കൊച്ചി: മെഗാ സ്റ്റാർ മമ്മുട്ടി അഹങ്കാരിയും ധിക്കാരിയുമൊക്കെ ആയാണെന്നുള്ള ആരോപണങ്ങൾ പലരും ഉന്നയിച്ചിട്ടുണ്ട്. മമ്മൂട്ടി ജാഡയുടെ ആശാനാണെന്നും ലൊക്കേഷനിൽ തനിക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുന്നവരെ അദ്ദേഹം ശരിക്കും കൈകാര്യം ചെയ്യുമെന്നുമൊക്കെയുള്ള പ്രചരണങ്ങളും ധാരാളം.

എന്നാൽ താൻ അഹങ്കാരവും ജാഡയും കാണിക്കുന്നുവെന്ന് പറയുന്നത് തന്റെയൊരു പ്രതിരോധ തന്ത്രം മാത്രമാണെന്ന് മമ്മുട്ടി തന്നെ നേരത്തേയും പറഞ്ഞിട്ടുണ്ട്. താൻ കാണിക്കുന്ന അഹങ്കാരം ജനങ്ങൾ നൽകുന്ന സ്‌നേഹത്തിന്റെ അഹങ്കാരം മാത്രമാണെന്നും അതേ തനിക്കുള്ളൂ എന്നും മമ്മൂട്ടി നേരത്തേ തന്നെ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മമ്മുട്ടിയുടെ മകനും താരവുമായ ദുർഖറിനെ പറ്റി അത്തരത്തിൽ ആരും കുറ്റം പറഞ്ഞിട്ടില്ല. എല്ലാവരോടും സോഷ്യലായി പെരുമാറുന്ന നടനാണ് ദുൽഖറെന്നാണ് പൊതുവെയുള്ള അഭിപ്രായം.

താരമാണെന്ന രീതിയിൽ മറ്റുള്ളവരെ പ്രീതിപ്പെടുത്താനോ സംസാരിക്കാനോ നിൽക്കാത്തയാളാണ് മമ്മുട്ടി എന്നതുകൊണ്ടാണ് പലപ്പോവും അദ്ദേഹം ഇത്തരത്തിൽ ജാഡക്കാരനായി ചിത്രീകരിക്കപ്പെടുന്നതും. ഇത്തരത്തിൽ നടൻ എന്നതിലപ്പുറം നാട്യങ്ങളില്ലാത്ത കലാകാരന്മാരാണ് രണ്ടുപേരും. മാത്രമല്ല, വിശ്വാസികളായ ഇരുവരും എന്തു തിരക്കുണ്ടെങ്കിലും ജുമാ നമസ്‌കാരം മുടക്കാറുമില്ല.

കഴിഞ്ഞദിവസം പള്ളിയിൽ ജുമാ നമസ്‌കാരത്തിന് ഇരുവരും എത്തിയിരുന്നു. കൂടെ നമസ്‌കാരത്തിൽ പങ്കെടുത്ത പലരും താരരാജാക്കന്മാർ തങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തുവെന്ന് അറിഞ്ഞത് നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ്. ഒരു ജാഡയും കാട്ടാതെ ഇരുവരും മറ്റുള്ളവർക്കൊപ്പം അവരിലൊരാളായി നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി.

പുറത്ത് ഊരിയിട്ടിരിക്കുന്ന ചെരിപ്പുകൾക്കിടയിൽ നിന്ന് അവരുടെ ചെരിപ്പുകൾ കണ്ടുപിടിച്ചു. പിന്നെ ആൾക്കൂട്ടത്തിന് ഇടയിലൂടെ തന്നെ പുറത്തേക്ക്. പുറത്തുകിടക്കുന്ന കാറിൽ കയറി ഇരുവരും യാത്രയാകുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തവന്നത്.

അനുയായികളോ അകമ്പടിക്കാരോ ഇല്ലാതെ നാട്ടുകാർക്കിടയിലൂടെ സ്വതന്ത്രമായി നടക്കുന്ന ഈ മമ്മുട്ടിയേയാണോ ജാഡക്കാരനെന്ന് വിളിക്കുന്നതെന്ന ചോദ്യമാണ് ഇതോടെ ഈ വീഡിയോ കണ്ടവർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. സംഭവം അതോടെ വൈറലായി മാറുകയും ചെയ്തു.