- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകരുടെ ആർപ്പുവിളികളിലേക്ക് വീണ്ടും മമ്മൂട്ടി; 'രാജാധിരാജ' ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന വിനോദചിത്രം; ഫോർമുല സിനിമയുമായി ഉദയകൃഷ്ണയും സിബിയും വീണ്ടും
ഫോർമുല സിനിമകളുടെ ആശാന്മ്മാരാണെന്ന് വിളിക്കുന്നതിൽ ഒരു പ്രശ്‌നവും കാണാത്ത തിരക്കഥാ ഇരട്ടകളാണ് തൊട്ടതിൽ ഏറെയും പൊന്നാക്കിയ ഉദയകൃഷ്ണ സിബി കെ. തോമസ് ടീം. ഒരു ത്രസിപ്പിക്കുന്ന തുടക്കം, നായകന്റെ എൻട്രി, ഒരു ഇന്റർവെൽ പഞ്ച്, കൈയടിപ്പിക്കുന്ന കൈ്‌ളമാക്‌സ്. ഇത്രയുമാണ് തങ്ങളുടെ ഫോർമുലയെന്ന് പരസ്യമായി പറഞ്ഞ്,കോടികളുടെ ബോക്‌സോഫീസ് വിജയം
ഫോർമുല സിനിമകളുടെ ആശാന്മ്മാരാണെന്ന് വിളിക്കുന്നതിൽ ഒരു പ്രശ്‌നവും കാണാത്ത തിരക്കഥാ ഇരട്ടകളാണ് തൊട്ടതിൽ ഏറെയും പൊന്നാക്കിയ ഉദയകൃഷ്ണ സിബി കെ. തോമസ് ടീം. ഒരു ത്രസിപ്പിക്കുന്ന തുടക്കം, നായകന്റെ എൻട്രി, ഒരു ഇന്റർവെൽ പഞ്ച്, കൈയടിപ്പിക്കുന്ന കൈ്‌ളമാക്‌സ്. ഇത്രയുമാണ് തങ്ങളുടെ ഫോർമുലയെന്ന് പരസ്യമായി പറഞ്ഞ്,കോടികളുടെ ബോക്‌സോഫീസ് വിജയം നേടിയ സിനിമകൾ ഒരേഅച്ചിൽ വാർക്കാൻ ഇവർക്കാകുന്നുവെന്നത് ശരിക്കും അത്ഭുതമാണ്. കോമൺസെൻസില്ലാത്ത കഥ ഒരു ഫീൽഗുഡ് മൂഡോടെ അവതരിപ്പിച്ച് ഉൽസവ സീസണിൽ കാശുവാരുകയെന്ന പഴയ തന്ത്രം മോശമില്ലാതെ അവർ പയറ്റിയപ്പോൾ, അടുപ്പിച്ചടുപ്പിച്ച് പടങ്ങൾ പൊട്ടി ലോകറെക്കോർഡിലേക്ക് നീങ്ങുന്ന മമ്മൂട്ടിക്കാണ് അത് ആശ്വാസമായത്.
