സമാന്തരധാര, റിയലിസ്റ്റിക്ക് സിനിമ ഏന്നൊക്കെ കേൾക്കുമ്പോൾതന്നെ സാധാരണ പ്രേക്ഷകൻ ഞെട്ടിവിറച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. മന്ദിച്ച നരച്ച ഷോട്ടുകളും, പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന ‘കോഴിവസന്ത ബാധിച്ചപോലത്തെ മനുഷ്യരും', ആരോടും മിണ്ടാതെ ‘അസ്തിത്വപരമായ അന്താളിപ്പും' ഉള്ളിലൊതുക്കി നടക്കുന്ന യുവാക്കളുമൊക്കെയായി ആർക്കും ഒന്നും പിടികിട്ടാത്ത കുറെ സിനിമകൾ. (പണ്ട് ഗോവൻ ഫിലിംഫെസ്റ്റിവലിൽ ഒരു സിനിമയുടെ സീഡി തലതിരിഞ്ഞ് പ്ളേ ചെയ്തുപോയിട്ടും ‘ബുജികൾ' കൈയടിച്ചിരുന്നു!) പക്ഷേ ഇതൊക്കെ കണ്ടാലും, എന്തൊരു ബോറാണിത്, ഈ രീതിയിലാണോ കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നതെന്നും സംസാരിക്കുന്നതെന്നും ആരും പറയില്ല. കാരണം അത്തരം സിനിമകൾ മനസ്സിലായില്ലെങ്കിൽ നിങ്ങൾ ബുദ്ധിജീവിയല്ലാതാവും.

(‘ബൗദ്ധിക വ്യായാമം' എന്നാണ് ഇത്തരം സിനിമാകാണലിന് പറയുക! എന്നാൽ ലോകത്തിലെ മികച്ച സിനിമകൾ മുഴുവനും സാധാരണപ്രേക്ഷകനുമായി സംവദിക്കുന്നതാണ്. കേരളത്തിലെ അവാർഡ് സിനിമകളുടെ ഈ സ്റ്റീരിയോ ടൈപ്പ് ഏങ്ങനെ ഉണ്ടായാവോ?)

അങ്ങനെ കേരളത്തിൽ റിലീസ് ചെയ്തില്ലെങ്കിലും പ്രശ്നമില്ലെന്ന രീതിയിൽ വിദേശ വിപണി ലക്ഷ്യമിട്ടുവരുന്ന ഒരു സിനിമകണ്ട് അല്പം ബൗദ്ധിക വ്യായാമം ആയിക്കളയാമെന്ന മുൻവിധിയോടെയാണ് ( വേണുവിന്റെ ഭാര്യയും പ്രശസ്ത എഡിറ്ററുമായ ബീനാപോളൊക്കെ വിദേശ വിപണിയെക്കുറിച്ച് നന്നായി അറിയാവുന്നവരാണെന്നതും ഈ സംശയത്തിന് ആക്കം കൂട്ടി) അനുഗൃഹീത ഛായാഗ്രാഹകനും, ‘ദയ' എന്ന ഒറ്റചിത്രംകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കൈയൊപ്പ് ചാർത്തുകയുംചെയ്ത വേണുവിന്റെ മമ്മൂട്ടി ചിത്രമായ ‘മുന്നറിയിപ്പിന്' കയറിയത്. പക്ഷേ ആദ്യ ഷോട്ടുകൊണ്ടുതന്നെ സംവിധായകൻ നമ്മെ കാഴ്ചയുടെ കാന്തികവലയത്തിനകത്തേക്ക് വലിച്ചിടുകയാണ്. ഒരു സെക്കൻഡ് മനസുമാറാൻ സമയമില്ലാതെ ഒരു സെമി ത്രില്ലർ സിനിമയുടെ ചടുലതയിൽ അത് പ്രേക്ഷകനെ കൊണ്ടുപോവുകയാണ്. (‘ഗ്യാങ്ങ്സ്റ്ററും' ‘മംഗ്ളീഷും' ‘മിസ്റ്റർ ഫ്രോഡു'മൊക്ക കാണുമ്പോൾ ജനം തീയേറ്റിൽ വാട്സ്ആപ്പിൽ കളിച്ച് നേരംപോക്കുന്നത് കാണാമായിരുന്നു!)

