വിഷുവിന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രം റിലീസിന് ഏറെ മുമ്പേ തന്നെ സൈബർ ലോകത്തെ ആരാധകർ ഏറ്റെടുത്തു. പക്ഷേ, സിനിമയുടെ പ്രൊമോഷനു പകരം പോസ്റ്ററിലെ മമ്മൂട്ടിയെ കളിയാക്കിയാണ് സൈബർ ലോകം ആഘോഷം നടത്തുന്നതെന്നു മാത്രം.

ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിന്റെ പോസ്റ്ററാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളും മറ്റും ഒരു ദിവസം കൊണ്ട് വൈറലാക്കി മാറ്റിയത്. മമ്മൂട്ടി ചാടുന്ന ചിത്രത്തിന് ഫോട്ടോഷോപ്പിന്റെ സഹായത്തോടെ പല പതിപ്പുകളുമെത്തി. ചന്ദ്രനിലെത്തിയ മമ്മൂട്ടി, പഴശ്ശിരാജയുടെ പോസ്റ്ററിൽ കുതിരപ്പുറമേറിയ മമ്മൂട്ടി, കുട്ടൂസന്റെയും ഡാകിനിയുടെയും കുന്തയാത്രയ്ക്ക് കുറുകെയെത്തുന്ന മമ്മൂട്ടി ഇങ്ങനെ പോകുന്നു സൈബർ ലോകത്തിന്റെ കരവിരുത്.

സിനിമയുമായി ബന്ധപ്പെട്ട വിവിധ ഗ്രൂപ്പുകളിലെല്ലാം ഈ പോസ്റ്റർ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് പോസ്റ്ററുകൾ ഷെയർ ചെയ്ത് മമ്മൂട്ടിച്ചിത്രത്തിന് 'പ്രചാരം' കൊടുത്തിരിക്കുന്നത്.

കാര്യമായ ഹിറ്റുകളൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്ന മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ഭാസ്‌കർ ദ റാസ്‌കൽ. സിദ്ദിഖ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ നയൻതാരയാണ് നായിക. ഏപ്രിൽ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഫാമിലി എന്റർടെയ്‌നറാണ് ഭാസ്‌കർ ദ റാസ്‌കൽ. ആന്റോ ജോസഫാണ് നിർമ്മാണം.