അതെ, ആരാധകർക്ക് തറപ്പിച്ചു പറയാം. 'രാജാധിരാജയെന്ന' ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിന്റെ ഈ ചിത്രം സാമ്പത്തികമായി വിജയമാകും. തുടർച്ചയായ പരാജയങ്ങളിൽ മനംനൊന്ത് തീയറ്ററിനുമുന്നിൽ ഫ്‌ളക്‌സ്ബാർഡ് വെക്കാൻപോലും ആത്മവിശ്വാസം നഷ്ടപ്പെട്ട മമ്മൂട്ടി ഫാൻസുകാർ ഈ ഓണക്കാലത്ത് 'രാജാധിരാജക്കായി' ഇരച്ചുകയറുമെന്ന് ഉറപ്പ്. വാട്‌സാപ്പിലും ഫേസ്‌ബുക്കിലും കളിച്ച് സമയം കളയേണ്ട ഗതികേടില്ലാതെ ചടുലമായി നീങ്ങുന്ന ഒരു മമ്മൂട്ടി സിനിമ കണ്ടിട്ട് എത്രകാലമായി. പഴയ പ്രതാപത്തിന്റെ അത്രക്കൊന്നുമില്ലെങ്കിലും ആരാധകരുടെ മനസ്സറിഞ്ഞ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിക്ക് ഇത് വീണ്ടുമൊരു 'ലൈഫാണ്'. സിംഹം എന്നും സിംഹമായിരിക്കുമെന്ന് ഈ സിനിമയിൽ പറയുന്നതുപോലെ പഴയ സിംഹപ്രതാപത്തിനിരികിലേക്കുള്ള മടങ്ങിവരവ്. ( രാജയെന്നപേര് മമ്മൂട്ടിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു. ബെല്ലാരി രാജക്കും പോക്കിരാജക്കും എന്തിന് പഴശ്ശിരാജക്കും ശേഷം ഇതാ വീണ്ടുമൊരു രാജ) ഇപ്പോൾ തീയേറ്റിൽ മെച്ചപ്പെട്ട കളക്ഷനോടെ ഓടുന്ന 'മുന്നറിയിപ്പിൽ' മമ്മൂട്ടി എന്ന ലോകോത്തര നടനെയാണ് കാണുന്നതെങ്കിൽ, 'രാജാധിരാജയിൽ' പതിനായിരങ്ങളെ ത്രില്ലടിപ്പിച്ച പഴയ ഹിറ്റുകാലത്തെ സൂപ്പർ താരത്തെയാണ് കാണുന്നത്.
ഹോളിവുഡ്ഡ് ചിത്രം 'ഹിസ്റ്ററി ഓഫ് വയലൻസ്' തൊട്ട് നമ്മുടെ രജനീകാന്തിന്റെ 'ബാഷ'ക്കുവരെ പ്രമേയമായ അധോലോകവും മാനസാന്തരജീവിതവും തന്നെയാണ് ഇവിടെയും വിഷയം. ഹൈവേയിലെ ഒരു പെട്രോൾപമ്പും അതിനോട്‌ചേർന്ന ഹോട്ടലും നടത്തുന്ന, ഭാര്യയും മകളുമൊത്ത് സമാധാനമായി ജീവിക്കുന്ന ഒരു പാവത്താനാണ് സിനിമയുടെ തുടക്കത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ശേഖരൻകുട്ടി. വഴക്കാളിയായ അളിയൻ, സ്വാമി അയ്യപ്പൻ ( ജോജു ജോർജ്) എത്തിയതോടെ അയാളുടെ ജീവിതം മാറിമറിയുന്നു. അയ്യപ്പനുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽനിന്ന് ഒരു ഭീരുവിനെപ്പോലെ ശേഖരൻ'കുട്ടി ഒഴിഞ്ഞുമാറുകയാണ്. മമ്മൂട്ടിയും ജോജുവും തമ്മിലെ കോമ്പിനേഷനാണ് ഒന്നാംപകുതിയെ ആസ്വാദ്യമാക്കുന്നത്. പക്ഷേ ഒരു ഘട്ടത്തിൽ അയ്യപ്പനറിയുന്നു, ശേഖരൻകുട്ടി മുംബൈ നഗരത്തെ വിറപ്പിച്ച രാജയെന്ന ഡോൺ ആണെന്ന്. പഴയ ജീവിതത്തോട് വിടപറഞ്ഞത്തെിയ ശേഖരൻകുട്ടി, തന്റെ കുടുംബത്തെ വേട്ടയാടാൻ അവർ എത്തിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കുന്നില്ല. പഴയ രാജയായി അയാൾ മാറുന്നു. ശേഖരൻകുട്ടിയിൽനിന്ന് രാജയിലേക്കുള്ള മാറ്റം തനിക്കുമാത്രം കഴിയുന്ന കൈയടക്കത്തോടെ മമ്മൂട്ടി തകർക്കുന്നുണ്ട്. ആരാധകരുടെ മനസ്സിൽ കുളിരുകോരിയിടാൻ ഇത് ധാരാളം മതി.
