മുംബൈ: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബാംഗ്ലൂരിൽ മകളുടെ വീട്ടിൽ വിശ്രമത്തിലാണ്. ഷൂട്ടിങ് തിരക്കുകൾക്കും തൽക്കാലം അവധി നൽകിയിരിക്കയാണ് അദ്ദേഹം. ഇതിനിടെയിൽ മമ്മൂട്ടിയുടെ ആരാധകരും അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകൾ നേർന്നിട്ടുണ്ട്. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് താരം ആശുപത്രിയിൽ എത്തിയപ്പോൾ ഒരു വിഭാഗം ആളുകൾ സന്തോഷിക്കുകും ചെയ്തു. മറ്റാരുമല്ല, അദ്ദേഹം മെഡിക്കൽ ചെക്കപ്പിനായി എത്തിയ മുംബൈ അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിലെ ജീവനക്കാരായ മലയാളികളായിരുന്നു അത്.

വെള്ളിത്തിരയിൽ മാത്രം കണ്ടിട്ടുള്ള മഹാനടനെ അടുത്തുകാണാനായതിന്റെ സന്തോഷത്തിലായിരുന്നു മലയളികളായ നഴ്‌സുമാരും ആശുപത്രി ജീവനക്കാരും. താരത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു കണ്ടതോടെ സംസാരിക്കാനും ഒപ്പം നിന്നു ഫോട്ടോ എടുക്കാനുമായി ഇവർ തിരക്കു കൂട്ടുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെ താരം ആരെയും പിണക്കിയതുമില്ല. മമ്മൂട്ടി ജീവനക്കാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു നിന്നു കൊടുക്കുകയും ചെയ്തു.

ഈ ചിത്രങ്ങൾ വാട്‌സാപ്പിലും മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു ഇവർ. ദുബായിലെ ഒരു പരിപാടിക്ക് ശേഷം മുംബൈയിലെ ഒരു മലയാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നനു മമ്മൂട്ടി. ഇതിനിടെയാണ് അദ്ദേഹത്തിന് അമിത രക്തസമ്മർദ്ദത്തെ തുടർന്ന് അദ്ദേഹം പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിയത്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഗുളികകൾ കഴിക്കുന്നതിൽ വീഴ്‌ച്ച വരുത്തിയതാണ് ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് അറിയുന്നത്.

മുംബൈയിൽ നിന്നും ബാംഗ്ലൂരിലെത്തിയ താരം ഡോക്ടർ കൂടിയായ മകളുടെ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. തലവേദനയിൽ നിന്നും പനിയിൽ നിന്നും താരം ഇപ്പോൾ മോചിതനായി വരികയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ മമ്മൂട്ടിയെ ഫോണിൽ വിളിച്ച് ആരോഗ്യവിവരം തിരക്കി. നേരത്തെ താരം ആശുപത്രി വിട്ടിട്ടും ഗുരുതരാവസ്ഥയിലാണെന്ന വിധത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരണം ഉണ്ടയിരുന്നു.