ഹിറ്റുകളുടെ പെരുമഴ മലയാള സിനിമയ്ക്ക് സമ്മാനിച്ച എവർഗ്രീൻ കൂട്ടുകെട്ട് മമ്മൂട്ടി- ജോഷി ടീം വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. 2008ൽ ജോഷി സംവിധാനം ചെയ്ത ട്വന്റി- ട്വന്റിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 2007ൽ മമ്മൂട്ടിയെ മാത്രം നായകനായക്കി ജോഷി സംവിധാനം ചെയ്ത നസ്രാണിയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും രചിച്ച സജീവ് പാഴൂരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2008ൽ പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി ട്വന്റി മലയാള സിനിമയിൽ ഏറ്റവുമധികം കലക്ഷൻ വാരിയ ചിത്രങ്ങളിൽ ഒന്നാണ്. മൂന്ന് വർഷത്തിനുശേഷമാണ് ജോഷി ഒരു ചിത്രവുമായി എത്തുന്നത്. 2015ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ലൈല ഒ ലൈലയാണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം. സന്ദർഭം, ഒന്നിങ്ങു വന്നെങ്കിൽ, ശ്യാമ, ന്യൂഡൽഹി, ദിനരാത്രങ്ങൾ, സംഘം, നായർ സാബ്, മഹായാനം, കുട്ടേട്ടൻ, കൗരവർ, സൈന്യം എന്നിവയായിരുന്നു ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചില ഹിറ്റ് ചിത്രങ്ങൾ.