പതിവു ബോക്‌സോഫീസ് സിനിമകൾപോലെ താരങ്ങളുടെ മികച്ച പ്രകടനമാണ് 'രാജാധിരാജയുടെയും' ഹൈലൈറ്റ്. ഒന്നാന്തരമായി കോമഡിചെയ്ത ജോജു ജോർജാണ് സിനിമയിലെ മാൻ ഓഫ് ദ മാച്ച്. മമ്മൂട്ടിയേക്കാൾ കൈയടികിട്ടുന്നതും സ്ഥിരം ട്രാക്കിൽനിന്ന് മാറിയഭിനയിച്ച ഈ നടനുതന്നെ. ജോജുവിന്റെ കരിയറിലെ വഴിത്തിരിവാകും സ്വാമി അയ്യപ്പനെന്ന് ഉറപ്പാണ്. പപ്പുവും, ഒടുവിലാനുമൊക്കെ കാലയവനികക്കുള്ളിൽ മറയുകയും ജഗതി അസുഖബാധിതനാവുകയുംചെയ്തതോടെ ക്യാരക്ടർ റോളുകളിൽ തന്മയത്തത്തോടെ അഭിനയിക്കാൻ കഴിയുന്ന താരങ്ങളുടെ വിടവ് നികത്തേണ്ടത് ജോജുവിനെപ്പോലുള്ളവരാണ്. ഇപ്പോൾ എല്ലാ സിനിമകുടെയും പതിവ് സാന്നിധ്യമായ ജോയ് മാത്യു അടക്കം വില്ലന്മാരുടെ അയ്യരുകളിയാണ് സിനിമയിൽ. തമിഴകത്തുനിന്നും ഹിന്ദിയിൽനിന്നും മമ്മൂട്ടിയോട് മുട്ടാൻ വില്ലന്മ്മാരത്തെുന്നു. മമ്മൂട്ടിയുടെ സുഹൃത്തായ സിക്കന്തറിന്റെ വേഷത്തിലത്തെുന്ന 'ശക്തിമാൻ' മുകേഷ് ഖന്നയും തന്റെ റോൾ ഭദ്രമാക്കി. നായിക ലക്ഷ്മി റായിക്ക് കാര്യമായൊന്നും ചെയ്യാനില്ല. 'മംഗ്‌ളഷിലെയും' 'ഗ്യാങ്സ്റ്റലിലെയുമൊക്കെ' പ്രകടനംവച്ചുനോക്കുമ്പോൾ മമ്മൂട്ടി തകർക്കുകതന്നെ ചെയ്യുന്നുണ്ട് ഇതിൽ. പക്ഷേ പ്രായം അദ്ദേഹത്തെ വല്ലാതെ ബാധിച്ചതിന്റെ ലക്ഷണങ്ങൾ സംഘട്ടന രംഗങ്ങളിലൊക്കെ പ്രകടമാണ്. കയ്യും കാലും മാത്രം കൊണ്ടു നടത്തുന്ന, ശരീരം അധികം ഇളക്കാതെയുള്ള ഇത്തരം സംഘട്ടനങ്ങളെ ശബ്ദത്തിന്റെയും സ്‌പെഷ്യൽ ഇഫക്ട്‌സിന്റെയും ഹുങ്കാരവംകൊണ്ട് രക്ഷിക്കാൻ സംവിധായകന് കഴിയുന്നുണ്ട്.
