കൊച്ചി: ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി വളരെ ശ്രദ്ധയോടെയാണ് തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈനിറയെ ചിത്രങ്ങൾ കൈയിലുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം പുതുമയുള്ള കഥാപാത്രമാവുമായാണ് എത്തുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വ്യത്യസ്ത കഥാപാത്രമായി എത്തുന്നത്. തനി നാട്ടിൻപുറത്തുകാരനായി മമ്മൂട്ടി എത്തുന്ന ചിത്രമാണിത്. ചിത്രത്തതിന്റെ പേര് സേതു പ്രഖ്യാപിച്ചു.

മമ്മൂട്ടി നാട്ടിൻപുറത്തുകാരനായി എത്തുന്ന ചിത്രത്തിന് കോഴി തങ്കച്ചൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ചാനൽ പരിപാടിക്കിടെ സേതു തന്നെയാണ് ചിത്രത്തിൻ പേര് പ്രഖ്യാപിച്ചത്. തമാശയുടെ പശ്ചാത്തലത്തിൽ ഗൗരവമേറിയ വിഷയം സംസാരിക്കുന്ന ചിത്രമായിരിക്കും കോഴി തങ്കച്ചൻ.

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയിൽ രണ്ട് നായികമാരാണ് ഉള്ളത്. നൈല ഉഷയും വേദികയുമാണ് പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുകയാണ് ഉണ്ണി മുകുന്ദൻ. എന്നാൽ ഇക്കുറി ക്യാമറയ്ക്ക് മുന്നിലല്ല പിന്നിലാണ് ഉണ്ണിയുടെ സ്ഥാനം. ഉണ്ണി ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറാകുകയാണ് കോഴി തങ്കച്ചനിലൂടെ. മല്ലു സിംഗിൽ തുടങ്ങിയ ബന്ധമാണ് ഉണ്ണിയും സേതുവും തമ്മിൽ.