ക്ലൈമാക്സ് ശരിക്കും അമ്പരപ്പിച്ചു. മികച്ച കഥയും തിരക്കഥയും, ലോക നിലാരത്തിലുള്ള ഫ്രെയിമുകൾ, കഥാപാത്രങ്ങളായി ജീവിക്കുന്ന നടന്മാർ - മൊത്തത്തിൽ തിരുവന്തപുരം ഫിലിംഫെസ്റ്റിവലിൽ നിന്ന് ഒരു മികച്ച വിദേശ ചിത്രം കണ്ടതുപോലുള്ള അനുഭവം. വേണുവിനെയും മമ്മൂട്ടിയെയും അപർണ ഗോപിനാഥിനെയുമൊക്കെ ഹൃദയത്തിൽ തട്ടി അഭിനന്ദിക്കാതെവയ്യ. താരജാടയിലും സാറ്റലൈറ്റ് കളികളിലും പ്രതീക്ഷയർപ്പിച്ച് തനി പൈങ്കിളി പടപ്പുകളുണ്ടാക്കുന്നവരും, സമാന്തരധാരയെന്നപേരിൽ ആർക്കും മനസ്സിലാവാത്ത ‘ഗരുഡൻ'സിനിമകൾ എടുക്കുന്നവരും ഈ സിനിമ കണ്ടുപഠിക്കണം. ഇതിൽ കലയുണ്ട്, കച്ചവടവുമുണ്ട്.

ആർത്തിയും, മൽസരവും, അതിജീവനത്തിനെന്നപേരിലുള്ള അനാവശ്യ കിടമൽസരവുമൊക്കെ മനുഷ്യനെ എങ്ങനെ മാറ്റിമറിക്കാം എന്നതിന്റെ ശക്തമായ മുന്നറിയിപ്പാണ് ഈ സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 20വർഷമായി ജയിലിൽ കഴിയുന്ന രാഘവനിലൂടെയാണ് (മമ്മൂട്ടി) സിനിമ സഞ്ചരിക്കുന്നത്. ഇത്രയും വർഷത്തിനിടെ അയാൾ ഒരിക്കൽപോലും പരോളിന് ശ്രമിച്ചിട്ടില്ല. ആരും അയാളെ കാണാനും വന്നിട്ടില്ല. പുറത്തുപോയാൽ തങ്ങാനൊരിടമില്ലെന്ന് മാത്രമല്ല, പുറംലോകത്തെക്കാൾ അയാൾക്കിഷ്ടം ജയിൽ തന്നെയാണ്. കാരാഗൃഹത്തിൽ സന്തോഷത്തോടെയാണ് താൻ കഴിയുന്നതെന്ന് അയാൾ പറയുന്നുണ്ട്.

ജയിൽ സൂപ്രണ്ടിന്റെ (നെടുമുടി വേണു) ആത്മകഥയെഴുതാനെത്തിയ അഞ്ജലിയെന്ന ഫ്രീലാൻസ് ജേർണലിസ്റ്റിന്റെ (അപർണ ഗോപിനാഥ്) ശ്രദ്ധയിൽപെടുന്നതോടെയാണ് രാഘവന്റെ ജീവിതം മാറിമറിയുന്നത്. തലതിരിച്ചിട്ട ‘ഹൈക്കു'പോലെയുള്ള രാഘവന്റെ സംഭാഷണത്തിൽ എവിടെയോ ഒരു ജീനിയസിന്റെ സ്പർശം അവൾ അറിയുന്നു. അയാൾ ഡയറിയിൽ കുത്തിക്കുറിച്ചിട്ട ചില വരികൾ വായിച്ചതോടെ ആ വിസ്മയം ഇരട്ടിക്കുന്നു. ഇതോടെ സൂപ്രണ്ടിന്റെ ആത്മകഥയെഴുതുക എന്ന പണി നിർത്തി തനിക്ക് നേട്ടമുണ്ടാക്കുന്ന ഒരു ഒന്നാന്തരം ജേർണലിസ്റ്റിക്ക് ഇരയായി അഞ്ജലി അയാളെ മനസ്സിലാക്കുന്നു. രാഘവന്റെ എഴുത്ത് അവൾ തർജ്ജമചെയ്ത് വാർത്തയും ഫോട്ടോയുമടക്കം ഒരു പ്രമുഖ ഇംഗ്ളീഷ് മാഗസിനിൽ പ്രസിദ്ധീകരിച്ചതോടെ അയാൾ പ്രശസ്തനാവുന്നു. അതോടെ ഈഗോ കയറിയ ജയിൽ സൂപ്രണ്ട് തറവാടുപോലെ അയാൾ കരുതിയിരുന്നു ജയിലിൽനിന്ന് പറഞ്ഞുവിടുന്നു.