സിബിയും ഉദയും എഴുതുന്ന ചിത്രങ്ങൾ ആരെടുത്താലും ഒരുപോലെയാണ്. അതിനാൽ സംവിധായകന് ഇതിൽ വലിയ റോളൊന്നുമില്ല. എങ്കിലും നവാഗത സംവിധായകനായ അജയ്വാസുദേവൻ തന്റെ പങ്ക് മോശമാക്കിയില്ല. ആദ്യപകുതി, വളിപ്പൻ രണ്ടുപാട്ടുകൾ ഒഴിച്ചുനിർത്തിയാൽ പ്രേക്ഷകനെ ഇമതെറ്റാതെ പിടിച്ചിരുത്തുന്നു. പക്ഷേ രണ്ടാം പകുതിയിൽ ചിത്രം പലപ്പോഴും നാം പാണ്ടിപ്പടങ്ങളെന്ന് അപഹസിക്കുന്ന പതിവ് തറ തമിഴ്ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. പക്ഷേ അപ്പോഴും കഥയുടെ രസച്ചരട് മുറിയാതെ സൂക്ഷിക്കാൻ ഇവർക്കാവുന്നു.പക്ഷേ യുക്തിക്കുനിരക്കാത്ത എത്രയെത്ര രംഗങ്ങളാണ് ഇതിലെന്ന് ഓർക്കണം.
പതിവുചേരുവകൾക്കിടയിൽ ഒരു ആൾമാറാട്ടവും തട്ടിക്കൊണ്ടുപോകലും, കൊലപാതകവും, മാനസാന്തരവും സിബി ഉദയൻ ചിത്രങ്ങളിൽ പതിവാണ്. അവസാനം ഗോഡൗണിൽ ഒന്നിച്ചുള്ള അടിപിടിയും സ്‌ഫോടനവും. ഇതിൽ ഗോഡൗണിനു പകരം ഒരു ഡാൻസ്ബാർ ആയതൊഴിച്ചാൽ ബാക്കിയെല്ലാമുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി, നവദ്വാരങ്ങൾ മൊത്തം കാണിച്ച് കറങ്ങിയശേഷം കാമറ മമ്മൂട്ടിയിലേക്ക് ഫോക്കസ്‌ചെയ്യുന്ന അരോചകമായ തുടക്കത്തിനുപകരം ഡയറക്ടായാണ് മമ്മൂട്ടിയെ അവതരിപ്പിക്കുന്നത് എന്നതാണ് ഇതിലെ പ്രധാനമാറ്റം.
'ഇവനൊക്കെ എവിടുത്തെ കിഡ്‌നാപ്പേഴ്‌സാടാ' യെന്ന് തിലകൻ ഒരു സിനിമയിൽ ചോദിക്കുന്നപോലെയുള്ള അധോലോകമാണ് രാജാധിരാജയിൽ കാണിക്കുന്നത്. മരിയാദക്ക് ടാക്‌സിയോടിച്ച് മുംബൈയിൽ ജീവിക്കുന്ന രാജ ഒരു സുപ്രഭാതത്തിൽ അധോലോക നായകനാവുന്നതും മറ്റൊരു സുപ്രഭാതത്തിൽ മാനസാന്തരപ്പെടുന്നതും കണ്ടാൽ പ്രേക്ഷകർ പൊട്ടന്മ്മാരാണെന്ന് തോന്നും. മമ്മൂട്ടി വില്ലന്മ്മാരെ കൊന്നുതള്ളുന്നതും പടക്കകടക്ക് തീപിടിച്ചതുപോലുള്ള കൈ്‌ളമാക്‌സുമൊക്കെ സഹിച്ച് കൈയടിക്കുന്ന പാവങ്ങളെ സമ്മതിക്കണം.
