- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
ആലുവ: സാമൂഹ്യ മാധ്യമങ്ങളിൽ മെഗാ സ്റ്റാർ മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നതും ചിത്രങ്ങൾ വൈറലാകുന്നതും പതിവാണ്. സിനിമാ ലൊക്കേഷനുകളിൽ നിന്നുള്ളതും സ്വകാര്യ ചടങ്ങിൽ നിന്നുള്ളതുമായ ചിത്രങ്ങളാണ് പലപ്പോഴും മമ്മൂട്ടി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അപൂർവ്വശൈലിയിലുള്ളൊരു ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.
കൊരിച്ചൊരിയുന്ന മഴയത്ത് ഒരു കുടുംബത്തെ തന്റെ കുടക്കീഴിൽ ചേർത്തുനിർത്തിയ അദ്ദേഹത്തിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മെഗാ സ്റ്റാറിന് ഒപ്പമുള്ള കുടുംബം ആരെന്ന് തിരയുകയാണ് ആരാധകർ.
ആലുവ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയ വാൽവ് മാറ്റിവക്കൽ ശസ്ത്രക്രിയാ പദ്ധതിയായ 'ഹൃദ്യം' പദ്ധതിയുടെ ഉദ്ഘാടനവും മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പന്ത്രണ്ടാം വാർഷികവും കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്.
നാട്ടിലെത്തുമ്പോൾ കുടുംബവുമൊത്ത് കാണാൻ വരണമെന്ന് മമ്മൂക്ക പറഞ്ഞിട്ടുള്ളതിനാൽ പിറ്റേന്ന് തന്നെ കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ റോബർട്ട് ഭാര്യ ഗീതു, മക്കൾ നോവ, ഇമ്മാനുവേൽ എന്നിവരോടൊപ്പം കളമശ്ശേരി ഫാക്ടിലെ 'റൊഷാക്ക്' സിനിമയുടെ ലൊക്കേഷനിൽ എത്തിയിരുന്നു.
പെട്ടെന്ന് പെയ്ത മഴയിൽ മമ്മൂക്ക തന്റെ വലിയ കുട നിവർത്തി ഇവരെ തന്റെ കുടക്കീഴിൽ ചേർത്തു നിർത്തുകയായിരുന്നു. 'ഡാ, അവരെ നനക്കല്ലേ ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ.. നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്', എന്നു പറഞ്ഞുകൊണ്ടായിരുന്നു മമ്മൂക്ക കുട നിവർത്തിയത്. അതിനിടയിൽ പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനാഥ് ഈ ചിത്രം പകർത്തുകയുമായിരുന്നു.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഇന്റർനാഷണലിന്റെ പ്രസിഡന്റും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിആർഒയും കെയർ ആൻഡ് ഷെയർ ഇന്റർണാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളുമായ റോബർട്ട് കുര്യാക്കോസ് ഏറെ നാളുകൾക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്നും ഈ ചടങ്ങിന്റെ ഭാഗമായി എത്തിയിരുന്നു.
റോബർട്ടിന്, കോവിഡ് തുടങ്ങിയ ശേഷം അന്താരാഷ്ട്ര അതിർത്തി അടച്ചിരുന്നതിനാൽ കുറച്ചുനാളായി നാട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല. കുടുംബസമേതമാണ് റോബർട്ട് ഹൃദ്യം ചടങ്ങിനായി എത്തിയിരുന്നത്. പരിപാടി കഴിഞ്ഞപ്പോൾ കുടുംബത്തെ കുറിച്ച് മമ്മൂട്ടി റോബർട്ടിനോട് ചോദിച്ചെങ്കിലും പക്ഷേ ചടങ്ങിനിടയിലെ തിരക്കിനിടയിൽ അദ്ദേഹത്തിനടുത്തെത്താൻ കഴിഞ്ഞില്ല
കുറച്ചുനാൾ മുമ്പ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പത്താം വാർഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിൽ കാണികളുടെ ഇടയിൽ നിന്നും ഒരു കുട്ടി മമ്മൂക്കാ... എന്ന് നീട്ടി വിളിച്ചത് വാർത്താ പ്രധാന്യം നേടിയിരുന്നതാണ്.
വേദിയിൽ നിന്നും പോകുമ്പോൾ മമ്മൂക്ക ആ കുഞ്ഞിന് അടുക്കൽ ചെന്ന് കുഞ്ഞിനെ ലാളിക്കുന്ന ചിത്രവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നതാണ്. റോബർട്ട് കുര്യാക്കോസിന്റെ മകൻ നോവയായിരുന്നു അന്ന് മമ്മൂക്കാ...എന്ന് നീട്ടി വിളിച്ച കുട്ടി. മുമ്പും ഓസ്‌ട്രേലിയയിൽ നിന്നും നാട്ടിലെത്തുമ്പോൾ റോബർട്ടും കുടുംബവും മമ്മൂക്കയെ നേരിൽ കാണാനെത്തിയിട്ടുണ്ട്.