പുറത്ത് രാഘവനെ കാത്തുനിന്ന അഞ്ജലിക്ക് ലക്ഷ്യങ്ങൾ ഏറെയുണ്ട്. അപ്പോഴെക്കും അവൾ ഒരു കോർപ്പറേറ്റ് പ്രസാധകരുമായി രാഘവന്റെ ആത്മകഥാപരമായ രചനയ്ക്ക് കരാർ ഒപ്പിട്ടു കഴിഞ്ഞിരുന്നു. താൻ ആരെയും കൊന്നിട്ടില്ല എന്നാണ് രാഘവൻ ഇടയ്ക്കിടെ പറയുന്നത്. എങ്കിൽ സംഭവിച്ചതെന്താണ്? ആരാണ് യഥാർഥ കൊലയാളി? ഒരു നിരപരാധിയെ രണ്ടു ദശാബ്ദം തടവറയിലിട്ടതിന് നമ്മുടെ പൊലീസും കോടതിയും ഉത്തരം പറയട്ടെ - ഇതാണ് അഞ്ജലിയുടെ നിലപാട്.

കരിയറിൽ ഒരുപാട് പ്രതിസന്ധികൾ അനുഭവിക്കുന്ന കുട്ടിയാണ് അവൾ. ജീവചരിത്രങ്ങളും അത്മകഥകളും മറ്റുള്ളവരുടെപേരിൽ എഴുതുകയെന്നല്ലാതെ സ്വന്തമായൊരിടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ഒന്നാന്തരം സ്പെസിമാനായി മാറുകയാണ് താനെന്ന് ‘പാവം' രാഘവൻ അറിയുന്നില്ല.

മറ്റ് മാദ്ധ്യമപ്രവർത്തകർ ‘തട്ടിയെടുക്കാതിരിക്കാനായി' അഞ്ജലി അയാളെ അധികമാരും എത്താത്ത ഒരിടത്ത് മുറിയെടുത്ത് പാർപ്പിക്കയാണ്. ഭക്ഷണം സമയാസമയം എത്തും. പകരം രാഘവൻ അയാളുടെ ജീവിതമെഴുതണം. ആദ്യം സുഹൃത്തും പിന്നീട് മുതലാളിയുമായി അവൾ രാഘവനുമേൽ ആധിപത്യം സ്ഥാപിക്കുന്നു. അയാൾ മറ്റാരെയും കാണരുത്, സംസാരിക്കരുത്, എങ്ങുംപോവരുത്. എഴുതുക മാത്രം. രാഘവനെ സംബന്ധിച്ച് ജയിലും ഈ മുറിയും തമ്മിൽ എന്തുമാറ്റം? ക്രമേണെ അവളുടെ സാന്നിധ്യംപോലും അയാളെ ഭയപ്പെടുത്തുന്നു. ഒരു കസ്റ്റമറും സെയിൽസ്‌മാനും എന്ന മോഡലിൽ തുടങ്ങിയ അവരുടെ ബന്ധം അവസാനം അടിമ- ഉടമ തലത്തിലേക്കെത്തുന്നത് എത്ര കൈയടക്കത്തോടെയാണ് വേണു അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം.