പാട്ടുകളാണ് ഏറ്റവും അരോചകം. പാട്ടെഴുതിയവനും സംഗീതം സംവിധാനിച്ചവനുമൊക്കെ ഇനി ഈ പണിക്ക് മുതിരാത്തതാണ് നല്ലത്. നടൻ സിദ്ധീഖ് അവതരിപ്പിച്ച തമിഴ്‌നാട് ചീഫ് സെക്രട്ടറി പാടുന്ന ഒരു പാട്ടൊക്കെ കേട്ടാൽ ചിരിച്ചുമണ്ണുകപ്പും. 'എന്റെമോൾ എൻേറതല്ലേ' എന്നൊക്കെ പറഞ്ഞ് കഴുതരാഗത്തിൽ എന്തൊക്കെയോ കാട്ടിക്കുട്ടിയിരക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാൻ. കോടികൾ മുടക്കി ഇതുപോലെ മാസ് ഓഡിയസിനുവേണ്ടി പടമെടുക്കുമ്പോൾ കുറച്ചൊക്കെ നിലവാരമുള്ള പാട്ടുകൾ വേണ്ടേ. അല്‌ളെങ്കിൽ ജനത്തിന് ബാത്ത്‌റൂമിൽപോവാനുള്ള കൊമേർഷ്യൽ ബ്രേക്കാണ് പാട്ടുകളെന്നാണോ ഇവരുടെ ഭാവം.ഷംന കാസിമിന്റെ അസഹനീയമായ ഒരു ഐറ്റം ഡാൻസുമുണ്ട് ഇതിൽ.
പക്ഷേ ആത്യന്തികമായിപ്പറഞ്ഞാൽ മലയാള സിനിമയുടെ പതനം തന്നെയാണ് രാജാധിരാജയിൽ കാണുന്നത്. വന്നുവന്ന് ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്നു എന്ന ഒറ്റക്കാരണംകൊണ്ട് സിനിമ ഹിറ്റാവുന്നു. അതും നവതരംഗമെന്ന് പ്രതീക്ഷയുയർത്തി വന്ന രാജീവ് രവിയുടെ സ്റ്റീവ് ലോപ്പസ് ഒക്കെ തീയേറ്റുകളിൽനിന്ന് കെട്ടുകെട്ടുമ്പോൾ. നല്ല സിനിമാ സാക്ഷരതയുള്ള മലയാളികൾ ഇത്തരം ഫോർമുല ചിത്രങ്ങളെ സ്വീകരിക്കുന്നതിന് പിന്നിലെ മനഃശാസ്ത്രം എന്താണാവോ. എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടെങ്കിലും താരകേന്ദ്രീകൃതമായ ലോകത്തുനിന്ന് മാറിച്ചിന്തിക്കാനുള്ള കരുത്തുകാട്ടി വളർന്നുവരികയായിരുന്നു ന്യൂ ജനറേഷൻ തരംഗത്തിലൂടെ മലയാളസിനിമ. എന്നാൽ രാജാധിരാജപോലുള്ള സിനിമകൾ ആ പഴയ മോശം കാലത്തേക്കുള്ള തിരിച്ചുപോക്കാണ്.
