തിരുവനന്തപുരം: കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മമ്മൂട്ടി ഫാൻസുകാർ രംഗത്തെത്തി. നടിക്കെതിരെ ആക്രമണം തുടരുമ്പോഴും നടൻ മൗനം പാലിക്കുന്നതിനിടെയാണ് വിശദീകരണവുമായി ഫാൻസുകാർ രംഗത്തെത്തിയത്. പാർവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ആർക്കെതിരെയും അധിക്ഷേപവും സൈബർ ആക്രമണവും നടത്തുന്നവരെ സംഘടന അംഗീകരിക്കുന്നില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.

മമ്മൂട്ടിയുടെ സിനിമയെയും കഥാപാത്രത്തെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകർക്കുമുണ്ട്. വിമർശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ടത്, അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടിയെ സ്നേഹിക്കുന്നവരും. കസബയെ പാർവതി വിമർശിക്കുന്നതിന് എത്രയോ മുൻപ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രോളായി മാറിയപ്പോൾ ആ ട്രോളുകളിൽ പലതും സ്വന്തം ഫേസ്‌ബുക്ക് പേജിൽ മമ്മൂട്ടി തന്നെ ഷെയർ ചെയ്തത് വലിയ വാർത്തയായിരുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്ര മേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂക്കയെന്നതിന് പുതുതായി ഉദാഹരണങ്ങളൊന്നും വേണ്ട. തന്റെ പേരിൽ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവർത്തകരെയോ മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണക്കുന്ന ആളല്ല മമ്മൂട്ടി. പല ഘട്ടങ്ങളിലും ആരാധകരോടും ഫാൻസ് അസോസിയേഷൻ ഭാരവാഹികളോടും ഇക്കാര്യത്തിൽ തന്റെ കർശന നിലപാട് മമ്മൂക്ക അറിയിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.

മമ്മൂട്ടി ഫാൻസ് അസോസിയേഷൻ എന്ന സംഘടന ജീവകാരുണ്യ പ്രവർത്തനത്തിലേക്കും മറ്റ് സാമൂഹ്യ സേവന പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളും എല്ലാ അംഗങ്ങളും കർമ്മമേഖല പൊതുസേവനമാകണം എന്ന ചിന്തയിലാണ് പ്രവർത്തിക്കുന്നത്. ഹൃദ്രോഗ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും ആദിവാസികുടികളിലെ സർവ്വോന്മുഖ ക്ഷേമ പ്രവർത്തനങ്ങളും ആയിരക്കണക്കിന് നിർധനരെ കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന കാഴ്ച പദ്ധതിയും ഇതിൽ ചിലത് മാത്രമാണ്. നിരാലംബരായ വൃക്ക രോഗികളെ സഹായിക്കുന്ന ' സുകൃതം ' പദ്ധതിയും ഉൾപ്പടെ നമുക്ക് ചുറ്റുമുള്ളവർക്കു കൈത്താങ്ങാകാനുമാണ് ഞങ്ങൾക്കൊപ്പമുള്ളവർ ശ്രമിക്കുന്നതെന്നും സംഘടനാഭാരവാഹികൾ വ്യക്തമാക്കുന്നു.

അതേസമയം ഇന്നലെ മമ്മൂട്ടി പ്രതികരിച്ച കാര്യം ചൂണ്ടിക്കാട്ടി നടൻ സിദ്ദിഖ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചെന്നു പറഞ്ഞ് സിദ്ദിഖ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. 'കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ' എന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിന് മറുപടി പറഞ്ഞതെന്നാണ് സിദ്ദിഖ് പറഞ്ഞത്. മാത്രമല്ല വിഷയം അവസാനിപ്പിക്കാൻ പാർവതി തന്നെ രംഗത്തെത്തണമെന്നും സിദ്ദിഖ് പറയുന്നു. മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത് എന്ന് സിദ്ദിഖ് ഫേസ്‌ബുക്ക് ചോദിക്കുന്നു. അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേഎന്നും അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ് എന്നും സിദ്ദിഖ് പറഞ്ഞു.