മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും മിനിസ്‌ക്രീനിലേക്ക് അവതാരകനായി എത്തുന്നതായി സൂചന. മോഹൻലാൽ അവതാരകനായ അമൃതാ ടിവിയിലെ 'ലാൽസലാം' എന്ന പരിപാടി വിജയകരമായി മുന്നേറുന്നതിനിടെയാണ് മമ്മൂട്ടിയും മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലൂടെയായിരിക്കും മമ്മൂട്ടിയുടെ മിനിസ്‌ക്രീൻ രംഗ പ്രവേശം. ബിഗ് ബോസിന്റെ മലയാളം പതിപ്പിലാണ് മമ്മൂട്ടിയെ അവതാരകനായി എത്തിക്കാൻ ചാനലിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

മിനിറ്റ് ടു വിൻ പോലെയുള്ള പരിപാടികൾ നിർമ്മിച്ച എന്റെമോൾ പ്രൊഡക്ഷൻ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്. മമ്മൂട്ടി അവതാരകനായി എത്തിയില്ലെങ്കിൽ മോഹൻലാലിനെ കൊണ്ടു വരാനും അണിയറയിൽ നീക്കം നടക്കുന്നുണ്ട്. എന്നാൽ അമൃത ടിവിയുമായി കരാറുള്ളതിനാൽ മോഹൻലാൽ അവതാരകനാകുന്ന കാര്യവും ഉറപ്പായിട്ടില്ല.

രണ്ടാം നിര സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമായിരിക്കും ഈ പരിപാടിയിൽ പങ്കെടുക്കുക. മമ്മൂട്ടിയുടെയും മറ്റഅ താരങ്ങളുടേയും ഡേറ്റ് അനുസരിച്ച് ഷൂട്ടിങ് തുടങ്ങാനാണ് ചാനൽ അധികൃതർ ശ്രമം നടത്തുന്നത്.

പൂണെയിലെ ലോണാവാലയിലാണ് ബിഗ് ബോസ് ഷോയുടെ ഷൂട്ടിങ് സെറ്റ്. ഷോയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ അവിടെ തന്നെയാണ് ചിത്രീകരിക്കുന്നത്. മലയാളം പതിപ്പും അവിടെ തന്നെ ചിത്രീകരിക്കാനാണ് നീക്കം. അതേസമയം ബിഗ്‌ബോസിന് സമാനമായി സൂര്യാ ടീവിയിൽ സംപ്രേഷണം ചെയ്ത മലയാളി ഹൗസിന്റെ ചീത്തപ്പേരുള്ളതിനാൽ ഈ പരിപാടിയുടെ അവതാരകനാകാൻ മമ്മൂട്ടി പൂർണ സമ്മതം നൽകിയിട്ടില്ലെന്നാണ് സൂചന.

ഏഷ്യാനെറ്റിനെ സിഡ്നി ഏറ്റെടുത്തതിന് ശേഷം വലിയ ക്യാൻവാസിൽ നടക്കുന്ന പരിപാടിയാകും ബിഗ് ബോസിന്റെ മലയാളം പതിപ്പ്. റേറ്റിങ് മത്സരത്തിൽ മറ്റ് ചാനലുകളിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പുമായി ഏഷ്യാനെറ്റ് എത്തുന്നത്.