ഒറ്റപ്പാലം: സൈബർ ലോകത്തിന്റെ വിമർശനം ഉയർന്നിട്ടും ജല്ലിക്കട്ടു വിഷയത്തിൽ സ്വന്തം നിലപാടിലുറച്ചു മെഗാതാരം മമ്മൂട്ടി. ആഗോളവൽക്കരണത്തിനെതിരെ നടന്ന സമരമായി ജല്ലിക്കട്ട് സമരത്തെ കാണണമെന്നു നടൻ പറഞ്ഞു.

സമരം നടക്കുമ്പോൾ വീട്ടിലിരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികൾ. സമരം കൊണ്ട് നേടിയതാണ് ഈ കേരളമെന്ന് ഓർക്കണം. വരിക്കാശേരി മനയിൽ 'ഞാറ്റുവേല വാട്‌സ് ആപ് കൂട്ടായ്മ ജനാധിപത്യത്തിന്റെ വർത്തമാനം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കവെയാണു മമ്മൂട്ടിയുടെ പ്രതികരണം.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ, ഒരു നേതാവില്ലാതെ, മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജല്ലിക്കട്ട് പ്രക്ഷോഭം മലയാളികൾക്ക സ്വപ്നം കാണാൻ സാധിക്കാത്തതാണ്. നമ്മുടെ സമരം എന്നാൽ, കെഎസ്ആർടിസി ബസിന് കല്ലെറിയലും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കലുമാണ്. സമരം നടക്കുമ്പോൾ വീട്ടിൽ ഇരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികൾ.

എന്നാൽ തമിഴ്‌നാട്ടിൽ അഞ്ചു ലക്ഷത്തോളം പേർ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം വല്ലാതെ ആകർഷിച്ചു. കേരളത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിനെതിരെ പോലും പലരും എതിർത്തു സംസാരിച്ചത് നമ്മൾ കണ്ടതാണ്. അവർ പിടിക്കുന്ന മത്സ്യം, അവർ മാത്രമല്ല കഴിക്കുന്നതെന്ന് ആരും ഓർത്തില്ല.

കാളയെ ഉപദ്രവിക്കലോ, വെട്ടിപ്പിടിക്കലോ അല്ല ജല്ലിക്കട്ട്. പാശ്ചാത്യ രാജ്യങ്ങളിലേത് പോലെ കുത്തിക്കൊല്ലുന്നുമില്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്. മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണ് ജല്ലിക്കട്ട്. ഇതു തമിഴ്‌നാട്ടുകാരുടെ വികാരമാണെന്നും മമ്മൂട്ടി പറഞ്ഞു. കുത്തക കമ്പനികൾക്കെതിരെയും തമിഴ്‌നാട്ടിൽ സമരം രൂപപ്പെട്ടുവരുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എം ബി രാജേഷ് എം പി, കെ വി അബ്ദുൾഖാദർ എംഎൽഎ, സുനിൽ പി ഇളയിടം, റഫീക്ക് അഹമ്മദ്, വി കെ ശ്രീരാമൻ എന്നിവർ സംസാരിച്ചു.