സ്വന്തമാക്കിയത്. ഇതേ അവസ്ഥ തന്നെയാണ് ഡി.സി.സി ഓഫിസ് നിർമ്മിക്കാനായി ഫണ്ടുപിരിച്ച സംഭവത്തിലുമുണ്ടായത്.
ഇതുവരെ ഉദ്ഘാടനം ചെയ്യാൻ കഴിയാത്ത ഡി.സി.സി ഓഫീസിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പിരിച്ച കൈയും കണക്കുമില്ലാത്ത പണം എവിടെക്ക് ഒഴുക്കിയെന്നു വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്വം സുധാകരനുണ്ടെന്ന് മമ്പറം ദിവാകരൻ നേരത്തെ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