തിരുവനന്തപുരം: സിപിഎമ്മിനോട് അനുഭാവം വെച്ചുപുലർത്തുന്ന അഭിനേതാവാണ് മെഗാ സ്റ്റാർ മമ്മൂട്ടി. കൈരളി ടിവിയുടെ ചെയർമാൻ കൂടിയായ അദ്ദേഹം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യം പലതവണ ഉയർന്നിട്ടുണ്ട്. ഇപ്പോൾ മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംജാതമായതോട മമ്മൂട്ടിയുടെ പേര് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചകളിൽ ഉയരുകയാണ്. തൽക്കാലം രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരു പദ്ധതിയും ഇല്ലെങ്കിലും ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം ശക്തമായിരിക്കയാണ്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മമ്മൂട്ടിയെ അവതരിപ്പിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണ നടക്കുന്നകത്. സിപിഐഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സഖാവ് മമ്മൂട്ടിയെ വിജയിപ്പിക്കുക എന്ന പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇ അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന ലോക്സഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ 12നാണ് വോട്ടെടുപ്പ്.

ഇ അഹമ്മദിന്റെ മരണത്തിന് പിന്നാലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങും മുമ്പ് തന്നെ ഇടത് സ്ഥാനാർത്ഥിയായി മമ്മൂട്ടിയുടെ പേര് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ലീഗിന്റെ ഉറച്ച സീറ്റ് പിടിച്ചെടുക്കണമെങ്കിൽ സിപിഐഎം പൊതുസമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായിരുന്നു ഇതിനൊപ്പമുണ്ടായ വാദങ്ങൾ. എതിർസ്ഥാനാർത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ മമ്മൂട്ടിക്ക് അടിയറവ് പറയിക്കാനാകുമെന്നായിരുന്നു ചിലർ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ മമ്മൂട്ടിയെ സ്ഥാനാർത്ഥിയായി സിപിഐഎം നിലവിൽ ആലോചിച്ചിട്ടുപോലുമില്ല.

നേരത്തെ സിപിഐഎം മമ്മൂട്ടിയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നു. ഇടത് സഹയാത്രികനാണെന്നതും സിപിഐഎം നേതൃത്വത്തിലുള്ള ചാനലായ കൈരളി( മലയാളം കമ്മ്യൂണിക്കേഷൻസ്) ചെയർമാൻ പദവിയിലുള്ള ആൾ എന്നതും മമ്മൂട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകൾക്ക് ആധാരമായി. എന്നാൽ മമ്മൂട്ടി തന്നെ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളുകയാണ് ഉണ്ടായത്.