ഈ സിനിമയുയർത്തുന്ന ചോദ്യങ്ങളോടും ആശയത്തോടും നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം, തർക്കിക്കാം. ആഗോളീകരണക്കാലത്ത് അധിനിവേശംവരുന്ന രീതിയായി, അടിമത്ത നിരോധക്കാലത്ത് ഇനി ഞങ്ങൾ എങ്ങോട്ടുപോകുമെന്ന് യജമാനന്മാരോട് ചോദിച്ചവരുടെ പുതിയ പകർപ്പായി, അതുമല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി ‘തടസ്സങ്ങൾ' നീക്കുന്ന മനോവൈകല്യമായി, അങ്ങനെ നിങ്ങളുടെ ഭാവനയിൽ ചിത്രത്തെ പൂർത്തീകരിക്കൂവെന്ന് ധൈര്യപൂർവം സംവിധായകൻ പറയാതെ പറയുന്നു. പക്ഷേ സ്വാതന്ത്ര്യം, അധികാരം, നിലനില്പ് തുടങ്ങിയ പ്രശ്നങ്ങൾ ഗൗരവപൂർവം ചർച്ചചെയ്യുന്ന സിനിമകൾ മലയാളത്തിൽ ഏറെയൊന്നുമില്ല. (മമ്മൂട്ടി ലീഡ് റോളിൽ അഭിനയിച്ച അടൂരിന്റെ ‘വിധേയനെ'ക്കുറിച്ച് ജർമ്മനയിൽവന്ന ഒരു റിവ്യൂവിൽ പറയുന്നത് ഹിറ്റ്‌ലറെ മനസ്സിലാക്കിയ ഒരു ജനതയ്ക്കേ ഈ സിനിമ പൂർണമായും ഉൾക്കൊള്ളാനാവൂ എന്നതായിരുന്നു)

കഴിഞ്ഞ കുറച്ചുകാലമായി അറുബോറൻ ചിത്രങ്ങളിലഭിനയിച്ച് പ്രേക്ഷകരെ പരിഹസിച്ചതിന് മമ്മൂട്ടി ചെയ്ത ഒന്നാന്തരം പ്രായശ്ചിത്തമാണ് ഈ സിനിമ. ഇതിലെ രാഘവനായി മമ്മൂട്ടി അഭിനയിക്കയല്ല, ജീവിക്കയാണ്. (മുമ്പിറങ്ങിയ ‘കുഞ്ഞനന്തന്റെ കടയൊക്കെ' ഓർത്തുനോക്കൂ. പലചരക്കു കടക്കാരനായല്ല, ഒരു ജൂവലറി മുതലാളിയുടെ രൂപവും ഭാവവുമായിരുന്നു മമ്മൂട്ടിക്ക്) ‘കാഴ്ചയിലും' ‘വാൽസല്യത്തിലു‘മൊക്കെയെന്നപോലെ നമ്മുടെ ഇടയിലുള്ള, നമുക്കുതൊട്ടറിയാവുന്ന ഒരാളായുള്ള മമ്മൂട്ടിക്ക് മാത്രം കഴിയുന്ന വേഷപ്പകർച്ച. ക്ലൈമാക്സിൽ അപർണഗോപിനാഥിനെ നോക്കിയുള്ള ഒരൊറ്റച്ചിരി മതി, ഈ അനുഗ്രഹീത നടന്റെ ലോകനിലവാരം വെളിപ്പെടുത്താൻ. ‘മംഗ്ളീഷും' ‘ബാല്യകാലസഖിയും' പോലുള്ള വളിപ്പുകൾക്ക് തലവച്ചുകൊടുക്കാതെ, ഇത്തരം വത്യസ്തമായ സിനിമകൾക്കും സംരംഭങ്ങൾക്കും പിന്തുണയേകി, നല്ല സിനിമയുടെ തലതൊട്ടപ്പനായി വർഷത്തിൽ ഒന്നോരണ്ടോ സിനിമകൾചെയ്ത് മാറി നിൽക്കയാണ്, മൂന്നു പതിറ്റാണ്ടിന്റെ അഭിനയംകൊണ്ട് മലയാളികളുടെ സ്വകാര്യഅഹങ്കാരമായി മാറിയ ഈ നടൻ ചെയ്യേണ്ടതെന്ന് തോന്നുന്നു.

