- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ; പാർട്ടിയിലെ ഗ്രൂപ്പ് പോരിൽ മറുകണ്ടം ചാടി കോൺഗ്രസിലെത്തിയും ജയം തുടർന്നു; കാലുവാരലിൽ തോറ്റപ്പോൾ എത്തിയത് പരിവാർ കൂട്ടത്തിൽ; ബിജെപിയുടെ ചിഹ്നത്തിലും ജയിച്ചു; രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് നേരിട്ടത് വീണ്ടും സഖാവായി; ആര്യാങ്കാവിലെ ജനകീയൻ മാമ്പഴത്തറ സലിമിന്റെ വിജയകഥ
കൊല്ലം: പാർട്ടികളിൽനിന്ന് പാർട്ടികളിലേക്കുള്ള മാറ്റവും അവിടെയെല്ലാം വിജയവുമായിരുന്നു മാമ്പഴത്തറ സ്വദേശിയായ സലീമിനെ വണ്ടർ മാനാക്കുന്നത്. പതിനൊന്ന് വർഷങ്ങൾക്കുശേഷം പഴയ തട്ടകമായ സിപിഎമ്മിലേക്കുള്ള മാമ്പഴത്തറ സലീമിന്റെ മടങ്ങിവരവും ജയമാണ് നൽകുന്നത്. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ഒൻപതാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 245 വോട്ടുകൾക്കാണ് സലീം വിജയിച്ചത്.
888 വോട്ട് പോൾ ചെയ്തതിൽ എൽ.ഡി.എഫിന് 485 വോട്ടും യുഡിഫിന് 240-ഉം ബിജെപിക്ക് 162 വോട്ടും ലഭിച്ചു. സ്വതന്ത്രസ്ഥാനാർത്ഥിക്ക് ഒരു വോട്ടാണ് ലഭിച്ചത്. സലീമിന്റെ വിജയം പ്രവർത്തകർ പടക്കംപൊട്ടിച്ചാണ് ആഘോഷിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വാർഡിൽ പ്രവർത്തകരോടൊപ്പം സഞ്ചരിച്ച് സലീം വോട്ട് ചെയ്തവർക്ക് നന്ദിയുമറിയിച്ചു. 42 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളത്തിലെ യഥാർത്ഥ ഹീറോയാണ് സലിം.
.1995ൽ എൽ.ഡി.എഫ് പഞ്ചായത്ത് ഭരിച്ചപ്പോൾ വൈസ് പ്രസിഡന്റും 2005-ൽ പ്രസിഡന്റുമായി.എന്നാൽ 2010-ൽ കോൺഗ്രസിൽ എത്തുകയും വൈസ് പ്രസിഡന്റാകുകയും ചെയ്തു. 2015-ലെ മത്സരത്തിൽ വാർഡിൽ തോറ്റിരുന്നു. തുടർന്ന് വീണ്ടും പാർട്ടിമാറി 2017-ൽ ബിജെപിയിലെത്തുകയും 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ കഴുതുരുട്ടിയിൽ നിന്ന് വിജയിക്കുകയും ചെയ്തു.
മാസങ്ങൾക്കുമുമ്പ് ബിജെപിയിൽനിന്ന് തിരികെ സിപിഎമ്മിലെത്തിയിരുന്നു.അവിടെയും വിജയം നേടി. അങ്ങനെ മൂന്ന് പാർട്ടികളിലും ജയിച്ച രാഷ്ട്രീയക്കാരനായി സലിം മാറുന്നു. പാർട്ടിക്ക് അപ്പുറം സ്വന്തം നാട്ടിലെ ജനകീയ അടിത്തറയാണ് സലിമിന്റെ കരുത്ത്. നാട്ടുകാർ വിശ്വാസത്തോടെ ഈ തദ്ദേശിയന് വോട്ട് ചെയ്യുന്നു. ചിഹ്നത്തിന് അപ്പുറം വ്യക്തിക്കാണ് വോട്ട്.
ബിജെപി പ്രതിനിധിയായി ഒൻപതാം വാർഡിൽ നിന്നും വിജയിച്ച മാമ്പഴത്തറ സലീം മെമ്പർ സ്ഥാനം രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതാണ് ജയിച്ചതും. ഈ മേഖലയിലെ സിപിഎമ്മിന്റെ പ്രധാന നേതാവായിരുന്ന സലിം ലോക്കൽ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചൽ ബ്ലോക്കംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്നാൽ, ചില നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 12 വർഷം മുമ്പ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു.
ആര്യങ്കാവിൽ ആദ്യമായി യു.ഡി.എഫിന് ഭരണം ലഭിച്ച് അഞ്ചുവർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായി. നാലുവർഷം മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. തോട്ടം തൊഴിലാളികളുടെയടക്കം സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ബിജെപിയിൽ നിന്നും രാജിവച്ചു. പിന്നീട് എത്തിയത് പഴയ തട്ടകത്തിൽ. സഖാവ് സലിമിനെ പാർട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. അങ്ങനെ വീണ്ടും വിജയം.
1995ലായിരുന്നു സലിമിന്റെ കന്നിപോരാട്ടം. അരിവാൾ ചുറ്റിക നക്ഷത്രമായിരുന്നു സലിമിന്റെ ചിഹ്നം. സി പി എം സ്ഥാനാർത്ഥിയായി കഴുതുരുട്ടി വാർഡിൽ നിന്ന് മത്സരിച്ച് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വരെ ആയി. 2000ലും 2005ലും സിപിഎമിനു വേണ്ടി തന്നെ മത്സരിച്ച് വിജയിച്ചു.എന്നാൽ, സി പി എമ്മുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് 2009ൽ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. 2010ൽ കഴുതുരുട്ടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
അന്ന് വൈസ് പ്രസിഡണ്ട് ആയി. കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കേ 2015ൽ ഇടപ്പാളയത്ത് നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. കാലുവാരിയതാണെന്ന് ആരോപിച്ച് സലിം പിന്നീട് പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്നു. നിരവധി അസ്വാരസ്വങ്ങൾക്ക് ശേഷം 2017 ജൂലൈയിൽ സലിം കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നുവെങ്കിലും ആ അടുപ്പവും അധിക കാലം നീണ്ടു പോയില്ല.
മറുനാടന് മലയാളി ബ്യൂറോ