സാഗർ കോട്ടപ്പുറം പറഞ്ഞതുപോലെ ഒരു റബ്ബർതോട്ടത്തെ അടുത്ത കഥയിൽ ഫാക്ടറിയാക്കുന്നതുപോലുള്ള മാറ്റമേ പലപ്പോഴും ഉദയൻസിബിമാരുടെ തിരക്കഥയിൽ കാണാറുള്ളൂ. പക്ഷേ ഉള്ളത് വൃത്തിയായി പറഞ്ഞ് അവർ ഗോളടിക്കും. (ട്വന്റി ട്വന്റി എന്ന ബ്രഹ്മാണ്ഡ സിനിമയിൽ മൾട്ടിസ്റ്റോറിതലത്തിലേക്ക് ഉയർത്തി സിബിയും ഉദയനും കാട്ടിയ കഥാപരീക്ഷണം മാത്രമായിരുന്നു വ്യത്യസ്തം . അന്ന് ന്യൂ ജനറേഷൻ സിനിമകളും ഇന്നത്തെ ഫാഷനായ മൾട്ടിസ്റ്റോറി കഥകളും ഉണ്ടായിരുന്നില്ലല്ലോ. പക്ഷേ അതിലും ലോജിക്കില്ലായ്മയും അസംബന്ധങ്ങളും അനവധിയായിരുന്നെങ്കിലും) പലപ്പോഴും തങ്ങളുടെ ചിത്രങ്ങളിൽ നടീ നടന്മ്മാരെപ്പോലും തീരുമാനിക്കുന്നതുപോലും ഈ ഇരട്ടകളാണെന്ന കാര്യത്തിൽ സംശയമില്ല. എം.ടിക്കുശേഷം ഇത്രയും താരപദവി മലയാളത്തിൽ ഒരു തിരക്കഥാകൃത്തിനും കിട്ടിയിട്ടില്ല. (ലോഹിതദാസിന്റെ കാലത്തുപോലും താരങ്ങളും സംവിധായകരും തന്നെയാണ് വിപണി നിയന്ത്രിച്ചിരുന്നത്. പിന്നീട് രഞ്ജിത്തും രഞ്ജിപണിക്കരുമൊക്കെ വന്നപ്പോഴൊണ് കുറ്റിച്ചൂൽ വിലപോലുമില്ലാത്ത കഥാകൃത്തിന് ഒരു മാന്യതയൊക്കെ വന്നത്.) പക്ഷേ മലയാളത്തിന്റെ ഭാഗ്യതാരങ്ങൾ എന്ന് വീണുകിട്ടിയപേര് അവർ ഒരിക്കലും നല്ല സിനിമയെടുക്കാൻ വിനിയോഗിക്കുന്നില്ല എന്നതാണ് സങ്കടം. ( പക്ഷേ സിബിയും ഉദയനും നിർമ്മാതാക്കളായ ദിലീപിന്റെ 'അവതാരം' പൊട്ടിപ്പൊളിഞ്ഞു. കൂതറ ചിത്രങൾ എടുത്ത വിജയിപ്പിച്ചതിനുള്ള ശാപമാണെന്ന് ചില പ്രേക്ഷകർ ഫേസ്‌ബുക്കിൽ പ്രതികരിക്കുന്നു) പണം വാരിപ്പടങ്ങളല്ലാതെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾ നല്‌ളൊരു പടമെടുത്തു എന്ന് അഭിമാന പൂർവം പറയാൻ കഴിയുന്ന കലയും കച്ചവടവും യോജിക്കുന്ന ഒരു സൃഷ്ടിയുമായി എന്നാണാവോ സിബി ഉദയൻ ടീം എത്തുക. മമ്മൂട്ടിയെന്ന മഹാനടൻ തിരിച്ചുവരുന്നതിന്റെ സന്തോഷത്തിനിടയിലും നല്ല സിനിമ ഇല്ലാതാവുമോ എന്ന ആശങ്ക വിട്ടൊഴിയുന്നില്ല.
വാൽക്കഷ്ണം: എന്റെ കുടുംബംതകരാതിരിക്കാൻ എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ചിന്ത മലയാള സിനിമയിൽ പ്രബലമാവുകയാണോ. മോഹൻലാലിന്റെ സർവകാല ഹിറ്റുചിത്രമായ 'ദൃശ്യത്തിലും' ഇതേ പ്രമേയമായിരുന്നു. മുമ്പൊക്കെ വില്ലനെ തകർത്തുകഴിഞ്ഞാൽ നായകൻ നിയമവ്യവസ്ഥക്ക് കീഴടങ്ങുമായിരുന്നു. ഇപ്പോൾ അയാൾ യാതൊരു കുറ്റബോധവുമില്ലാതെ ജീവിക്കും. കുടംബത്തിനുവേണ്ടി. വസുധൈക കുടുംബകം !