അപർണഗോപിനാഥ് എന്ന യുവ നടിയാണ് മുന്നറിയിപ്പിലെ ‘മാൻ ഓഫ് ദി മാച്ച്'. ‘22 ഫീമെയിൽ കോട്ടയത്തിൽ' റിമ കല്ലിങ്കലിന് കിട്ടിയതുപോലുള്ള ശക്തയായ വേഷം, മുമ്പ് എ.ബി.സി.ഡി.യിൽ ദുൽഖർ സൽമാനൊപ്പമെന്നതുപോലെ ഈ ബോയ്‌കട്ടുകാരി ഉജ്ജ്വലമാക്കി. നെടുമുടിവേണു, ജോയ് മാത്യു, രഞ്ജി പണിക്കർ തുടങ്ങി സാധാരണ ടൈപ്പ് ഹാസ്യംകൊണ്ട് വെറുപ്പിക്കാറുള്ള കൊച്ചുപ്രേമൻവരെ വേണുവിന്റെ കൈയിൽ കിട്ടിയപ്പോൾ തിളങ്ങി.

മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തുക്കളിൽ ഒരാളായ ആർ. ഉണ്ണിയെ തിരക്കഥയേല്പിച്ചതിന്റെ മികവ് നന്നായി കാണാനുണ്ട്. (സാധാരണ യുവ കഥാകൃത്തുക്കൾ തിരക്കഥയിൽവന്നാൽ അത് മോശമാവുന്നു എന്നതായിരുന്നു മുൻകാല അനുഭവം) സംഭാഷണങ്ങളിലൊക്കെയുണ്ട് കൊതിപ്പിക്കുന്ന ഒരു മാജിക്ക്. കണ്ണാടിയിൽനിന്ന് എന്നെനോക്കുന്ന പ്രതിബിംബം ഞാൻ മാറിയാലും അവിടെയുണ്ടാവുമോ, ഒരു സ്വിച്ചിട്ടാൽ വെളിച്ചമുണ്ടാവുന്നതുപോലെ ഇരുട്ടുണ്ടാക്കാനുള്ള യന്ത്രമുണ്ടോ, ആട്ടിൻപാലിൽനിന്ന് മോരുണ്ടാക്കാൻ കഴിയുമോ അല്ല, പാവങ്ങളുടെ പശുവല്ലേ ആട് തുടങ്ങി തത്വചിന്ത നാട്ടുഭാഷയിൽ ചാലിച്ച് പുഴപോലെ ഒഴുക്കിവിടുകയാണ് ഉണ്ണി. ചെഗുവേരയുടെ ടീ ഷർട്ടിട്ടുവന്ന കൊച്ചുപയ്യനോട് ഇതാരാണെന്ന് രാഘവൻ ചോദിക്കുമ്പോൾ ‘അറിയില്ലേ വലിയ ഡി.വൈ.എഫ്.ഐ നേതാവാണെന്ന' കുട്ടിയടെ മറുപടിയിൽ ജനം ഏറെക്കാലത്തിനുശേഷം മനസ്സിളകി ചിരിക്കുന്നത് കാണാനായി. ‘മോഹൻലാലങ്ങനെ കപ്പലിൽ വരുവാണേ' എന്ന് പറഞ്ഞ് ആ ചെക്കൻ രാഘവനോട് കഥപറയുന്നതിനൊക്കെ എന്തൊരു കൊതിപ്പിക്കുന്ന ചന്തം.

