സിനിമയിൽ എത്തിയപ്പോൾ പ്രായമായിരുന്നതിനാൽ തന്നോട് ആർക്കും സിനിമയിൽ പ്രണയം തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി. മഴവിൽ മനോരമയുടെ നെവർ ഹാവ് ഐ എവർ എന്ന പരിപാടിക്കിടെ കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നല്കിയ മമ്മുട്ടിയുടെ മറുപടിയാണ് ചർച്ചയാകുന്നത്. കുസൃതികലർന്ന ചോദ്യങ്ങൾ വളരെ സരസമായും ചിന്തിച്ചും ഉത്തരം നല്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്‌ത്തി പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നെവർ എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയിൽ അഭിനയിച്ചതിൽ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നായിരുന്നു ഉത്തരം, പേര് ചോദിക്കരുതെന്നും പറഞ്ഞു. ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു.

ആർക്കെങ്കിലും തെറ്റായ ഫോൺ നമ്പർ നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ ഫോൺ നമ്പർ എല്ലാവർക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോൺനമ്പർ നോക്കി ആരുടേയും കോൾ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.

സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോൾ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഈ ചോദ്യം വിടുന്നുവെന്നും പറയുന്നു.

അഭിമുഖങ്ങളിൽ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാൽ കള്ളചോദ്യങ്ങൾക്ക് കള്ള ഉത്തരം പറയുമെന്നും മമ്മൂട്ടി പറഞ്ഞു. മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ തങ്ങളുടെ വീട്ടിൽ എല്ലാർക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവർക്കും തങ്ങളുടെ ബ്രഷ് കണ്ടാൽ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ഉപോയാഗിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.