തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ യും മോഹൻലാലും അവരുടെ സിനിമാ ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്ന സംവിധായകനാണ് ഐ.വി.ശശി. മാസ് സിനിമകളും ക്ലാസ് സിനിമകളും ഒരു പോലെ വഴങ്ങുന്ന ഐ.വി ശശിയുടെ കഥാപാത്രങ്ങളിലൂടെയാണ് മമ്മൂട്ടിയുടെ സൂപ്പർ താര പദവിയും മോഹൻലാലിന്റെ സൂപ്പർതാര പദവിയും മലയാളത്തിൽ വേരുറപ്പിക്കുന്നത്. ഇരുവരുടേയും സിനിമ ജീവിതത്തിൽ ഐ.വി ശശിയുടെ പങ്ക് നിരാകരിക്കാൻ പറ്റാത്തതാണ്. തൃഷ്ണയിലൂടെ മമ്മൂട്ടി എന്ന നായകനെ പരിചയപ്പെടുത്തിയത് ഇദ്ധേഹമാണ്‌മോഹൻലാലിന് ഉയരങ്ങളിലൂടെ നായകസ്ഥാനം സമ്മാനിക്കാനും ഐ.വി ശശിയാണ് ഉണ്ടായത്.

മമ്മൂട്ടിയുമായി 35 ഓളം ചിത്രങ്ങളാണ് ഐ.വി ശശി സംവിധാനം ചെയ്തത്.എം ടി വാസുദേവൻനായരുടെ തിരക്കഥയിൽ 1981ൽ തൃഷ്ണ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും ഐ.വി ശശിയും ആദ്യമായി ഒരുമിക്കുന്നത്. ഐ.വി ശശിയുടെ 48മത് ചിത്രമായിരുന്നു തൃഷ്ണ. ചിത്രത്തിൽ ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടി. ചിത്രത്തിലെ 'മൈനാകം കടലിൽ നിന്നുയരുന്നുവോ' എന്ന ഗാനം അന്നത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു. പിന്നീട് തുടക്കക്കാരായ മമ്മൂട്ടിയുടെ കൂടെ മോഹന്‌ലാലിനും അവസരം നൽകി സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് അഹിംസ. ചിത്രത്തിലെ വാസു എന്ന കഥാപാത്രത്തിന് മമ്മൂട്ടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

തുടർന്ന് തടാകം, സിന്ദൂര സന്ധ്യക്ക് മൗനം, ജോൺ ജാഫർ ജനാർദ്ധനൻ എന്നീ വേഷങ്ങളും ചെയ്തു. ചിത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങൾ ആണെങ്കിലും ഈ നാടിൽ നായകനായി തിളങ്ങി. പിന്നീട് ഇന്നല്ലെങ്കിൽ നാളെ നാണയം തുടങ്ങിയ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു. പിന്നീട് നിരവധി സിനിമകൾ ഇവരുടേതായി വന്നു. 1984 ൽ താരാദാസ് എന്ന കഥാപാത്രത്തിൽ മമ്മൂട്ടി എത്തിയ അതിരാത്രം അത് വരെയുള്ള ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞു. ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. പിന്നീട് മമ്മുട്ടി-ഐ.വി ശശി ടീമിന്റെ ചിത്രങ്ങൾ എല്ലാം ബോക്‌സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറി.

1986 ലെ ആവനാഴി എന്ന ചിത്രത്തിലെ ഇൻസ്‌പെക്ടർ ബൽറാം എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറി. ചത്രം മമ്മൂട്ടിക്ക് സൗത്ത് ഇന്ത്യയിൽ തന്നെ പേരും പ്രശസ്തിയും നേടിക്കൊടുത്തു. 1987 ലെ അബ്കാരി എന്ന ചിത്രവും 1989 ലെ മൃഗയ എന്ന ചിത്രവും മമ്മുട്ടിക്കുള്ളിലെ നടനെ പ്രേക്ഷകന് വ്യത്യസ്ഥമാക്കി കാട്ടിക്കൊടുത്തു. പിന്നീട് 1991ലെ നീലഗിരിക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും മികച്ച് കഥാപാത്രങ്ങളായ ബൽറാമിനേയും താരാദാസിനേയും ഒരുമിച്ച് ബൽറാം വേഴ്‌സസ് താരാദാസ് എന്ന പേരിൽ 2007ൽ മമ്മൂട്ടിയെ വെച്ച് പടമിറക്കിയെങ്കിലും വലിയൊരു പരാജയമാകാനായിരുന്നു ചിത്രത്തിന്റെ വിധി.

പ്രിയദർശനെപ്പോലെ മോഹൻലാലിനേയും സൂപ്പർതാരമാക്കിയ സംവിധായകനായിരുന്നു അദ്ധേഹം. അഹിംസയിൽ ചെറിയ വേഷത്തിൽ മോഹൻലാൽ വന്നപ്പോൾ മറ്റ് ചിത്രങ്ങളായ സിന്ധൂര സന്ധ്യക്ക് മൗനം, ഇനിയെങ്കിലും, നാണയം തുടങ്ങിയ ചിത്രങ്ങളിലും അദ്ധേഹമെത്തി. നിരവധി മോഹൽലാൽ-മമ്മൂട്ടി കൂ്ട്ടു കെട്ടിൽ തന്നെ നിരവധി ചിത്രങ്ങളാണ് ഒരുക്കിയത്. 1993 ൽ ഇറങ്ങിയ ദേവാസുരം മോഹൽലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായി മാറി. ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ മലയാളി മനസ്സിലെ പൗരുഷത്തിന്റെ പ്രതീകമായി മാറി. 150 ദിവസത്തിലധികം ഓടിയ ചിത്രത്തിന്റെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. തുടർന്ന് വർണ്ണപ്പകിട്ടും ശ്രദ്ധയും മോഹൻലാലിനെ നായകനാക്കി ഐ.വി ശശി ഒരുക്കി.

ഐ.വി ശശിയുടെ മരണത്തോടെ മലയാളത്തിന്റെ താര രാജാക്കന്മാരുടെ ഗോഡ് ഫാദറിനേയാണ് നഷ്ടമായത്. വീണ്ടും താര രാജാക്കന്മാരുമായി ഒരുമിക്കും എന്ന വാർത്തകൾക്കിടയിലാണ് ഐ.വി ശശി വിടപറയുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ 150ൽ പരം ചിത്രങ്ങൾ ഒരുക്കിയ ഐ.വി. ശശിയുടെ ചിത്രങ്ങളിൽ ഭൂരിപക്ഷവും മമ്മൂട്ടി മോഹൻലാൽ ജയൻ സുകുമാരൻ തുടങ്ങിയവർ ആയിരുന്നു പ്രധാന വേഷത്തിലെത്തിയിരുന്നത്. ബൽറാമും താരാദാസും മംഗലശ്ശേരി നീലകണ്ഠനുമെല്ലാം തിരശ്ശീലയിൽ ഒരുക്കിയ സംവിധായകൻ ഇതോടെ ഓർമയായി മാറി.