കൊച്ചി: മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ 69ാം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. കോവിഡ് കാലത്തും മലയാള സിനിമ ഏറെ ആഘോഷമാക്കി ഈ പിറന്നാൾ. ആരാധകരും അഭിനേതാക്കളും സഹപ്രവർത്തകരു ബന്ധുക്കളും രാഷ്ട്രീയ പ്രമുഖരും അടക്കമുള്ളവർ താരത്തിന് ആശംസകൾ നേർന്നു കൊണ്ടു രംഗത്തുവന്നു. മലയാള സിനിമാ ലോകം കണ്ട ഏറ്റവും വലിയ പിറന്നാൾ ആഘോഷമാക്കി മാറ്റുകയായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ.

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ട്വിറ്ററിൽ പുതിയ ചരിത്രം തന്നെ മമ്മൂട്ടി ആരാധകർ കുറിച്ചു. മോഹൻലാൽ ഫാൻസ് നേടിയ 4.9 മില്യൺ ട്വീറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നതെന്നാണ് റിപ്പോർട്ട്. 10.17 മില്യൺ ട്വീറ്റുകളാണ് മമ്മൂട്ടി ആരാധകർ ഇതുവരെ തീർത്തത്. മലയാളത്തിലെ 5 മില്യൺ മുതൽ 10 മില്യൺ വരെ ട്വീറ് ചെയ്യപ്പെട്ട ആദ്യത്തെ ടാഗ് എന്ന നേട്ടവും ഇതിനൊപ്പം സ്വന്തമായി. മഹേഷ് ബാബു, ചിരഞ്ജീവി, മോഹൻലാൽ എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകളുമായി എത്തി. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പിറന്നാൾ ആഘോഷമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

മോഹൻലാൽ മുതൽ തുടങ്ങിയ പിറന്നാൾ ആശംസകൾ എല്ലാവരും ഏറ്റുപിടിക്കുകയായിരുന്നു. മന്ത്രിമാരും ചലച്ചിത്രപ്രവർത്തകരും സാമൂഹികരാഷ്ട്രീയസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പിറന്നാൾദിന മംഗളങ്ങളും ദീർഘായുസ്സും നേർന്നു. 69 ാം പിറന്നാൾ ദിനത്തിൽ വീട്ടിൽ കേക്ക് മുറിച്ച മമ്മൂട്ടി 'ഈ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു' എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. രാവിലെ വൈറ്റിലയിലെ പുതിയ വീടിനു മുന്നിലെത്തിയ ആരാധകരെ അഭിവാദ്യം ചെയ്യാൻ മമ്മൂട്ടി വീടിന്റെ ബാൽക്കണിയിലെത്തി. പുതിയ വീട്ടിൽ മമ്മൂട്ടിയുടെ ആദ്യ പിറന്നാൾ കൂടിയായിരുന്നു ഇത്.

സമൂഹമാധ്യമങ്ങൾ വഴിയും ആശംസകൾ പ്രവഹിച്ചു. മമ്മൂട്ടിക്ക് ഉമ്മ നൽകുന്ന 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിലെ ഇരുവരുമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ലാൽ ആശംസ നേർന്നത്. സിനിമയിലെ ഡയലോഗുപോലെ 'ഒരു സ്‌മോൾ ടച്ച്'. 'പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്‌നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ'ചിത്രത്തിനടിയിൽ ലാൽ കുറിച്ചു.

ഫാൻസുകൾ തമ്മിൽ ചില സമയങ്ങളിൽ വഴക്കടിക്കാറുണ്ടെങ്കിലും, ഇരുവരും തമ്മിലുള്ളത് സഹോദര സ്നേഹമാണ്. അതിനുത്തമ ഉദാഹരണമാണ് മോഹൻലാലിന്റെ ഇച്ചാക്ക എന്ന വിളി. ഇച്ചാക്കാ എന്ന് പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്പോഴും തനിക്കത്ര സന്തോഷം തോന്നാറില്ലെന്നും, ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ടെന്നും തന്റെ സഹോദരങ്ങളിലൊരാൾ എന്നു തോന്നാറുണ്ടെന്നും മമ്മൂട്ടി മുമ്പ് പറഞ്ഞിരുന്നു.ഹരികൃഷ്ണൻസ്,നരസിംഹം, അവിടത്തെ പോലെ ഇവിടെയും, ട്വന്റി ട്വന്റി, നമ്പർ ട്വന്റി മദ്രാസ് മെയിൽ, കരിയിലക്കാറ്റുപോലെ എന്നിങ്ങനെ ഒരുപാട് സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

രാജ്യം കണ്ട എക്കാലത്തെയും മികച്ച കലാകാരനാണു മമ്മൂട്ടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആശംസാ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണു മമ്മൂട്ടിക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിറന്നാൾദിനത്തിൽ പ്രിയപ്പെട്ട 'വാപ്പിച്ചിക്കു' സ്‌നേഹചുംബനം നൽകുന്ന ചിത്രമാണു മകനും നടനുമായ ദുൽഖർ സൽമാൻ പങ്കുവച്ചത്. ചിത്രവും ദുൽഖറിന്റെ വാക്കുകളും ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കി. 'താൻ കണ്ട ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളയാളുമാണു വാപ്പിച്ചി' എന്നു വിശേഷിപ്പിച്ച ദുൽഖർ, പിതാവിന്റെ അവിശ്വസനീയമായ നിലവാരത്തിൽ ജീവിക്കാനുള്ള എളിയ ശ്രമമാണു തന്റേതെന്നും വിവരിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ഈ വർഷത്തെ പിറന്നാളിന് വലിയ ആഘോഷം പാടില്ലെന്ന് സുഹൃത്തുക്കളോടും ആരാധകരോടും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.ഇസ്മയിലിന്റെയും ഫാത്തിമയുടെയും മകനായി 1951 സെപ്റ്റംബർ ഏഴിന് കോട്ടയത്താണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്.വൈക്കം ചെമ്പിലെ വീട്ടിലാണ് മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയുമടക്കമുള്ള സഹോദരി സഹോദരന്മാരെല്ലാം ജനിച്ച് വളർന്നത്. 120 വർഷത്തിലേറെ പഴക്കമുള്ള ആ വീട് ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ് താരകുടുംബം. നേരത്തെ ഇബ്രാഹിംകുട്ടി ഈ വീടിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.