അണിയറിയിലും അരങ്ങിലും പ്രവർത്തിച്ചവരിൽ മാദ്ധ്യമ പ്രവർത്തകർ ഏറെയുള്ളതിനാലാവണം ക്രിയാത്മകമായ മാദ്ധ്യമ വിമർശനവും സിനിമയിലുണ്ട്. ന്യൂസ് അവറുകളിൽ രാത്രി മലയാളിയെ രാഷ്ട്രീയം പഠിപ്പിക്കുന്ന ഒരു ജേർണലിസ്റ്റ് ‘കുന്നിക്കൽ നാരായണൻ എന്നത് ഒരു ആനയുടെ പേരല്ലേ' എന്ന് സന്ദേഹിക്കുന്നുണ്ട്. മറ്റുള്ളവർക്കുവേണ്ടി ആത്മകഥയെഴുതിക്കൊടുക്കുന്ന അഞ്ജലിയുടെ രീതിയെ വിമർശിക്കുന്ന ഒരു പത്രപ്രവർത്തകനോട് ‘പിന്നെ, നിന്റെ പത്രാധിപരുടെ ആത്മകഥ ആരാടാ എഴുതിയത്' എന്ന ചോദ്യം, ജഗതി ഒരു സിനിമയിൽ പറഞ്ഞപോലെ ‘എന്നെമാത്രം ഉദ്ദേശിച്ചാണെന്ന്' ആർക്കുമറിയാം. (മുമ്പ് ‘പത്രം' എന്ന രഞ്ജി പണിക്കരുടെ സിനിമയിൽ കുറച്ചുകടുത്ത മാദ്ധ്യമ വിമർശനം വന്നപ്പോൾ ആ ചിത്രത്തിന്റെ പരസ്യംപോലും പ്രമുഖ പത്രങ്ങൾ എടുത്തില്ല. പക്ഷേ ജനം തീയേറ്ററിലേക്കൊഴുകി,‘പത്രത്തെ' അവർ സൂപ്പർഹിറ്റാക്കി.) ബിജിപാലിന്റെ സംഗീതമാണ് ‘മുന്നറിയിപ്പിനെ' ഫിലംഫെസ്റ്റിവൽ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സിനിമയുടെ പൊതുഘടനയ്ക്ക് ചേരുന്ന രീതിയിലാണ് അത് ഒരുക്കിയതും. വേണുതന്നെ ചെയ്ത കാമറയും നമ്മെ വശീകരിക്കുന്നു.

ഈ സിനിമക്ക് ആവശ്യമായ മൂലധനം നൽകിയതും, സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നല്ല സിനിമയെ പ്രോൽസാഹിപ്പിക്കുന്നവരുടെ കൂട്ടായ്മയാണ്. ഇത്തരം സംരംഭങ്ങളിലൂടെമാത്രമേ, വർഷങ്ങളായി വേരുപിടിച്ചുപോയ കെട്ടുകാഴ്ചയുടെ ദുശ്ശീലങ്ങളിൽനിന്ന് മലയാളി പ്രേക്ഷകരെ മോചിപ്പിക്കാനാവൂ. ആർക്കും ചെയ്യാവുന്ന രണ്ടു സീനുകളുള്ള വേഷം ഈ സിനിമയിൽ യുവ നടൻ പൃഥ്വിരാജ് അഭിനയിച്ചതും, തന്റെ സാന്നിധ്യംകൊണ്ട് ഈ സിനിമക്ക് പ്രമോഷൻ ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെയായിരിക്കണം.

വാൽക്കഷ്ണം: സാധാരണ ആദ്യ ദിവസങ്ങളിൽ മമ്മൂട്ടിക്കായി ആർത്തുവിളിക്കുന്ന ഫാൻസുകാരെ ഈ സിനിമക്ക് കാണുന്നില്ല. ഈ ലേഖകന് തോന്നിയതുപോലുള്ള മുൻവിധി അവർക്കും പിടികൂടിയെന്ന് തോന്നുന്നു. മമ്മൂട്ടി അടുത്തകാലത്തുകണ്ട ഏറ്റവും നല്ല പ്രകടനം കാണാൻ വരുംദിനങ്ങളിൽ ഫാൻസുകാരും മുൻകൈയെടുക്കേണ്ടിയിരിക്കുന്നു. നല്ല ചിത്രങ്ങളോട് യാതൊരു താല്പര്യമില്ലാത്ത, താരപ്പടങ്ങൾക്ക് പാലഭിഷേകം നടത്താനും കൈയടിക്കാനും മാത്രമുള്ള സേനയല്ല തങ്ങളെന്ന് അവർക്ക് ഇതിലൂടെ തെളിയിക്കാനുമാവും.